Shreyas Iyer: ആന്തരിക രക്തസ്രാവം, ശ്രേയസ് അയ്യര്‍ ഐസിയുവില്‍
Shreyas Iyer in ICU: ശ്രേയസ് അയ്യര്‍ ഐസിയുവില്‍. സിഡ്‌നി ഏകദിനത്തിനിടെ പരിക്കേറ്റ താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആന്തരിക രക്തസ്രാവമുണ്ടെന്നാണ് റിപ്പോര്‍ട്ട്

ശ്രേയസ് അയ്യര്‍
സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിനിടെ പരിക്കേറ്റ ഇന്ത്യന്‍ ടീം വൈസ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. താരം സിഡ്‌നിയിലെ ആശുപത്രിയില്‍ ഐസിയുവിലാണെന്നാണ് റിപ്പോര്‍ട്ട്. ആന്തരിക രക്തസ്രാവമുണ്ടെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വാരിയെല്ലിനാണ് താരത്തിന് പരിക്കേറ്റത്. ആശുപത്രിയില്‍ എത്തിക്കാന്‍ താമസിച്ചിരുന്നെങ്കില്‍ നില ഗുരുതരമാകുമായിരുന്നുവെന്നും റിപ്പോര്‍ട്ട്. താരത്തിന്റെ ആരോഗ്യസ്ഥിതിയെ സംബന്ധിച്ചുള്ള അപ്‌ഡേറ്റുകള്‍ പുറത്തുവരുന്നതേയുള്ളൂ.
ഫീല്‍ഡിങിനിടെയാണ് താരത്തിന് പരിക്കേറ്റത്. പരിക്കേറ്റതിനെ തുടര്‍ന്ന് ഡ്രസിങ് റൂമിലേക്ക് മടങ്ങിയ താരത്തെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ രണ്ട് ദിവസമായി ശ്രേയസ് ഐസിയുവിൽ ആയിരുന്നുവെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ പിടിഐയോട് വെളിപ്പെടുത്തി.
ആന്തരിക രക്തസ്രാവം കണ്ടെത്തിയെന്നും, ഏഴ് ദിവസം വരെ ശ്രേയസ് നിരീക്ഷണത്തില്‍ കഴിയേണ്ടി വരുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഡ്രസിങ് റൂമില്‍ വച്ച് താരത്തിന് അസ്വസ്ഥ അനുഭവപ്പെട്ടതുകൊണ്ട് ഉടന്‍ തന്നെ ബിസിസിഐ മെഡിക്കല്‍ ടീം ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. താരത്തിന്റെ ആരോഗ്യസ്ഥിതി ഇപ്പോള്‍ കുഴപ്പമില്ലെന്നാണ് സൂചന.
താരത്തിന് മൂന്നാഴ്ച വിശ്രമം വേണ്ടിവരുമെന്നായിരുന്നു പ്രാരംഭ റിപ്പോര്‍ട്ട്. എന്നാല്‍ ആന്തരിക രക്തസ്രാവമുള്ളതിനാല്‍ താരം ക്രിക്കറ്റിലേക്ക് തിരിച്ചെത്താന്‍ കുറച്ചുവൈകുമെന്നാണ് പുതിയ വിവരം. ശ്രേയസ് അയ്യര്‍ ഒരാഴ്ചയോളം സിഡ്‌നിയിലെ ആശുപത്രിയില്‍ തുടര്‍ന്നേക്കും.
ശ്രേയസിന്റെ ഇടതു വാരിയെല്ലിനാണ് പരിക്ക്. ഇന്ത്യന്‍ ടീമിന്റെ മെഡിക്കല്‍ സംഘം സിഡ്‌നിയില്‍ ശ്രേയസിനൊപ്പമുണ്ടാകും. ഓസീസ് ബാറ്റര്‍ അലക്‌സ് കാരിയുടെ ക്യാച്ചെടുക്കാനുള്ള ശ്രമമാണ് താരത്തിന്റെ പരിക്കില്‍ കലാശിച്ചത്. അടുത്ത 48 മണിക്കൂറില്‍ രക്തസ്രാവം കുറഞ്ഞില്ലെങ്കില്‍ താരം സിഡ്‌നിയിലെ ആശുപത്രിയില്‍ കൂടുതല്‍ ദിവസം തുടര്‍ന്നേക്കും. ബിസിസിഐ സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണ്. ശ്രേയസിന്റെ മെഡിക്കല്‍ അപ്‌ഡേറ്റ് അദ്ദേഹത്തിന്റെ കുടുംബത്തെ ബിസിസിഐ അറിയിക്കുന്നുണ്ട്.
ബിസിസിഐ അപ്‌ഡേറ്റ്
Medical update on Shreyas Iyer. Details 🔽 #TeamIndia | #AUSvIND https://t.co/8LTbv7G1xy
— BCCI (@BCCI) October 27, 2025