AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

India vs England: ആ അവസരങ്ങള്‍ എടുക്കണമായിരുന്നു, രവീന്ദ്ര ജഡേജയെ ‘തല്ലിയും തലോടിയും’ ഗവാസ്‌കര്‍

Sunil Gavaskar about Ravindra Jadeja: 22 റണ്‍സിനാണ് ഇന്ത്യ ലോര്‍ഡ്‌സില്‍ തോറ്റത്. ആദ്യ ഇന്നിങ്‌സില്‍ ഇരുടീമുകളും 387 റണ്‍സ് വീതം നേടിയിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് 192 റണ്‍സിന് പുറത്തായി. അനായാസ ജയം ഉറപ്പിച്ച് മറുപടി ബാറ്റിങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് 170 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ

India vs England: ആ അവസരങ്ങള്‍ എടുക്കണമായിരുന്നു, രവീന്ദ്ര ജഡേജയെ ‘തല്ലിയും തലോടിയും’ ഗവാസ്‌കര്‍
സുനിൽ ഗവാസ്കർImage Credit source: PTI
jayadevan-am
Jayadevan AM | Published: 15 Jul 2025 14:10 PM

ലോര്‍ഡ്‌സ് ടെസ്റ്റില്‍ അവസാന നിമിഷം വിജയം കൈവിട്ടതിന്റെ ഞെട്ടലിലാണ് ഇന്ത്യന്‍ ടീം. രവീന്ദ്ര ജഡേജ ഒഴികെയുള്ള ബാറ്റര്‍മാര്‍ നിറം മങ്ങിയതാണ് കാരണം. ടോപ് ഓര്‍ഡറില്‍ ഒന്നോ രണ്ടോ മികച്ച കൂട്ടുക്കെട്ടുകള്‍ പടുത്തുയര്‍ത്താന്‍ സാധിച്ചിരുന്നെങ്കില്‍ ഇന്ത്യയ്ക്ക് അനായാസം വിജയം സ്വന്തമാക്കാമായിരുന്നു. ഇപ്പോഴിതാ, ഇന്ത്യന്‍ ടീമിന്റെ പ്രകടനത്തില്‍ നിരാശ പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ താരവും കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍. 60-70 റണ്‍സിന്റെ കൂട്ടുക്കെട്ട് ഉണ്ടാക്കാനായിരുന്നെങ്കില്‍ മാറ്റമുണ്ടാകുമായിരുന്നെന്നും, എന്നാല്‍ ഇന്ത്യയ്ക്ക് അത് സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

രവീന്ദ്ര ജഡേജയ്ക്ക് ആ അവസരം ഉപയോഗിക്കാമായിരുന്നു. എങ്കിലും ജഡേജയ്ക്ക് താന്‍ മുഴുവന്‍ മാര്‍ക്കും നല്‍കുമെന്നും സുനിൽ ഗവാസ്‌കർ സോണി സ്‌പോർട്‌സിൽ പറഞ്ഞു. 22 റണ്‍സിനാണ് ഇന്ത്യ ലോര്‍ഡ്‌സില്‍ തോറ്റത്. ആദ്യ ഇന്നിങ്‌സില്‍ ഇരുടീമുകളും 387 റണ്‍സ് വീതം നേടിയിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് 192 റണ്‍സിന് പുറത്തായി. അനായാസ ജയം ഉറപ്പിച്ച് മറുപടി ബാറ്റിങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് 170 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.

Read Also: India vs England : ട്വിസ്റ്റോട് ട്വിസ്റ്റ്! അവസാനം ലോർഡ്സിൽ ഇന്ത്യ വീണു

ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാര്‍ കളി മറന്നതാണ് പരാജയത്തിന് കാരണം. ഇന്ത്യന്‍ നിരയില്‍ രവീന്ദ്ര ജഡേജയ്ക്ക് കെഎല്‍ രാഹുലിനും മാത്രമാണ് 30ന് മുകളില്‍ സ്‌കോര്‍ നേടാനായത്. 181 പന്തില്‍ 61 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ജഡേജ അവസാന നിമിഷം വരെ വിജയപ്രതീക്ഷ നല്‍കി. വാലറ്റത്തെ കൂട്ടുപിടിച്ച് ജഡേജ ടീമിനെ വിജയിപ്പിക്കുമെന്ന് കരുതിയെങ്കിലും ദൗര്‍ഭാഗ്യകരമായ രീതിയില്‍ മുഹമ്മദ് സിറാജ് ഔട്ടായതോടെ ഇന്ത്യ പരാജയം രുചിച്ചു. ഇംഗ്ലണ്ടിനായി ജോഫ്ര ആര്‍ച്ചറും ബെന്‍ സ്റ്റോക്ക്‌സും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.