Sanju Samson: ‘ചേട്ടനെ ശല്യപ്പെടുത്തല്ലേ’; തിരുവനന്തപുരത്തെത്തിയ സഞ്ജുവിനെ ട്രോളി സൂര്യകുമാർ യാദവ്
Suryakumar Yadav Trolls Sanju Samson: സഞ്ജു സാംസണെ ട്രോളി സൂര്യകുമാർ യാദവ്. ഇതിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
അവസാന ടി20 മത്സരത്തിനായി ഇന്ത്യൻ ടീം തിരുവനന്തപുരത്തെത്തി. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെത്തിയ ഇന്ത്യൻ ടീമിനെ കെസിഎ പ്രതിനിധികളാണ് സ്വീകരിച്ചത്. വിമാനത്താവളത്തിലൂടെ നടന്നുവരുന്നതിനിടെ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് സഞ്ജു സാംസണിനെ ട്രോളുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. കരിയറിൽ രണ്ടാം തവണയാണ് സഞ്ജു തിരുവനന്തപുരത്ത് കളിക്കുന്ന ടീമിൽ ഇടം നേടുന്നത്. ആദ്യ തവണ താരത്തിന് പ്ലെയിങ് ഇലവനിൽ ഇടം ലഭിച്ചിരുന്നില്ല. ഇത്തവണയും സ്ഥിതി ആശാവഹമല്ല.
വിമാനത്താവളത്തിലൂടെ നടന്നുവരുന്നതിനിടെ ‘ചേട്ടനെ ആരും ശല്യപ്പെടുത്തല്ലേ’ എന്ന് പറഞ്ഞ് സൂര്യകുമാർ സഞ്ജുവിന് വഴിയൊരുക്കുകയാണ്. ചിരിച്ചുകൊണ്ടാണ് സഞ്ജു നടന്നുപോകുന്നത്. സ്പിന്നർ വരുൺ ചക്രവർത്തിയെയും വിഡിയോയിൽ കാണാം.
പരമ്പരയിൽ സഞ്ജു ഇതുവരെ മികച്ച സ്കോർ കണ്ടെത്തിയിട്ടില്ല. 10, 6, 0, 24 എന്നിങ്ങനെയാണ് നാല് മത്സരങ്ങളിൽ ഓപ്പണറായി കളിച്ച സഞ്ജു നേടിയത്. ടി20 ലോകകപ്പിൽ ഇന്ത്യയുടെ പ്രധാന വിക്കറ്റ് കീപ്പറാണ് സഞ്ജു. താരത്തിൻ്റെ ബാക്കപ്പായാണ് ഇഷാൻ കിഷൻ ടീമിലെത്തിയത്. തിലക് വർമ്മ പരിക്കേറ്റ് പുറത്തായതിനാൽ കിഷൻ ഇന്ത്യക്കായി മൂന്നാം നമ്പറിൽ മൂന്ന് കളി കളിച്ചു. രണ്ടാമത്തെ കളി ഒരു മാച്ച് വിന്നിങ് സെഞ്ചുറിയടിച്ച കിഷൻ മൂന്നാമത്തെ കളിയും തിളങ്ങി. കഴിഞ്ഞ കളി പരിക്കേറ്റ താരം പുറത്തിരുന്നു.
കാര്യവട്ടത്തെ അവസാന ടി20യിൽ സഞ്ജു ടീമിലുണ്ടാവുമോ എന്ന് സംശയമാണ്. ടീമിലുണ്ടെങ്കിലും, നല്ല സ്കോർ നേടിയാലും ലോകകപ്പിൽ താരത്തെ പരിഗണിച്ചേക്കില്ല. ഒരു സെഞ്ചുറിയെങ്കിലും നേടിയാലേ സഞ്ജുവിന് ലോകകപ്പ് ടീമിൽ സാധ്യതയുണ്ടാവൂ. നിലവിലെ ഫോമിൽ ഇത് അസാധ്യമായതിനാൽ, കാര്യവട്ടത്ത് സഞ്ജു കളിച്ചാൽ അത് താരത്തിൻ്റെ അവസാന രാജ്യാന്തര മത്സരമായേക്കുമെന്നും വിലയിരുത്തലുകളുണ്ട്. അഭിഷേക് ശർമ്മ, ഇഷാൻ കിഷൻ, തിലക് വർമ്മ എന്നിങ്ങനെയാവും ലോകകപ്പിൽ ഇന്ത്യയുടെ ടോപ്പ് ത്രീ.
വിഡിയോ കാണാം
“Don’t disturb Chetta 😂”
SKY making fun of Sanju Samson pic.twitter.com/JsTuXVkcgl
— Sanju Samson Fans Page (@SanjuSamsonFP) January 29, 2026