T20 World Cup 2026: ഇന്ത്യ ഇനി എന്തു ചെയ്യും മല്ലയ്യ? സിംബാബ്‌വെയെ ‘പഞ്ഞിക്കിടാ’തെ രക്ഷയില്ല
Know how India can enter semifinals in T20 World Cup 2026: വെസ്റ്റ് ഇന്‍ഡീസ് സിംബാബ്‌വെയെ പ്രഹരിച്ചപ്പോഴെല്ലാം വേദനിച്ചത് ഇന്ത്യന്‍ ആരാധകരുടെ മനസായിരുന്നു. വെസ്റ്റ് ഇന്‍ഡീസ് നേടിയ വമ്പന്‍ വിജയം സൂപ്പര്‍ എട്ടില്‍ ഇന്ത്യയുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ചു.

Indian Cricket Team
വെസ്റ്റ് ഇന്‍ഡീസ് ബാറ്റര്‍മാര്‍ സിംബാബ്‌വെ ബൗളര്‍മാരെ കരുണയില്ലാതെ പ്രഹരിച്ചപ്പോഴെല്ലാം വേദനിച്ചത് ഇന്ത്യന്‍ ആരാധകരുടെ മനസായിരുന്നു. സിംബാബ്‌വെയ്‌ക്കെതിരെ കരീബിയന്‍സ് നേടിയ വമ്പന്‍ വിജയം സൂപ്പര്‍ എട്ടില്‍ ഇന്ത്യയുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ചു. 107 റണ്‍സിനായിരുന്നു വിന്‍ഡീസിന്റെ ജയം. ആദ്യം ബാറ്റു ചെയ്ത വെസ്റ്റ് ഇന്‍ഡീസ് 20 ഓവറില്‍ ആറു വിക്കറ്റിന് 254 റണ്‍സ് അടിച്ചുകൂട്ടി. സിംബാബ് വെയുടെ പോരാട്ടം 17.4 ഓവറില്‍ 147 റണ്‍സിന് അവസാനിച്ചു.
ഈ വിജയത്തോടെ സൂപ്പര്‍ എട്ടിലെ ഗ്രൂപ്പ് ഒന്നില്‍ വെസ്റ്റ് ഇന്‍ഡീസ് ഒന്നാമതെത്തി. 5.350 ആണ് വെസ്റ്റ് ഇന്‍ഡീസിന്റെ റണ്‍ റേറ്റ്. ഇതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയാകുന്നത്. ഇന്ത്യയെ തോല്‍പിച്ച ദക്ഷിണാഫ്രിക്കയാണ് രണ്ടാമത്. 3.800 ആണ് പ്രോട്ടീസിന്റെ റണ്‍ റേറ്റ്. -3.800 ആണ് ഇന്ത്യയുടെ റണ്‍ റേറ്റ്.
സിംബാബ്‌വെയെ ‘പഞ്ഞിക്കിടണം’
മറ്റ് ടീമുകളുടെ ജയപരാജയങ്ങള്‍ ആശ്രയിച്ചാകും നിലവിലെ ചാമ്പ്യന്‍മാരായ ഇന്ത്യയുടെ ഇനിയുള്ള മുന്നോട്ടുപോക്ക്. സിംബാബ്‌വെയ്‌ക്കെതിരെയും, വെസ്റ്റ് ഇന്‍ഡീസിനെതിരെയുമാണ് ഇന്ത്യയുടെ ഇനിയുള്ള മത്സരങ്ങള്‍. ദക്ഷിണാഫ്രിക്ക ഇനിയുള്ള മത്സരങ്ങളില്‍ സിംബാബ്‌വെയെയും, വെസ്റ്റ് ഇന്‍ഡീസിനെയും തോല്‍പിച്ചാല്‍ ഇന്ത്യയുടെ വഴി തെളിയും. അങ്ങനെ സംഭവിച്ചാല്‍ സിംബാബ്‌വെയെയും, വെസ്റ്റ് ഇന്‍ഡീസിനെയും ഇന്ത്യയ്ക്ക് തോല്‍പിച്ചാല്‍ മാത്രം മതിയാകും. റണ്‍ റേറ്റിനെ ആശ്രയിക്കാതെ തന്നെ ഗ്രൂപ്പ് ഒന്നിലെ രണ്ടാം സ്ഥാനക്കാരായി ഇന്ത്യയ്ക്ക് സെമി ഫൈനലില്‍ എത്താനാകും.
Also Read: Axar Patel: അക്‌സറിനെ പുറത്താക്കിയത് ആരുടെ അതിബുദ്ധി? ‘ഓവര്‍ സ്മാര്‍ട്ടാ’യെന്ന് രഹാനെ
എന്നാല്‍ വെസ്റ്റ് ഇന്‍ഡീസ് ദക്ഷിണാഫ്രിക്കയോട് തോറ്റാല്‍ കാര്യങ്ങള്‍ തകിടം മറിയും. ഇത്തരമൊരു സാഹചര്യത്തില്‍ റണ്‍ റേറ്റിനെ ആശ്രയിച്ചാകും സെമി ഫൈനലിലേക്കുള്ള യോഗ്യത നിശ്ചയിക്കുന്നത്. ഇനിയുള്ള രണ്ട് മത്സരങ്ങളില്‍ മികച്ച റണ്‍ റേറ്റില്‍ വിജയിച്ചാല്‍ മാത്രമേ ഇന്ത്യയ്ക്ക് ഇനി ടൂര്‍ണമെന്റില്‍ പിടിച്ചു നില്‍ക്കാനാകൂ.
നിലവിലെ ഫോം പരിഗണിച്ചാല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ വന്‍ മാര്‍ജിനില്‍ ജയം സ്വന്തമാക്കുക അത്ര എളുപ്പമാകില്ല. അതുകൊണ്ട് തന്നെ സിംബാബ്‌വെയ്‌ക്കെതിരെ മിന്നും ജയം നേടാനാകും ഇന്ത്യയുടെ ശ്രമം. സിംബാബ്‌വെയ്‌ക്കെതിരായ മത്സരത്തില്‍ ഇന്ത്യ ‘അഗ്രസീവ്’ സമീപനം സ്വീകരിക്കാനാണ് സാധ്യത. ആദ്യം ബാറ്റു ചെയ്താല്‍ തുടക്കം മുതല്‍ തകര്‍ത്തടിക്കാനാകും ശ്രമം. ചേസിങാണെങ്കില്‍ വിജയലക്ഷ്യം എത്രയും വേഗം മറികടക്കാനാകും ഇന്ത്യന്‍ ടീമിന്റെ പരിശ്രമം.