T20 World Cup 2026: സെമി ഫൈനല്‍ വേദി തീരുമാനിക്കുന്നത് പാകിസ്ഥാന്റെയും ലങ്കയുടെയും ജയ-പരാജയങ്ങള്‍; ടിക്കറ്റ് എടുത്തവര്‍ എന്തു ചെയ്യും?
T20 2026 Cricket World Cup Refund Criteria Explained: ടി20 ലോകകപ്പിലെ സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ എവിടെ നടക്കുമെന്ന് ഇപ്പോഴും കൃത്യമായി പറയാനാകില്ലെന്നതാണ് ശ്രദ്ധേയം. പാകിസ്ഥാൻ, ശ്രീലങ്ക എന്നീ ടീമുകൾ യോഗ്യത നേടുന്നതിനെ ആശ്രയിച്ചാകും അന്തിമ തീരുമാനം.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ആരാധകര്‍
ടി20 ലോകകപ്പിലെ സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങളുടെ ടിക്കറ്റ് വില്‍പന പുരോഗമിക്കുകയാണ്. മാർച്ച് നാലിന് നടക്കുന്ന ആദ്യ സെമിഫൈനൽ, മാർച്ച് അഞ്ചിന് നടക്കുന്ന രണ്ടാം സെമിഫൈനൽ, മാർച്ച് എട്ടിന് നടക്കുന്ന ഫൈനൽ എന്നിവയ്ക്കുള്ള ടിക്കറ്റുകൾ ആരാധകർക്ക് വാങ്ങാം. എന്നാല്‍ ഈ മത്സരങ്ങള്‍ എവിടെ നടക്കുമെന്ന് ഇപ്പോഴും കൃത്യമായി പറയാനാകില്ലെന്നതാണ് ശ്രദ്ധേയം. പാകിസ്ഥാൻ, ശ്രീലങ്ക എന്നീ ടീമുകൾ യോഗ്യത നേടുന്നതിനെ ആശ്രയിച്ചാകും മത്സരവേദികള്‍ അന്തിമമായി തീരുമാനിക്കുന്നത്.
ആദ്യ സെമിഫൈനൽ ‘ഫ്ലോട്ടിംഗ് വേദി’ ആയാണ് പരിഗണിക്കുന്നത്. അതായത്, ഈ മത്സരം കൊളംബോയിലോ, കൊല്‍ക്കത്തയിലോ എവിടെ വേണമെങ്കിലും നടക്കാം. സൂപ്പര്‍ എട്ടില്‍ നിന്ന് യോഗ്യത നേടുന്ന ടീമുകളെ ആശ്രയിച്ചാകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാവുക.
എന്നാല്‍ രണ്ടാം സെമി ഫൈനല്‍ മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ നടക്കും. അതില്‍ മാറ്റമില്ല. ഫൈനലില്‍ അഹമ്മദാബാദില്‍ നടത്താനാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ ഇതില്‍ മാറ്റമുണ്ടാകാം.
മാറ്റങ്ങള്‍ എങ്ങനെ?
പാകിസ്ഥാൻ സെമിഫൈനലിന് യോഗ്യത നേടിയാൽ, മാർച്ച് നാലിലെ സെമി ഫൈനല്‍ കൊളംബോയില്‍ നടക്കും. അങ്ങനെ സംഭവിച്ചാല്‍ കൊൽക്കത്ത മത്സരത്തിനായി വാങ്ങിയ എല്ലാ ടിക്കറ്റുകളുടെയും പണം തിരികെ നൽകും. അതുപോലെ, ശ്രീലങ്ക യോഗ്യത നേടുകയും, ഇന്ത്യയല്ലാത്ത ഏതെങ്കിലും ടീമിനെതിരെ കളിക്കേണ്ടി വരികയും ചെയ്താല്‍, ആ മത്സരവും കൊളംബോയിലേക്ക് മാറ്റും. ഈ മത്സരത്തിന് ടിക്കറ്റെടുത്ത ആരാധകര്‍ക്കും പണം തിരികെ നല്‍കും.
എന്നാല്‍ പാകിസ്ഥാനോ, ശ്രീലങ്കയോ യോഗ്യത നേടിയില്ലെങ്കില്‍ മത്സരം കൊല്‍ക്കത്തയില്‍ തന്നെ നടക്കും. പാകിസ്ഥാന്‍ ഫൈനലിന് യോഗ്യത നേടിയാല്‍ അഹമ്മദാബാദില്‍ നടക്കേണ്ട മത്സരം ശ്രീലങ്കയിലേക്ക് മാറ്റും. അങ്ങനെവന്നാല്‍, അഹമ്മദാബാദിലെ മത്സരത്തിന് ടിക്കറ്റെടുത്തവര്‍ക്ക് റീഫണ്ട് ലഭിക്കും.
പാകിസ്ഥാന്‍ യോഗ്യത നേടിയില്ലെങ്കില്‍, കലാശപ്പോരാട്ടം അഹമ്മദാബാദില്‍ തന്നെ നടക്കും. മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കാത്ത വേദികൾക്കായി വാങ്ങിയ ടിക്കറ്റുകളുടെ മുഴുവൻ പണവും ആരാധകർക്ക് തിരികെ നൽകുമെന്നാണ് ഐസിസിയുടെ ഉറപ്പ്.