VHT 2025: പത്താം നമ്പറിലിറങ്ങി ഷറഫുദ്ദീൻ്റെ തൂക്കിയടിയും തുണച്ചില്ല; മധ്യപ്രദേശിനെതിരെ നാണംകെട്ട തോൽവിയുമായി കേരളം
Kerala Lost Against Madhya Pradesh: മധ്യപ്രദേശിനെതിരെ കേരളത്തിന് പരാജയം. 47 റൺസിനാണ് കേരളം കളി തോറ്റത്.

ഷറഫുദ്ദീൻ
വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് തുടർച്ചയായ രണ്ടാം തോൽവി. മധ്യപ്രദേശിനെതിരെ നടന്ന മത്സരത്തിൽ 47 റൺസിനാണ് കേരളം തോറ്റത്. 215 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ കേരളം 167 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. പത്താം നമ്പരിലിറങ്ങി 29 പന്തിൽ 42 റൺസ് നേടിയ ഷറഫുദ്ദീൻ പൊരുതിയെങ്കിലും കേരളത്തിന് വിജയിക്കാനായില്ല.
താരതമ്യേന ചെറിയ വിജയലക്ഷ്യം തേടിയിറങ്ങിയ കേരളത്തിന് തുടർച്ചയായ ഇടവേളകളിൽ വിക്കറ്റ് നഷ്ടമായി. മോശം ഷോട്ടുകൾക്ക് ശ്രമിച്ചാണ് പലരും പുറത്തായത്. കൃഷ്ണപ്രസാദ് (4), അങ്കിത് ശർമ്മ (13), ബാബ അപരാജിത് (9), രോഹൻ കുന്നുമ്മൽ (19) എന്നൊവരൊക്കെ വേഗം മടങ്ങി. സൽമാൻ നിസാറും മുഹമ്മദ് അസ്ഹറുദ്ദീനും ചേർന്ന് പിടിച്ചുനിൽക്കാൻ ശ്രമിച്ചെങ്കികും 15 റൺസുമായി അസ്ഹർ പുറത്തായി.
വിഷ്ണു വിനോദ് (20), സൽമാൻ നിസാർ (30) എന്നിവരും പവലിയനിൽ തിരികെ എത്തിയതോടെ കേരളം തോൽവിയുറപ്പിച്ചു. എന്നാൽ, 10ആം നമ്പറിലിറങ്ങിയ ഷറഫുദ്ദീൻ കൂറ്റൻ ഷോട്ടുകളിലൂടെ കേരളത്തിന് വീണ്ടും പ്രതീക്ഷ നൽകുകയായിരുന്നു. സ്പിന്നർമാരെയും പേസർമാരെയും പറപ്പിച്ച താരം അവസാന വിക്കറ്റിൽ വിഗ്നേഷ് പുത്തൂരുമൊത്ത് 49 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി. ഇതിൽ വിഗ്നേഷ് നേടിയത് വെറും നാല് റൺസ്. സിക്സറിനുള്ള ശ്രമത്തിനിടെ ഷറഫുദ്ദീൻ വീണതോടെ കേരളത്തിന് പരാജയം.
സ്പിന്നിനെ തുണയ്ക്കുന്ന പിച്ചിൽ ഇരു ടീമുകളും ബുദ്ധിമുട്ടിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത മധ്യപ്രദേശിനെ നാല് വിക്കറ്റ് വീഴ്ത്തിയ അങ്കിത് ശർമ്മയും മൂന്ന് വിക്കറ്റ് വീഴ്ത്തിയ ബാബ അപരാജിതും ചേർന്നാണ് കെട്ടുകെട്ടിച്ചത്. 105 പന്തിൽ 93 റൺസ് നേടിയ വിക്കറ്റ് കീപ്പർ ഹിമാൻശു മന്ത്രിയുടെ ഇന്നിംഗ്സ് മധ്യപ്രദേശ് സ്കോറിൽ വളരെ നിർണായകമായി.
കഴിഞ്ഞ കളി കർണാടകയ്ക്കെതിരെയും കേരളം തോറ്റിരുന്നു. ഇതോടെ ഗ്രൂപ്പ് എയിൽ കേരളം അഞ്ചാം സ്ഥാനത്തേക്ക് വീണു. മൂന്നിൽ മൂന്ന് കളിയും ജയിച്ച കർണാടകയും മധ്യപ്രദേശുമാണ് എലീറ്റ് ഗ്രൂപ്പ് എയിലെ ആദ്യ രണ്ട് സ്ഥാനങ്ങളിൽ.