Vijay Hazare Trophy: മധ്യപ്രദേശിനെ വിറപ്പിച്ച് സ്വന്തം നാട്ടുകാരന്‍ അങ്കിത് ശര്‍മ; കരുത്തായത് ‘മന്ത്രി’യുടെ ബാറ്റിങ്; കേരളത്തിന് മുന്നില്‍ ചെറിയ വിജയലക്ഷ്യം
Vijay Hazare Trophy Kerala Vs Madhya Pradesh: മധ്യപ്രദേശിനെതിരെ കേരളത്തിന് 215 റണ്‍സ് വിജയലക്ഷ്യം. അങ്കിത് ശര്‍മയുടെയും, ബാബ അപരാജിതിന്റെയും ബൗളിങ് മികവിലാണ് കേരളം മധ്യപ്രദേശിനെ 214 റണ്‍സിന് പുറത്താക്കിയത്
അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫിയില്‍ മധ്യപ്രദേശിനെതിരെ കേരളത്തിന് 215 റണ്‍സ് വിജയലക്ഷ്യം. അതിഥി താരങ്ങളായ അങ്കിത് ശര്‍മയുടെയും, ബാബ അപരാജിതിന്റെയും ബൗളിങ് മികവിലാണ് കേരളം മധ്യപ്രദേശിനെ 46.1 ഓവറില്‍ 214 റണ്‍സിന് പുറത്താക്കിയത്. മധ്യപ്രദേശുകാരനായ അങ്കിത് 10 ഓവറില്‍ 38 റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി. ബാബ അപരാജിത്ത് പത്തോവറില്‍ 36 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് സ്വന്തമാക്കി. എംഡി നിധീഷും, ഈഡന്‍ ആപ്പിള്‍ ടോമും ഓരോ വിക്കറ്റുകള്‍ പങ്കിട്ടു.
105 പന്തില്‍ 93 റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ ഹിമാന്‍ഷു മന്ത്രിയുടെ ബാറ്റിങാണ് മധ്യപ്രദേശിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. മറ്റ് ബാറ്റര്‍മാര്‍ക്ക് കേരളത്തിന്റെ ബൗളിങിന് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. 9.4 ഓവറില്‍ വണ്‍ഡൗണായി ക്രീസിലെത്തിയ മന്ത്രി 46.1 ഓവര്‍ വരെ പിടിച്ചുനിന്നു. മധ്യപ്രദേശിന് വേണ്ടി രക്ഷാപ്രവര്‍ത്തനം നടത്തിയ മന്ത്രി ഒടുവില്‍ ഈഡന്‍ ആപ്പിള്‍ ടോമിന്റെ പന്തില്‍ സല്‍മാന്‍ നിസാറിന് ക്യാച്ച് നല്‍കി മടങ്ങി.
മധ്യപ്രദേശിന്റെ ആദ്യ മൂന്ന് വിക്കറ്റുകളും വീഴ്ത്തിയത് അങ്കിത് ശര്‍മ. ഓപ്പണര്‍മാരായ ഹാര്‍ഷി ഗാവ്‌ലി (36 പന്തില്‍ 22), യാഷ് ദുബെ (30 പന്തില്‍ 13) എന്നിവരെയും, നാലാമനായി എത്തിയ ശുഭം ശര്‍മയെയും (ആറു പന്തില്‍ മൂന്ന്) അങ്കിത് കൂടാരം കയറ്റി.
16 പന്തില്‍ എട്ട് റണ്‍സെടുത്ത ക്യാപ്റ്റന്‍ വെങ്കടേഷ് അയ്യര്‍ റണ്‍ ഔട്ടായത് മധ്യപ്രദേശിന് തിരിച്ചടിയായി. ആറാമനായി ക്രീസിലെത്തിയ രാഹുല്‍ ബഥാമിനെ (എട്ട് പന്തില്‍ മൂന്ന്) പുറത്താക്കി അങ്കിത് തന്റെ നാലാം വിക്കറ്റ് സ്വന്തമാക്കി.
ഒരുവശത്ത് വിക്കറ്റുകള്‍ കൊഴിയുമ്പോഴും ഹിമാന്‍ഷു മന്ത്രി പോരാട്ടം തുടര്‍ന്നു. സാരന്‍ഷ് ജെയിന്‍ (16 പന്തില്‍ 9), ശിവാങ് കുമാര്‍ (ഏഴ് പന്തില്‍ പൂജ്യം), ആര്യന്‍ പാണ്ഡെ (25 പന്തില്‍ 15) എന്നിവരെ ബാബ അപരാജിത്ത് പുറത്താക്കി.
പത്താമനായി ക്രീസിലെത്തിയ ത്രിപുരേഷ് സിങാണ് മധ്യപ്രദേശിന്റെ രണ്ടാമത്തെ ടോപ് സ്‌കോറര്‍. 25 പന്തില്‍ 37 റണ്‍സെടുത്ത ത്രിപുരേഷിനെ എംഡി നിധീഷിന്റെ പന്തില്‍ വിഷ്ണു വിനോദ് ക്യാച്ചെടുത്ത് പുറത്താക്കി. നാല് പന്തില്‍ ഒരു റണ്‍സുമായി കുമാര്‍ കാര്‍ത്തികേയ പുറത്താകാതെ നിന്നു.