VHT 2025: അടിച്ചുകേറി വിഷ്ണു വിനോദും രോഹൻ കുന്നുമ്മലും; ത്രിപുരക്കെതിരെ മികച്ച സ്കോർ ഉയർത്തി കേരളം
VHT Kerala Innings vs Tripura: ത്രിപുരക്കെതിരായ വിജയ് ഹസാരെ ട്രോഫി മത്സരത്തിൽ കേരളം 8 വിക്കറ്റ് നഷ്ടത്തിൽ 348 റൺസ്. വിഷ്ണു വിനോദിൻ്റെ സെഞ്ചുറിയാണ് കേരളത്തെ തകർപ്പൻ സ്കോറിലെത്തിച്ചത്.
വിജയ് ഹസാരെ ട്രോഫി ഗ്രൂപ്പ് എ മത്സരത്തിൽ ത്രിപുരക്കെതിരെ കേരളത്തിന് മികച്ച സ്കോർ. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത കേരളം നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടപ്പെടുത്തി 348 റൺസ് നേടി. 102 റൺസ് നേടി പുറത്താവാതെ നിന്ന വിഷ്ണു വിനോദ് കേരളത്തിൻ്റെ ടോപ്പ് സ്കോറർ ആയപ്പോൾ സീനിയർ ടീം ക്യാപ്റ്റനായ ആദ്യ കളി തന്നെ 94 റൺസ് നേടിയ രോഹൻ കുന്നുമ്മലും തിളങ്ങി.
49 റൺസാണ് രോഹനും അഭിഷേക് ജെ നായരും ചേർന്ന് ആദ്യ വിക്കറ്റിൽ കൂട്ടിച്ചേർത്തത്. ആദ്യ കളിയ്ക്കിറങ്ങിയ അഭിഷേക് ജെ നായർ 21 റൺസ് നേടി പുറത്തായി. അഹ്മദ് ഇമ്രാൻ നേരിട്ട ആദ്യ പന്തിൽ തന്നെ മടങ്ങിയതോടെ ബാബ അപരാജിത് ക്രീസിലെത്തി. അപരാജിതും രോഹനും ചേർന്ന് മൂന്നാം വിക്കറ്റിൽ 129 റൺസിൻ്റെ ഗംഭീര കൂട്ടുകെട്ടിലാണ് പങ്കാളികളായത്. ഇതിനിടെ ഇരുവരും ഫിഫ്റ്റി തികച്ചിരുന്നു. സെഞ്ചുറിയിലേക്കുള്ള കുതിപ്പിനിടെ രോഹൻ വീണു. വൈകാതെ തന്നെ ബാബ അപരാജിതും (64) മടങ്ങി.
Also Read: Virat Kohli: വിജയ് ഹസാരെ ട്രോഫിയിലേക്ക് തിരിച്ചെത്തി ‘റോ-കോ’; ഒരു റൺസ് അകലെ കോഹ്ലിക്ക് ചരിത്ര നേട്ടം
പിന്നീട് വിഷ്ണു വിനോദിൻ്റെ തകർപ്പൻ പ്രകടനമായിരുന്നു കണ്ടത്. അങ്കിത് ശർമ്മ (28), അഖിൽ സ്കറിയ (18) എന്നിവരെ കൂട്ടുപിടിച്ച് വിഷ്ണു കേരളത്തെ മുന്നോട്ടുനയിച്ചു. 62 പന്തിൽ 9 ബൗണ്ടറിയും ആറ് സിക്സറും സഹിതം 102 റൺസ് നേടിയ താരം പുറത്താവാതെ നിന്നു.
ത്രിപുരയ്ക്കായി മുര സിങ് മൂന്നും വിജയ് ശങ്കർ രണ്ടും വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ ത്രിപുര മികച്ച നിലയിലാണ്. എട്ട് ഓവർ പിന്നിടുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 48 റൺസെന്ന നിലയിലാണ് ടീം.