Virat Kohli – Rohit Sharma: രോ-കോയ്ക്ക് ഇത് അവസാന ഓസീസ് പര്യടനം; പ്രതീക്ഷയിൽ ആരാധകർ
Kohli Rohit Australian Tour: രോഹിത് ശർമ്മയ്ക്കും വിരാട് കോലിയ്ക്കും ഇത് അവസാന ഓസീസ് പര്യടനം. മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയാണ് ഓസ്ട്രേലിയയിൽ ഇന്ത്യ കളിക്കുക.
നിർണായക പരമ്പരയ്ക്കൊരുങ്ങി രോഹിത് ശർമ്മയും വിരാട് കോലിയും. 2027 ഏകദിന ലോകകപ്പിന് ശേഷം വിരമിക്കാമെന്ന് തീരുമാനിച്ചിരിക്കുന്ന ഇരുവർക്കും ഈ പരമ്പരയിലെ പ്രകടനങ്ങൾ നിർണായകമാവും. ഈ പരമ്പരയിൽ നന്നായി കളിച്ചാൽ മാത്രമേ തുടർന്നുള്ള ഏകദിന പരമ്പരകളിലും ഇവരെ പരിഗണിക്കൂ. ഇരുവർക്കും ഇനിയൊരു തവണ കൂടി ഓസീസ് പര്യടനത്തിനുള്ള അവസരം ലഭിച്ചേക്കില്ല എന്നതും നിർണായകമാണ്.
മൂന്ന് ഏകദിനങ്ങളാണ് പര്യടനത്തിലുള്ളത്. ഒക്ടോബർ 19ന് പരമ്പര ആരംഭിക്കും. ഒക്ടോബർ 23, 25 തീയതികളിൽ മറ്റ് മത്സരങ്ങൾ. ഏറെക്കാലത്തിന് ശേഷമാണ് ഇരുവരും ഇന്ത്യൻ ജഴ്സിയിൽ കളിക്കുക. ഏകദിന ക്യാപ്റ്റനായിരുന്ന രോഹിത് ശർമ്മ ഈ പരമ്പരയിൽ ടീമംഗം മാത്രമാണ്. ടെസ്റ്റ് ക്യാപ്റ്റനായ ശുഭ്മൻ ഗിൽ ആണ് പരമ്പരയിൽ ഇന്ത്യയെ നയിക്കുക. ഏകദിന ക്യാപ്റ്റനായി ഗില്ലിൻ്റെ ആദ്യ പരമ്പരയാണിത്. 2027 ലോകകപ്പിലേക്കുള്ള ടീം ബിൽഡിങ് ആയതിനാൽ ഗിൽ ഉൾപ്പെടെ മറ്റ് താരങ്ങൾക്കും ഈ പരമ്പര നിർണായകമാവും.
ഗില്ലിനൊപ്പം രോഹിത് ശർമ്മ ഇന്നിംഗ്സ് ഓപ്പൺ ചെയ്യും. വിരാട് കോലി മൂന്നാം നമ്പറിലുമെത്തും. ശ്രേയാസ് അയ്യർ, കെഎൽ രാഹുൽ, നിതീഷ് കുമാർ റെഡ്ഡി, അക്സർ പട്ടേൽ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിങ്ങനെയാവും ലൈനപ്പ്. ബാക്കപ്പ് കീപ്പറായ ധ്രുവ് ജുറേലിന് അവസരം ലഭിക്കാനിടയില്ല.
ഓസീസ് നിരയിൽ കാമറൂൺ ഗ്രീൻ പരിക്കേറ്റ് പുറത്തായി. മർനസ് ലബുഷേയ്ൻ ആണ് പകരക്കാരൻ. പാറ്റ് കമ്മിൻസിൻ്റെ അഭാവത്തിൽ മിച്ചൽ മാർഷ് ടീമിനെ നയിക്കും. ട്രാവിസ് ഹെഡ്, മിച്ചൽ സ്റ്റാർക്ക് തുടങ്ങിയ പ്രമുഖർക്കൊപ്പം കൂപ്പർ കൊണോലി, മിച്ചൽ ഓവൻ, മാത്യു കുൻമൻ തുടങ്ങിയ യുവതാരങ്ങളും ടീമിലുണ്ട്. ഏകദിന പരമ്പരയ്ക്ക് ശേഷം അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയും നടക്കും.