Virat Kohli: വിരമിച്ചാലും റെക്കോഡുകള്‍ വിടാതെ വിരാട് കോഹ്ലി, ഇത്തവണ സ്വന്തമാക്കിയത് ഈ നേട്ടം
Virat Kohli Record: ലോകകപ്പ് നേടിയതിന് പിന്നാലെയാണ് കോഹ്ലി ടി20യില്‍ നിന്ന് വിരമിച്ചത്. നിലവില്‍ നടക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് ടെസ്റ്റില്‍ നിന്ന് വിരമിക്കുന്നതായും പ്രഖ്യാപിച്ചു
ട്വന്റി ട്വന്റിയില്‍ നിന്ന് വിരമിച്ചിട്ടും അതേ ഫോര്‍മാറ്റില്‍ പിന്നെയും റെക്കോഡുകള്‍ സൃഷ്ടിക്കാന്‍ ആര്‍ക്കെങ്കിലും പറ്റുമോ? ഇല്ലെന്നാണ് ഉത്തരമെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. വിരാട് കോഹ്ലിക്ക് അത് സാധിക്കും. ഐസിസി ഒടുവില്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം അന്താരാഷ്ട്ര ട്വന്റി ട്വന്റിയില്‍ 909 ആണ് കോഹ്ലിയുടെ റേറ്റിങ് പോയിന്റ്. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലും 900 റേറ്റിങ് കടക്കുന്ന ആദ്യത്തെ ബാറ്ററെന്ന നേട്ടമാണ് ഇതോടെ കിങ് സ്വന്തമാക്കിയത്.
ടി20യില്‍ ഏറ്റവും കൂടുതല്‍ റേറ്റിങ് നേടുന്ന മൂന്നാമത്തെ താരമാണ് കോഹ്ലി. 919 റേറ്റിങ് പോയിന്റ് നേടിയിട്ടുള്ള ഇംഗ്ലണ്ടിന്റെ ഡേവിഡ് മലാനാണ് ഈ നേട്ടത്തില്‍ മുന്നിലുള്ളത്. 912 റേറ്റിങ് പോയിന്റ് നേടിയിട്ടുള്ള ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് രണ്ടാമതുണ്ട്.
ടെസ്റ്റില്‍ വിരാട് കോഹ്ലി സ്വന്തമാക്കിയ ഏറ്റവും ഉയര്‍ന്ന റേറ്റിങ് പോയിന്റ് 937 ആണ്. 2018ല്‍ ഇംഗ്ലണ്ട് പര്യടനത്തിലായിരുന്നു താരം ഈ നേട്ടം സ്വന്തമാക്കിയത്. അന്ന് 10 ഇന്നിങ്‌സുകളിലായി രണ്ട് സെഞ്ചുറിയും, മൂന്ന് അര്‍ധ സെഞ്ചുറിയുമായി 593 റണ്‍സാണ് കോഹ്ലി അടിച്ചുകൂട്ടിയത്. മറ്റ് ബാറ്റര്‍മാര്‍ പൂര്‍ണമായും നിരാശപ്പെടുത്തിയപ്പോള്‍ കോഹ്ലി മാത്രമാണ് അന്ന് തിളങ്ങിയത്.




2018ല്‍ ഇംഗ്ലണ്ടിനെതിരെ നടന്ന ഏകദിന പരമ്പരയില്‍ തന്നെയാണ് താരം ഏകദിനത്തിലെ മികച്ച റേറ്റിങ് സ്വന്തമാക്കിയത്. 909 ആണ് അന്ന് താരം ഏകദിനത്തില്‍ സ്വന്തമാക്കിയ റേറ്റിങ്. മൂന്ന് മത്സരങ്ങളില്‍ നിന്ന് 191 റണ്‍സാണ് ആ പരമ്പരയില്‍ കോഹ്ലി അടിച്ചുകൂട്ടിയത്. പരമ്പരയില്‍ രണ്ട് അര്‍ധ സെഞ്ചുറിയാണ് കോഹ്ലി സ്വന്തമാക്കിയത്.
ഈ നേട്ടത്തോടെ എക്കാലത്തെയും മികച്ച ഓള്‍ ഫോര്‍മാറ്റ് താരം താനാണെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുകയാണ് കോഹ്ലി. ലോകകപ്പ് നേടിയതിന് പിന്നാലെയാണ് കോഹ്ലി ടി20യില്‍ നിന്ന് വിരമിച്ചത്. നിലവില്‍ നടക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് ടെസ്റ്റില്‍ നിന്ന് വിരമിക്കുന്നതായും പ്രഖ്യാപിച്ചു. നിലവില്‍ താരം ഏകദിനത്തില്‍ മാത്രമാണ് വിരമിക്കാത്തത്.