Womens ODI World Cup 2025: കലാശപ്പോരിൽ ദക്ഷിണാഫ്രിക്കയും ഇന്ത്യയും മുഖാമുഖം; ആര് ജയിച്ചാലും ചരിത്രം
South Africa vs India Final: വനിതാ ലോകകപ്പ് കിരീടപ്പോരിനൊരുങ്ങി ഇന്ത്യയും ദക്ഷിണാഫ്രിക്കയും. നേവി മുംബൈയിൽ നവംബർ രണ്ടിനാണ് മത്സരം.
വനിതാ ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയും ഇന്ത്യയും തമ്മിൽ ഏറ്റുമുട്ടും. നവംബർ രണ്ട് ഞായറാഴ്ചയാണ് കലാശക്കളി. നവി മുംബൈയിലെ ഡോ. ഡിവൈ പാട്ടിൽ സ്പോർട്സ് അക്കാദമിയിൽ ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് മത്സരം ആരംഭിക്കും. എത് ടീം ജയിച്ചാലും അത് ചരിത്രമാണ്. രണ്ട് ടീമുകളും ഇതുവരെ ലോകകപ്പ് നേടിയിട്ടില്ല.
ഇംഗ്ലണ്ടിനെ തകർത്തെറിഞ്ഞാണ് ദക്ഷിണാഫ്രിക്കയുടെ ഫൈനൽ പ്രവേശനം. 125 റൺസിനായിരുന്നു ദക്ഷിണാഫ്രിക്കയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടപ്പെടുത്തി 319 റൺസ് നേടി. 143 പന്തിൽ 169 റൺസ് നേടിയ ക്യാപ്റ്റൻ ലോറ വോൾവാർട്ടിൻ്റെ തകർപ്പൻ ഇന്നിംഗ്സാണ് ദക്ഷിണാഫ്രിക്കയ്ക്ക് വമ്പൻ സ്കോർ സമ്മാനിച്ചത്. ഇംഗ്ലണ്ടിനായി സോഫി എക്ലസ്റ്റൺ നാല് വിക്കറ്റ് നേടി തിളങ്ങി.
Also Read: Jemimah Rodrigues: ഒടുവിൽ അർഹിച്ച കയ്യടികൾ ജെമിമയെയും തേടിയെത്തി, ഇത് ഇന്ത്യയുടെ നാരിശക്തി
മറുപടി ബാറ്റിംഗിൽ ആദ്യ മൂന്ന് താരങ്ങൾ റണ്ണെടുക്കാതെ മടങ്ങിയതോടെ ഇംഗ്ലണ്ട് പരാജയം ഏറെക്കുറെ ഉറപ്പിച്ചിരുന്നു. ഒരു റൺസിന് മൂന്ന് വിക്കറ്റെന്ന നിലയിൽ നിന്ന് നാറ്റ് സിവർ ബ്രണ്ടും അലിസ് കാപ്സിയും ചേർന്ന രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് ഇംഗ്ലണ്ടിനെ വലിയ നാണക്കേടിൽ നിന്ന് രക്ഷിച്ചു. 107 റൺസാണ് ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത്. കാപ്സിയും (50) സിവർ ബ്രണ്ടും (64) മടങ്ങിയതിന് പിന്നാലെ ഇംഗ്ലണ്ട് വീണ്ടും തകരുകയായിരുന്നു. മരിസേൻ കാപ്പ് അഞ്ച് വിക്കറ്റുകളുമായി തിളങ്ങി.
രണ്ടാം സെമിയിൽ ഓസ്ട്രേലിയ ഉയർത്തിയ റെക്കോർഡ് വിജയലക്ഷ്യം മറികടന്നാണ് ഇന്ത്യ ഫൈനൽ പ്രവേശനം നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ ഫീബി ലിച്ച്ഫീൽഡിൻ്റെ (119) സെഞ്ചുറിക്കരുത്തിൽ 339 റൺസിൻ്റെ വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. 9 പന്തുകൾ ബാക്കിനിർത്തി ഇന്ത്യ കളി വിജയിച്ചു. 127 റൺസ് നേടി പുറത്താവാതെ നിന്ന ജെമീമ റോഡ്രിഗസാണ് ഇന്ത്യയുടെ വിജയശില്പി.