WPL 2026: വനിതാ പ്രീമിയർ ലീഗിൽ നിന്ന് പിന്മാറി പ്രമുഖ ഓസീസ് താരങ്ങൾ; പകരക്കാരെ പ്രഖ്യാപിച്ച് ടീമുകൾ
WPL Ellyse Perry Withdraw: വനിതാ പ്രീമിയർ ലീഗിൽ നിന്ന് പിന്മാറി എലിസ് പെറിയും അന്നബെൽ സതർലൻഡും. ഇരുവർക്കും പകരക്കാരെ പ്രഖ്യാപിച്ചു.

എല്ലിസ് പെറി
വനിതാ പ്രീമിയർ ലീഗിൻ്റെ വരുന്ന സീസണിൽ നിന്ന് പിന്മാറി പ്രമുഖ ഓസീസ് താരങ്ങൾ. ഓൾറൗണ്ടർമാരായ എലിസ് പെറിയും അന്നബെൽ സതർലൻഡുമാണ് വരുന്ന സീസണിൽ നിന്ന് പിന്മാറിയത്. ഇവർക്കൊപ്പം യുഎസ്എ പേസർ താര നോറിസും വരുന്ന സീസണിൽ കളിക്കില്ല. നോറിസും സതർലൻഡും ഡൽഹി ക്യാപിറ്റൽസിൻ്റെ താരമാണ്. എലിസ് പെറി കഴിഞ്ഞ മൂന്ന് സീസണുകളായി റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനൊപ്പമുണ്ട്.
ഓസ്ട്രേലിയൻ താരങ്ങളുടെ പിന്മാറ്റം എന്തുകൊണ്ടാണെന്ന് വ്യക്തമല്ല. അമേരിക്കയ്ക്കായി ലോകകപ്പ് ക്വാളിഫയർ കളിക്കുന്നതിനായാണ് താര നോറിസിൻ്റെ പിന്മാറ്റം. എലിസ് പെറിയ്ക്ക് പകരം ഇന്ത്യൻ ഓൾറൗണ്ടർ സയാലി സത്ഘരെയെയാണ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ടീമിലെത്തിച്ചത്. സതർലൻഡിന് പകരം ഓസീസ് സ്പിൻ ഓൾറൗണ്ടർ അലാന കിംഗ് കളിക്കും. കഴിഞ്ഞ സീസണിൽ യുപി വാരിയേഴ്സിനായാണ് അലാന കിംഗ് കളിച്ചത്. 27 രാജ്യാന്തര ടി20കളിൽ നിന്ന് 27 വിക്കറ്റുകളാണ് താരത്തിൻ്റെ സമ്പാദ്യം. താര നോറിസിന് പകരക്കാരിയായി ഓസീസ് ഓൾറൗണ്ടർ ചാർലി നോട്ടിനെ യുപി സ്വന്തമാക്കി.
പെറിയുടെ അഭാവം റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് വൻ തിരിച്ചടിയാണ്. 2024 സീസണിൽ 347 റൺസുമായി ഓറഞ്ച് ക്യാപ്പ് നേടിയ താരത്തിൻ്റെ മികവിൽ ആർസിബി കിരീടം നേടിയിരുന്നു. 9 മത്സരങ്ങളിൽ നിന്ന് പെറി ഏഴ് വിക്കറ്റുകളും നേടി. കഴിഞ്ഞ സീസണിൽ എട്ട് മത്സരങ്ങളിൽ നിന്ന് 372 റൺസാണ് പെറി നേടിയത്. കഴിഞ്ഞ സീസണിൽ ഡൽഹി ക്യാപിറ്റൽസിനായി 9 വിക്കറ്റുകൾ നേടിയ അന്നബെൽ സതർലൻഡും മികച്ച താരമാണ്.
ജനുവരി 9നാണ് വനിതാ പ്രീമിയർ ലീഗ് ആരംഭിക്കുക. ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ നേരിടും.