Thamarassery Pass Restrictions: തട്ടുകടകൾ അടയ്ക്കുക, പാർക്കിങ് പാടില്ല, കൂട്ടം കൂടരുത്; താമരശ്ശേരി ചുരത്തിലെ കുരുക്ക് മാറുമോ?
Thamarassery Pass New Year Restrictions: കാഴ്ചകൾ കാണുന്നതിനായി ചുരത്തിലെ വളവുകളിലും വശങ്ങളിലും വണ്ടി പാർക്ക് ചെയ്ത് ആളുകൾ തടിച്ചുകൂടുന്നതും വാഹനങ്ങൾ നിർത്തുന്നതും പൂർണ്ണമായും നിരോധിച്ചിരിക്കുകയാണ്. മുൻവർഷങ്ങളിൽ ഈ സമയത്ത് ചുരത്തിൽ വലിയ രീതിയിലുള്ള തിരക്കും അതുമൂലം ദിവസങ്ങളോളം ഗതാഗത പ്രശ്നങ്ങളും നേരിടേണ്ടി വന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് തീരുമാനം.
കോഴിക്കോട്: പുതുവത്സര ആഘോഷത്തോടനുബന്ധിച്ച് താമരശ്ശേരി ചുരത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി (Thamarassery Pass) പോലീസ്. ന്യൂയർ ആഘോഷങ്ങളുടെ ഭാഗമായി ചുരത്തിൽ ഉണ്ടാകാറുള്ള വൻ തിരക്കും ഗതാഗതക്കുരുക്കും നിയന്ത്രിക്കുന്നതിനായാണ് ഇത്തരമൊരു നടപടി സ്വീകരിക്കുന്നത്.
ബുധനാഴ്ച (നാളെ) വൈകിട്ട് ഏഴ് മണി മുതൽ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരുമെന്നാണ് അറിയിച്ചിരിക്കുന്നത്. ചുരം മേഖലയിലെ തട്ടുകടകൾ നാളെ വൈകിട്ട് മുതൽ അടയ്ക്കണമെന്നാണ് പോലീസിൻ്റെ നിർദേശത്തിൽ പറയുന്നത്. കൂടാതെ, ആളുകൾ കൂട്ടം കൂടാനോ വാഹനങ്ങൾ അനാവശ്യമായി റോഡരികിൽ പാർക്ക് ചെയ്യാനോ പാടുള്ളതല്ലെന്നും നിർദേശമുണ്ട്.
കാഴ്ചകൾ കാണുന്നതിനായി ചുരത്തിലെ വളവുകളിലും വശങ്ങളിലും വണ്ടി പാർക്ക് ചെയ്ത് ആളുകൾ തടിച്ചുകൂടുന്നതും വാഹനങ്ങൾ നിർത്തുന്നതും പൂർണ്ണമായും നിരോധിച്ചിരിക്കുകയാണ്. മുൻവർഷങ്ങളിൽ ഈ സമയത്ത് ചുരത്തിൽ വലിയ രീതിയിലുള്ള തിരക്കും അതുമൂലം ദിവസങ്ങളോളം ഗതാഗത പ്രശ്നങ്ങളും നേരിടേണ്ടി വന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് തീരുമാനം.
ALSO READ: യാത്രക്കാർ ഒഴുകിയെത്തി, വീർപ്പുമുട്ടി വഴി മുടക്കി താമരശ്ശേരി ചുരം, മുൻകരുതലെടുക്കണമെന്ന് പോലീസ്
പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തി പുതുതായി ഏർപ്പെടുത്തിയിട്ടുള്ള നിർദ്ദേശങ്ങൾ പാലിക്കാൻ എല്ലാവരും സഹകരിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.
ജനുവരിയിലെ ഈ ദിവസങ്ങളിൽ ഗതാഗത നിയന്ത്രണം
താമരശ്ശേരി ചുരത്തിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലും മുറിച്ചിട്ട മരങ്ങൾ നീക്കം ചെയ്യുന്നതിനുമായി 2026 ജനുവരി അഞ്ച് മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു. ചുരത്തിലെ ആറ്, ഏഴ്, എട്ട് വളവുകളിൽ മുറിച്ചിട്ടിരിക്കുന്ന മരങ്ങൾ ക്രെയിൻ ഉപയോഗിച്ച് നീക്കം ചെയ്യുന്നതിനും റോഡ് നവീകരണത്തിനുമായാണ് നിയന്ത്രണമെന്ന് പൊതുമരാമത്ത് ദേശീയപാത വിഭാഗം അറിയിച്ചിരുന്നു.
മൾട്ടി ആക്‌സിൽ വാഹനങ്ങൾക്കും ലോഡുമായി പോകുന്ന വലിയ വാഹനങ്ങൾക്കും ചുരം വഴി യാത്ര ചെയ്യുന്നതിന് നിയന്ത്രണമുണ്ടാകും. ഈ വാഹനങ്ങൾ നാടുകാണി ചുരത്തിലൂടെയോ കുറ്റ്യാടി ചുരം വഴിയോ വഴിതിരിച്ചുവിടുന്നതാണ്. അവധിക്കാല തിരക്ക് പരിഗണിച്ച് നിലവിൽ രാവിലെ 9 മുതൽ രാത്രി 9 വരെ വലിയ വാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.