AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

FIFA World Cup 2026: എന്തായിരിക്കും മെസി അപ്പോള്‍ പറഞ്ഞത്? മിശിഹ പങ്കുവെച്ച രഹസ്യം വെളിപ്പെടുത്തി വൊസീഞ്ഞ

Lionel Messi’s words to Vozinha revealed : മത്സരശേഷം മെസിയുമായി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ച് വൊസീഞ്ഞ വെളിപ്പെടുത്തി. താന്‍ മികച്ച താരമാണെന്ന് മെസി കെട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞെന്ന് വൊസീഞ്ഞ വെളിപ്പെടുത്തി. പരസ്പരം ജേഴ്‌സി കൈമാറാമോയെന്ന് ചോദിച്ചപ്പോള്‍ മെസി അതിനും സമ്മതിച്ചെന്ന് വൊസീഞ്ഞോ വ്യക്തമാക്കി.

FIFA World Cup 2026: എന്തായിരിക്കും മെസി അപ്പോള്‍ പറഞ്ഞത്? മിശിഹ പങ്കുവെച്ച രഹസ്യം വെളിപ്പെടുത്തി വൊസീഞ്ഞ
Vozinha and Lionel MessiImage Credit source: PTI
Jayadevan AM
Jayadevan AM | Published: 04 Jul 2026 | 07:33 PM

കണക്കുകളില്‍ കാംബോ വെര്‍ദെ അര്‍ജന്റീനയോട് തോറ്റു. എന്നാല്‍ മത്സരം കണ്ട ആരാധകരുടെ കണ്ണുകളില്‍ ആ കുഞ്ഞന്‍ടീമും വിജയികളാണ്. ഈ ലോകകപ്പില്‍ ഇതാദ്യമായാണ് അര്‍ജന്റീന ടീം ഇത്രമാത്രം പരീക്ഷിക്കപ്പെടുന്നത്. ആധികാരിക ജയം ലക്ഷ്യമിട്ടിറങ്ങിയ മെസിയെയും സംഘത്തെയും വിറപ്പിച്ചതിന് ശേഷമാണ് ലോകകപ്പിലെ നവാഗതരായ കാംബോ വെര്‍ദെ കീഴടങ്ങിയത്. 3-2ന് കഷ്ടിച്ച് രക്ഷപ്പെട്ടാണ് അര്‍ജന്റീന പ്രീ ക്വാര്‍ട്ടറിലെത്തിയത്. ആദ്യ ലോകകപ്പ് തന്നെ അവിസ്മരണീയമാക്കി തല ഉയര്‍ത്തിയാണ് കാംബോ വെര്‍ദെ മടങ്ങിയത്. ഇനി അടുത്ത ലോകകപ്പില്‍ കാണാമെന്ന മട്ടില്‍…

ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു മത്സരത്തില്‍ പോലും വിജയിച്ചില്ലെങ്കിലും, അപരാജിതരായാണ് കാംബോ വെര്‍ദെ ‘റൗണ്ട് ഓഫ് 32’ലെത്തിയത്. 40-കാരനായ ഗോള്‍കീപ്പര്‍ വൊസീഞ്ഞയായിരുന്നു ‘സൈന്യാധിപന്‍’. അര്‍ജന്റീനയ്‌ക്കെതിരായ മത്സരത്തിലും തകര്‍പ്പന്‍ സേവുകളുമായി വൊസീഞ്ഞ കളംനിറഞ്ഞു.

വൊസീഞ്ഞയുടെ ഈ പ്രകടനം ആരാധകരിൽ നിന്ന് വൻ പ്രശംസയാണ് പിടിച്ചുപറ്റിയത്. ഈ ടൂർണമെന്റിലെ ഏറ്റവും മികച്ച കണ്ടെത്തലുകളിൽ ഒരാളായിട്ടാണ് പലരും അദ്ദേഹത്തെ വിശേഷിപ്പിച്ചത്. വൊസീഞ്ഞയെ പ്രശംസിച്ചവരില്‍ സാക്ഷാല്‍ ലയണല്‍ മെസിയും ഉള്‍പ്പെടുന്നു.

വൊസീഞ്ഞയുടെ വെളിപ്പെടുത്തല്‍

മത്സരശേഷം മെസിയുമായി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ച് വൊസീഞ്ഞ വെളിപ്പെടുത്തി. താന്‍ മികച്ച താരമാണെന്ന് മെസി കെട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞെന്ന് വൊസീഞ്ഞ വെളിപ്പെടുത്തി.

Also Read: റോണോ X ലാമിൻ യമാൽ, മെസി X മുഹമ്മദ് സലാ, നെയ്മർ X ഹാലൻഡ്; ഇനി ഒരാൾ വീഴും രണ്ടാമൻ വാഴും

“മത്സരത്തിന് ശേഷം ഞാൻ മെസിയുടെ അടുത്തേക്ക് പോയി. അദ്ദേഹം എന്നെ കെട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു, ‘നിങ്ങൾ മികച്ചൊരു താരമാണ്‌. നിങ്ങളുടെ രാജ്യത്തിന് നിങ്ങളെ ഓർത്ത് അഭിമാനിക്കാം.’ അത് എന്നെ സംബന്ധിച്ചിടത്തോളം വിശ്വസിക്കാൻ കഴിയാത്ത നിമിഷമായിരുന്നു”-വൊസീഞ്ഞയുടെ വാക്കുകള്‍.

ലയണൽ മെസിയെപ്പോലൊരാളിൽ നിന്ന് ഇത്തരത്തിലുള്ള വാക്കുകൾ കേൾക്കുക എന്നത് തനിക്ക് വലിയ കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. താന്‍ അദ്ദേഹത്തിന് നന്ദി പറഞ്ഞു. ‘നന്ദി ലിയോ, നിങ്ങളാണ് ലോകത്തിലെ ഏറ്റവും മികച്ചവൻ’ എന്ന് മറുപടി നൽകുകയും ചെയ്തുവെന്നും വൊസീഞ്ഞോ വ്യക്തമാക്കി.

പരസ്പരം ജേഴ്‌സി കൈമാറാമോയെന്ന് ചോദിച്ചപ്പോള്‍ മെസി അതിനും സമ്മതിച്ചെന്ന് വൊസീഞ്ഞോ വ്യക്തമാക്കി. “നമുക്ക് ജേഴ്സി പരസ്പരം കൈമാറാമോ എന്ന് ഞാൻ അദ്ദേഹത്തോട് ചോദിച്ചു. അഭിമുഖങ്ങൾക്ക് ശേഷം ടണലിൽ വെച്ച് ജേഴ്സി തരാമെന്ന് ലിയോ സമ്മതിച്ചു. ഇത്തരം നിമിഷങ്ങൾ നിങ്ങളുടെ ഹൃദയത്തിൽ എന്നെന്നേക്കുമായി കൊത്തിവെക്കപ്പെടും”-വൊസീഞ്ഞോ പറഞ്ഞു.

സംഭവബഹുലമായ മത്സരം

29-ാം മിനിറ്റിൽ ക്യാപ്റ്റൻ ലയണൽ മെസിയിലൂടെ അർജന്റീനയാണ് ആദ്യം ഗോള്‍ നേടിയത്. രണ്ടാം പകുതിയിൽ അർജന്റീനയെ കാംബോ വെർദെ തിരിച്ചടിച്ചു. 59-ാം മിനിറ്റിൽ ഡെറോയ് ഡുവാർട്ടെയിലൂടെ കാംബോ വെർദെ സമനില പിടിച്ചു. പിന്നീട് നിശ്ചിത സമയത്ത് ഇരുടീമുകൾക്കും കൂടുതൽ ഗോളുകൾ നേടാനാകാത്തതിനെ തുടർന്ന് മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടു.

എക്സ്ട്രാ ടൈമിന്റെ തുടക്കത്തിൽ തന്നെ ലിസാൻഡ്രോ മാർട്ടീനസ് അർജന്റീനയ്ക്കായി ലീഡ് നേടി.103-ാം മിനിറ്റിൽ സിഡ്നി ലോപ്പസ് കബ്രാൾ നേടിയ ഗോളിലൂടെ കാംബോ വെർദെ വീണ്ടും അർജന്റീനയെ സമനിലയിൽ തളച്ചു. 111-ാം മിനിറ്റിൽ പിറന്ന ഓൺ ഗോൾ മത്സരത്തിന്റെ വിധി നിർണ്ണയിച്ചു. ക്രിസ്റ്റ്യൻ റൊമേറോയുടെ ഹെഡർ കാംബോ വെർദെ താരം ഡീനി ബോർഗസിന്റെ ശരീരത്തിൽ തട്ടി സ്വന്തം വലയിലേക്ക് മാറുകയായിരുന്നു. ഇതോടെ അർജന്റീന വിജയം ഉറപ്പിച്ചു.

English Summary

Argentina defeated Cape Verde 3-2 in the 2026 World Cup. Cape Verde goalkeeper Vozinha made many spectacular saves. After the game, Lionel Messi praised Vozinha’s great performance. Vozinha reveals what Messi told him.

Follow Us