എനിക്ക് ഉച്ചയ്ക്കേ തോന്നി… ഇന്ന് ഞങ്ങൾക്ക് പെനാൽറ്റി കിട്ടുമെന്ന്; ഗോൾ വന്ന വഴി പറഞ്ഞ് റോണോ
Ronaldo penalty: ഫിഫ ലോകകപ്പിൽ ക്രൊയേഷ്യക്കെതിരായ മത്സരത്തിൽ പെനാൽറ്റി ലഭിക്കുമെന്ന് തനിക്ക് മുൻകൂട്ടി തോന്നിയിരുന്നു എന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ. ''ഇന്ന് ഉച്ചയ്ക്ക് തന്നെ ഞങ്ങൾക്ക് ഒരു പെനാൽറ്റി ലഭിക്കുമെന്ന് എനിക്ക് ശക്തമായ ഒരു തോന്നലുണ്ടായിരുന്നു. അത് സംഭവിക്കുമെന്ന് എനിക്ക് ഉറപ്പായതുകൊണ്ട് തന്നെ ഞാൻ അതിനായി മാനസികമായി പൂർണ്ണമായും തയ്യാറെടുത്തിരുന്നു'' എന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്.

Cristiano Ronaldo Penalty Goal
ടൊറന്റോ: ഫിഫ ലോകകപ്പ് 2026-ൽ ക്രൊയേഷ്യക്ക് എതിരേ നടന്ന ജീവന്മരണ പോരാട്ടത്തിൽ നിർണായക ഗോൾ നേടിയ സന്തോഷം പങ്കുവച്ച് പോർചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ഇവാൻ പെരിസിച്ചിന്റെ ഗോളിലൂടെ ലീഡെടുത്ത് നിന്ന ക്രൊയേഷ്യയെ ഞെട്ടിച്ചുകൊണ്ട് അപ്രതീക്ഷിതമായി ‘വാർ’ പരിശോധനയിലൂടെ പോർചുഗലിന് പെനാൽറ്റി ലഭിക്കുകയും റോണോ അത് ഗോളാക്കി മാറ്റുകയും ചെയ്തു. അതോടെയാണ് പോർചുഗൽ മത്സരത്തിലേക്ക് തിരിച്ചുവന്നത്. ഈ നിർണായക ഗോളിനെപ്പറ്റി പിന്നീട് മത്സര ശേഷം റോണോ പറഞ്ഞ വാക്കുകൾ ഏറെ കൗതുകകരമാണ്. മത്സരത്തിൽ ലഭിച്ച ആ നിർണായക പെനാൽറ്റിയെക്കുറിച്ച് തനിക്ക് മുൻകൂട്ടി തോന്നിയിരുന്നു എന്ന് റോണോ പറയുന്നു.
ഉച്ചയ്ക്കേ തോന്നി…
പെനാൽറ്റി ഗോളിനെപ്പറ്റി റോണോ നടത്തിയ ആ പ്രതികരണം ഇങ്ങനെ: ”ഇന്ന് ഉച്ചയ്ക്ക് തന്നെ ഞങ്ങൾക്ക് ഒരു പെനാൽറ്റി ലഭിക്കുമെന്ന് എനിക്ക് ശക്തമായ ഒരു തോന്നലുണ്ടായിരുന്നു. അത് സംഭവിക്കുമെന്ന് എനിക്ക് ഉറപ്പായതുകൊണ്ട് തന്നെ ഞാൻ അതിനായി മാനസികമായി പൂർണ്ണമായും തയ്യാറെടുത്തിരുന്നു”. മത്സര ശേഷം ആരാധകരുടെ സ്വന്തം സിആർ7 നടത്തിയ ഈ പ്രതികരണം ഏറെ കൗതുകകരമാണ്.
ഏറെ സമ്മർദ്ദത്തോടെയാണ് റോണോ ക്രൊയേഷ്യക്കെതിരേ കളിക്കാൻ ഇറങ്ങിയത്. തോറ്റാൽ ഈ ലോകകപ്പിൽ നിന്ന് തന്നെ താനും ടീമും പുറത്താകും എന്നത് ഒരു വശത്ത്. ക്രൊയേഷ്യ ശക്തമായ ടീം ആണ് എന്നത് വേറൊന്ന്. ഇതിനെല്ലാമപ്പുറം സ്വന്തം ഒരു ‘റെക്കോഡും’ സിആർ7ന് കടുത്ത സമ്മർദ്ദം നൽകിയിരുന്നു. ലോകകപ്പിൽ അതുവരെ എട്ട് നോക്കൗട്ട് മത്സരങ്ങളിൽ ഒറ്റ ഗോൾ പോലും നേടിയിട്ടില്ല എന്ന നാണക്കേടിന്റെ റെക്കോഡ് ആയിരുന്നു അത്.
എന്നാൽ വീണുകിട്ടിയ അവസരം കൃത്യമായി വിനിയോഗിച്ച് നോക്കൗട്ട് മത്സരത്തിൽ ഗോളടിച്ചിട്ടില്ല എന്ന പേര് ദോഷം റോണോ മായ്ച്ചു. ഒപ്പം നോക്കൗട്ടിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കൂടിയ താരം എന്ന റെക്കോഡ് സൃഷ്ടിക്കുകയും ചെയ്തു. നാൽപ്പതുകാരനായ റൊണാൾഡോയുടെ ആറാം ലോകകപ്പ് ആണ് ഇത്.
വിജയത്തെക്കുറിച്ച്…
മത്സര ശേഷം വിജയത്തെക്കുറിച്ചും റോണോ പ്രതികരിച്ചു. “ആദ്യ പകുതിയിൽ ഞങ്ങൾ പൂർണ്ണമായും ആധിപത്യം പുലർത്തി. രണ്ടാം പകുതിയിൽ (ഗോൾ വഴങ്ങിയ ശേഷം) ഞങ്ങൾ അല്പം പരിഭ്രാന്തരായി, എന്നാൽ ഫുട്ബോളിൽ ഇതൊക്കെ സാധാരണയാണ്. പെനാൽറ്റിക്ക് ശേഷം കാര്യങ്ങൾ ഞങ്ങൾക്ക് അനുകൂലമായി മാറി. ഞങ്ങൾ ചില അവസരങ്ങൾ സൃഷ്ടിച്ചു, ഒടുവിൽ ഈ മത്സരത്തിൽ വിജയം ഞങ്ങൾ അർഹിച്ചിരുന്നു.”എന്നായിരുന്നു ക്രിസ്റ്റ്യാനോയുടെ വിലയിരുത്തൽ.
ലൂക്ക മോഡ്രിച്ച്
പോർചുഗൽ – ക്രൊയേഷ്യ റൗണ്ട് ഓഫ് 32 മത്സരം റൊണാൾഡോ – ലൂക്ക മോഡ്രിച്ച് എന്നീ ഇതിഹാസ താരങ്ങളുടെ ലോകകപ്പിലെ മുന്നോട്ടുള്ള കിരീടയാത്രയിലെ നിർണായക മത്സരമായിരുന്നു. അതിൽ ഒടുവിൽ റോണോ വിജയത്തോടെ പുഞ്ചിരിച്ചു, മറുവശത്ത് ഈ തോൽവിയോടെ കളിക്കളത്തോട് തന്നെ വിട പറഞ്ഞ ലൂക്ക മോഡ്രിച്ച് എന്ന ഇതിഹാസത്തിന്റെ മുഖത്തും നിറഞ്ഞുനിന്നത് പുഞ്ചിരി തന്നെയായിരുന്നു.
റോണോയുടെ ലൂക്ക
മത്സര ശേഷം ലൂക്ക മോഡ്രിച്ചിനെക്കുറിച്ചും റൊണാൾഡോ വാചാലനായി. “ഞാൻ ലൂക്കയോടൊപ്പം ഒരുപാട് വർഷങ്ങൾ കളിച്ചിട്ടുണ്ട്. ഞങ്ങൾ രണ്ടുപേരും ഒരേ പ്രായക്കാരാണ്. അദ്ദേഹം ഫുട്ബോളിലെ ഒരു ഇതിഹാസമാണ്. ഇപ്പോഴും അങ്ങനെതന്നെ തുടരുന്നു. ‘എല്ലാത്തിനും അഭിനന്ദനങ്ങൾ ലൂക്ക, നിന്റെ കരിയറിന്റെ ഭാവിക്ക് എല്ലാ ആശംസകളും”- എന്ന് റോണോ ആ ഇതിഹാസത്തെ അനുസ്മരിച്ചു.
English Summary
Cristiano Ronaldo has revealed that he had a feeling he would be awarded a penalty in the match against Croatia at the FIFA World Cup. “I had a strong feeling that we would be awarded a penalty this afternoon. I was mentally fully prepared for it because I was sure it would happen,” he revealed.