ആ എട്ട് കളിയിൽ റോണോയ്ക്ക് ഒറ്റ ഗോളില്ല! ക്രൊയേഷ്യയിൽ നിന്ന് പോർചുഗലിനെ ആര് രക്ഷിക്കും
FIFA World Cup 2026 Round of 32 Portugal VS Croatia: ഫിഫ ലോകകപ്പ് 2026ലെ റൗണ്ട് ഓഫ് 32-ൽ ക്രൊയേഷ്യയെ നേരിടാനൊരുങ്ങുകയാണ് പോർചുഗൽ. എന്നാൽ നിർണായകമായ ഈ പോരാട്ടത്തിന് ക്രിസ്റ്റ്യാനോയും സംഘവും ഇറങ്ങുമ്പോൾ ഉയരുന്ന ഒരു പ്രധാന ചോദ്യം ലൂക്ക മോഡ്രിച്ച് നയിക്കുന്ന ക്രൊയേഷ്യയിൽ നിന്ന് ആരാണ് പോർചുഗലിനെ രക്ഷിക്കുക എന്നതാണ്. ലോകകപ്പിൽ നോക്കൗട്ട് റൗണ്ടിൽ ഇതുവരെ ഗോൾ നേടിയിട്ടില്ല എന്ന മോശം റെക്കോഡ് റൊണാൾഡോയ്ക്ക് ഉണ്ട്.
ഫിഫ ലോകകപ്പ് 2026ലെ റൗണ്ട് ഓഫ് 32-ൽ ക്രൊയേഷ്യയെ നേരിടാനൊരുങ്ങുകയാണ് പോർചുഗൽ. എന്നാൽ നിർണായകമായ ഈ പോരാട്ടത്തിന് ക്രിസ്റ്റ്യാനോയും സംഘവും ഇറങ്ങുമ്പോൾ ഉയരുന്ന ഒരു പ്രധാന ചോദ്യം ലൂക്ക മോഡ്രിച്ച് നയിക്കുന്ന ക്രൊയേഷ്യയിൽ നിന്ന് ആരാണ് പോർചുഗലിനെ രക്ഷിക്കുക എന്നതാണ്. ഇരുടീമുകളും ശക്തരാണ്, വിജയസാധ്യത കൂടുതലും പോർചുഗലിന് തന്നെയാണ് എങ്കിലും പോർചുഗലിനായി ആര് ഗോള് നേടും എന്നതാണ് ചോദ്യം. പോർചുഗലിന്റെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് എന്നതിൽ തർക്കമില്ല. പക്ഷേ ലോകകപ്പിലെ നോക്കൗട്ട് മത്സരങ്ങളിൽ ഇതുവരെ റോണോ ഒറ്റ ഗോൾ പോലും അടിച്ചിട്ടില്ല. റോണോയുടെ ഈ ട്രാക്ക് റെക്കോഡാണ് നാളത്തെ മത്സരത്തിൽ പോർചുഗലിനായി ആര് ഗോൾ നേടും എന്ന ആകാംക്ഷ ഉയർത്തുന്ന ചോദ്യത്തിന്റെ ഉദ്ഭവസ്ഥാനം.
പോർചുഗലിന്റെ ഇതിഹാസ താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോ ഇപ്പോൾ നടക്കുന്ന ടൂർണമെന്റ് ഉൾപ്പെടെ ആറ് ലോകകപ്പുകൾ കളിച്ചിട്ടുണ്ട്. ലോക ഫുട്ബോളിൽ അദ്ദേഹം കീഴടക്കിയിട്ടുള്ള റെക്കോഡുകൾ നിരവധി. നാൽപ്പതുകാരനായ റോണോ ഇനിയൊരു ലോകകപ്പിൽ കളിക്കാൻ സാധ്യത കുറവായതിനാൽ ഈ ലോകകപ്പ് പോർചുഗൽ നേടി ഈ ഇതിഹാസത്തിന് സ്വപ്നതുല്യമായ വിടവാങ്ങൽ ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നവർ ഏറെയാണ്.
Also Read: ശാപം, 86-ാം മിനിറ്റിലെ ആഫ്രിക്കൻ ശാപം! ഫുട്ബോൾ ലോകകപ്പിൽ ഇതുവരെ പുറത്തായത് മൂന്ന് രാജ്യങ്ങൾ
എന്നാൽ ലോകകപ്പിന്റെ മുന്നോട്ടുള്ള പാതയിൽ പോർചുഗലിന്റെ യാത്ര അപകടം നിറഞ്ഞതാണ്. അതിൽ ഇനിയുള്ള പ്രധാന കടമ്പ ക്രൊയേഷ്യയുമായി നടക്കുന്ന റൗണ്ട് ഓഫ് 32 മത്സരമാണ്. ഈ നിർണായക മത്സരത്തിന് ഇറങ്ങവേ പോർചുഗലിനായി റോണോ ഗോൾ നേടുമോ എന്ന് ഉറ്റുനോക്കപ്പെടുന്നു. ഗോൾ നേടിയാൽ അതോടെ പല ചരിത്രങ്ങളും തിരുത്തിയെഴുതപ്പെടും.
റോണോ ഗോൾ നേടാത്ത 8 മത്സരങ്ങൾ
ലോകകപ്പിൽ നോക്കൗട്ട് റൗണ്ടിൽ ഇതുവരെ ഗോൾ നേടിയിട്ടില്ല എന്ന അത്ര നല്ലതല്ലാത്ത ഒരു റെക്കോഡ് ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഉണ്ട്. 2006-ൽ ആണ് ആദ്യമായി റോണോ പോർചുഗലിനായി ലോകകപ്പ് കളിക്കുന്നത്. അന്നുമുതൽ ഇതുവരെയുള്ള ആറു ലോകകപ്പുകളിലെ എട്ട് നോക്കൗട്ട് മത്സരങ്ങളിൽ ഒന്നിൽപ്പോലും ഗോൾ നേടാൻ സിആർ7ന് കഴിഞ്ഞിട്ടില്ല. അതിനാൽത്തന്നെ ക്രൊയേഷ്യക്കെതിരായ നിർണായക മത്സരത്തിൽ റോണോ ഗോൾ നേടിയാൽ അത് ചരിത്രമാകും.
2006-ൽ ഇംഗ്ലണ്ടിനെതിരെയുള്ള നോക്കൗട്ട് മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ റൊണാൾഡോ വിജയ ഗോൾ നേടിയിരുന്നു. എന്നാൽ ഫിഫയുടെ ഔദ്യോഗിക നിയമപ്രകാരം ഷൂട്ടൗട്ടിലെ ഗോളുകൾ ഒരു കളിക്കാരന്റെ വ്യക്തിഗത മാച്ച് ഗോൾ റെക്കോർഡിൽ ഉൾപ്പെടുത്താറില്ല. അതിനാൽ ആ മത്സരത്തിലും താരം ഔദ്യോഗികമായി ഗോൾ നേടിയിട്ടില്ല എന്ന് കണക്കാക്കുന്നത്.
ആ എട്ട് മത്സരങ്ങൾ
റോണോ ഗോൾ നേടാതെ പോയ പോർചുഗലിന്റെ നോക്കൗട്ട് മത്സരങ്ങൾ ഇവയാണ്: 2006- റൗണ്ട് ഓഫ് 16ൽ ഹോളണ്ടിനെതിരായ മത്സരം, അന്ന് പോർച്ചുഗൽ 1–0 ന് ജയിച്ചു. 2006- ക്വാർട്ടർ ഫൈനൽ- ഇംഗ്ലണ്ടിനെതിരായ മത്സരം, ഇതിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ പോർച്ചുഗൽ ജയിച്ചു. 2006 – സെമി ഫൈനൽ- ഫ്രാൻസിനെതിരേ പോർച്ചുഗൽ 1–0 ന് തോറ്റു.
2006- ലൂസേഴ്സ് ഫൈനൽ- ജർമ്മനിയോട് പോർച്ചുഗൽ 3–1ന് തോറ്റു. 2010-ൽ റൗണ്ട് ഓഫ് 16-ൽ സ്പെയിനോട് പോർച്ചുഗൽ 1–0ന് തോറ്റു. 2018- റൗണ്ട് ഓഫ് 16ൽ യുറഗ്വായോട് പോർച്ചുഗൽ 2–1 ന് തോറ്റു. 2022- റൗണ്ട് ഓഫ് 16-ൽ സ്വിറ്റ്സർലൻഡിനോട് പോർച്ചുഗൽ 6–1 ന് ജയിച്ചു (അന്ന് റൊണാൾഡോ സബ്സ്റ്റിറ്റ്യൂട്ട് ആയിരുന്നു). 2022- ക്വാർട്ടർ ഫൈനലിൽ മൊറോക്കോയോട് പോർച്ചുഗൽ 1–0 ന് തോറ്റു (അന്നും റൊണാൾഡോ സബ്സ്റ്റിറ്റ്യൂട്ട് ആയിരുന്നു).
ഫുട്ബോൾ ലോകത്ത് എല്ലാം നേടിക്കഴിഞ്ഞ റൊണാൾഡോയുടെ കരിയറിലെ ഒരു കറുത്ത പാടാണ് ഈ നോക്കൗട്ട് ഹിസ്റ്ററി. ക്രോയേഷ്യക്കെതിരായ മത്സരത്തിൽ ഇത് മായുമോയെന്ന് കാത്തിരുന്ന് കാണണം. ലോകകപ്പ് ചരിത്രത്തിൽ ഇതാദ്യമായാണ് പോർച്ചുഗലും ക്രൊയേഷ്യയും തമ്മിൽ ഏറ്റുമുട്ടുന്നത്. വെള്ളിയാഴ്ച ഇന്ത്യൻസമയം പുലർച്ചെ 4.30ന് ആണ് മത്സരം. അട്ടിമറി വീരന്മാർ’ എന്ന ഖ്യാതിയുള്ള ക്രൊയേഷ്യ പോർചുഗലിന് കടുത്ത വെല്ലുവിളി ഉയർത്താനാണ് സാധ്യത.
English Summary
Portugal are set to face Croatia in the round of 32 of the 2026 FIFA World Cup. But as Cristiano and his team head into this crucial clash, one big question that will arise is who will save Portugal from a Luka Modric-led Croatia. Ronaldo has a poor record of never scoring in the knockout stages of the World Cup.