Tragic Loss in Football: തുടരെ തുടരെ യുവതാരങ്ങളുടെ മരണം! ഫുട്ബോൾ ലോകത്തെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത വിയോഗങ്ങൾ
Shocking Deaths of Castro, Ozor, and Adams: കാല്‍പന്ത് ലോകത്തെ കണ്ണീരിലാഴ്ത്തികൊണ്ട് സമീപകാലത്ത് നിരവധി യുവ ഫുട്‌ബോള്‍ താരങ്ങളാണ് അകാലത്തില്‍ വിടവാങ്ങിയത്. മൈതാനത്ത് വെച്ചും അല്ലാതെയും സംഭവിച്ച പെട്ടെന്നുള്ള ഈ വിയോഗങ്ങള്‍ ഫുട്‌ബോള്‍ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. ക്വെവിന്‍ കാസ്‌ട്രോ, ചിനെഡു ഓസോര്‍, ജെയ്ഡന്‍ ആഡംസ് തുടങ്ങിയ താരങ്ങളാണ് രണ്ട് മാസത്തിനിടെ മരിച്ചത്.

Quevin Castro, Chinedu Ozor and Jayden Adams
കാല്‍പന്ത് ലോകത്തെ കണ്ണീരിലാഴ്ത്തികൊണ്ട് സമീപകാലത്ത് നിരവധി യുവ ഫുട്‌ബോള്‍ താരങ്ങളാണ് അകാലത്തില്‍ വിടവാങ്ങിയത്. മൈതാനത്ത് വെച്ചും അല്ലാതെയും സംഭവിച്ച പെട്ടെന്നുള്ള ഈ വിയോഗങ്ങള്‍ ഫുട്‌ബോള്‍ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. ക്വെവിന്‍ കാസ്‌ട്രോ, ചിനെഡു ഓസോര്‍, ജെയ്ഡന്‍ ആഡംസ് എന്നീ താരങ്ങളാണ് രണ്ട് മാസത്തിനിടെ മരിച്ചത്. അടുത്തിടെ സമാപിച്ച ലോകകപ്പ് ഫുട്‌ബോള്‍ കളിച്ച താരമായിരുന്നു ദക്ഷിണാഫ്രിക്കയുടെ ജെയ്ഡന്‍ ആഡംസ്. ജൂലൈ 11-നാണ് താരം വിടവാങ്ങിയത്. ഓഗസ്ത് 11-നാണ് നൈജീരിയയുടെ പ്രൊഫഷണല്‍ ഫുട്‌ബോളര്‍ ചിനെഡു ഓസോര്‍ മരിച്ചത്. പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ താരം ക്വെവിന്‍ കാസ്‌ട്രോ ഓഗസ്ത് 22-ന് മരിച്ചു.
ക്വെവിന്‍ കാസ്‌ട്രോ
പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ താരവും, മുന്‍ ഇംഗ്ലീഷ് ക്ലബ് വെസ്റ്റ് ബ്രോംവിച്ച് ആല്‍ബിയോണ്‍ മിഡ്ഫീല്‍ഡറുമായിരുന്ന ക്വെവിന്‍ കാസ്‌ട്രോ 25-ാം വയസിലാണ് മരിച്ചത്. പ്രീ സീസണ്‍ സൗഹൃദ മത്സരത്തിനിടെ താരം കുഴഞ്ഞുവീഴുകയായിരുന്നു. പോര്‍ച്ചുഗലിലെ റിയല്‍ സ്‌പോര്‍ട്ട് ക്ലബിന് വേണ്ടി എസ്‌ട്രേല ഡി അമഡോറയ്‌ക്കെതിരായ മത്സരത്തില്‍ കളിക്കുന്നതിനിടെയാണ് താരം കുഴഞ്ഞുവീണത്.
2021-ലാണ് വെസ്റ്റ് ബ്രോംവിച്ച് ആല്‍ബിയോണില്‍ ചേര്‍ന്നത്. ആഴ്‌സനലിനെതിരായ കാരാബാവോ കപ്പ് മത്സരത്തിലൂടെ സീനിയര്‍ അരങ്ങേറ്റം കുറിച്ചു. പിന്നീട് ബര്‍ട്ടണ്‍, നോട്‌സ് കൗണ്ടി, ഗേറ്റ്‌സ്‌ഹെഡ്, നോര്‍ത്ത്ഹാംപ്ടണ്‍ തുടങ്ങിയ വിവിധ ക്ലബുകള്‍ക്കായി കളിച്ചു.
ചിനെഡു ഓസോര്‍
27-ാം വയസിലായിരുന്നു ചിനെഡു ഓസോറിന്റെ മരണം. നൈജീരിയന്‍ പ്രീമിയര്‍ ലീഗ് ക്ലബായ കട്‌സീന യുണൈറ്റഡ് താരമായ ചിനെഡു ഓസോര്‍ കളിക്കളത്തില്‍ കുഴഞ്ഞുവീഴുകയായിരുന്നു. നൈജര്‍ ടോര്‍ണാഡോസിനെതിരായ പ്രീ സീസണ്‍ മത്സരത്തിനിടെയാണ് താരത്തിന് ആരോഗ്യപ്രശ്‌നം നേരിട്ടത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഓസോറിന്റെ വിയോഗത്തിന് പിന്നാലെ ചില വ്യാജ വാര്‍ത്തകളും പ്രചരിച്ചിരുന്നു. താരം മോര്‍ച്ചറിയില്‍ വെച്ച് കൈകള്‍ ചലിപ്പിച്ചെന്നും, ജീവന്റെ ലക്ഷണങ്ങള്‍ കാണിച്ചെന്നുമായിരുന്നു വ്യാജപ്രചാരണം. എന്നാല്‍ ക്ലബ് അധികൃതര്‍ ഇത് നിഷേധിച്ചു. നൈജീരിയ പ്രീമിയര്‍ ഫുട്‌ബോള്‍ ലീഗില്‍ ചിനെഡു ഒസോര്‍ 190 മത്സരങ്ങളില്‍ കളിച്ചിട്ടുണ്ട്.
ജെയ്ഡന്‍ ആഡംസ്
ദക്ഷിണാഫ്രിക്കന്‍ താരം ജെയ്ഡന്‍ ആഡംസിന്റെ മരണം കായികലോകത്തെ ഏറെ ഞെട്ടലിലാഴ്ത്തിയിരുന്നു. ഏറെ ദുരൂഹമായിരുന്നു ഈ വിയോഗം. മരണത്തിന്റെ കൃത്യമായ കാരണം ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തിയിരുന്നു. കേപ് ടൗണില്‍ വെച്ചാണ് ജെയ്ഡന്‍ ആഡംസ് മരിച്ചത്.
ഡെയ്‌ലണ്‍ കാര്‍വാലോ
ഇന്ത്യയിലെ കാല്‍പന്ത് പ്രേമികളെ ഏറെ ദുഃഖത്തിലാഴ്ത്തിയതായിരുന്നു ഡെയ്‌ലണ്‍ കാര്‍വാലോയുടെ വിയോഗവാര്‍ത്ത. 26-ാം വയസിലാണ് താരം വിടവാങ്ങിയത്. ഗോവയിലെ ബെനൗളിമില്‍ നടന്ന പ്രാദേശിക ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ‘യുണൈറ്റഡ് ബോയ്‌സ് ഓഫ് അംബൗളിം’ ടീമിനായി കളിക്കുന്നതിനിടെയാണ് ഡെയ്‌ലണ്‍ കുഴഞ്ഞുവീണത്. ജൂലൈയിലായിരുന്നു വിയോഗം.
English Summary
Several young footballers, including Dailon Carvalho, Quevin Castro, Chinedu Ozor, and Jayden Adams, have recently passed away. Many of these tragic deaths occurred suddenly after players collapsed on the pitch. The losses have deeply shocked fans and raised urgent concerns about player health.