Glenn Phillips: ഫീല്‍ഡിംഗിലെ പറക്കും മനുഷ്യന്‍; സ്വന്തം രോഗത്തെ ‘സൂപ്പര്‍ പവറാ’യി കാണുന്ന താരം; ഗ്ലെന്‍ ഫിലിപ്‌സിനെ ബാധിച്ച ‘എഡിഎച്ച്ഡി’യെക്കുറിച്ച്
Glenn Phillips ADHD: രോഗത്തെക്കുറിച്ച് ഒരിക്കല്‍ ഗ്ലെന്‍ ഫിലിപ്‌സ് വെളിപ്പെടുത്തിയിരുന്നു. അറ്റന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്ടിവിറ്റി ഡിസോര്‍ഡര്‍ ആണ് ഫിലിപ്‌സിനെ ബാധിച്ചിരിക്കുന്ന രോഗം. ഒരിക്കലും തന്റെ രോഗത്തെ ഫിലിപിസ് കാണുന്നത് ഒരു പരിമിതിയായിട്ടല്ല, പകരം ഒരു സൂപ്പര്‍ പവറായാണ് താരം പരിഗണിക്കുന്നത്

ന്യൂസിലന്‍ഡിനെ നേരിടുമ്പോള്‍ ഏത് ടീമുമൊന്ന് ഭയക്കും. കീവിസിന്റെ ബാറ്റിംഗോ, ബൗളിംഗോ അല്ല എതിര്‍ടീമുകളെ പരിഭ്രാന്തരാക്കുന്നത്. പന്ത് സമീപത്തുകൂടെ എങ്ങനെ പോയാലും പറന്നു പിടിക്കുന്ന ഒരു ‘പഹയനാ’ണ് സമീപകാല ക്രിക്കറ്റില്‍ ന്യൂസിലന്‍ഡ് വജ്രായുധമായി കൊണ്ടുനടക്കുന്നത്. ഫീല്‍ഡിംഗിലെ ആ പറക്കും മനുഷ്യന്റെ പേരാണ് ഗ്ലെന്‍ ഫിലിപ്‌സ്. ബാറ്റിംഗ്, ബൗളിംഗ്, ഫീല്‍ഡിംഗ്…എങ്ങനെ ക്രിക്കറ്റിന്റെ സമസ്ത മേഖലയോടും നീതി പുലര്‍ത്തുന്ന ഒരു സമ്പൂര്‍ണ പാക്കേജാണ് ന്യൂസിലന്‍ഡ് ക്രിക്കറ്റിന് ഗ്ലെന്‍ ഫിലിപ്‌സ്. ചാമ്പ്യന്‍സ് ട്രോഫിയിലും ഗ്ലെന്‍ ഫിലിപ്‌സ് എന്ന ‘അപകടകാരി’യെ എതിര്‍ടീമുകള്‍ പലതവണ ദര്‍ശിച്ചു. വിരാട് കോഹ്ലിയെയും, ശുഭ്മന്‍ ഗില്ലിനെയും പറന്നുപിടിച്ച ഫിലിപ്‌സിന്റെ ദൃശ്യങ്ങള്‍ ഇന്ത്യന്‍ ആരാധകര്‍ക്കും അത്ര പെട്ടെന്ന് മറക്കാനാകില്ല. ഓള്‍റൗണ്ട് മികവിലൂടെ ന്യൂസിലന്‍ഡിനും പുറത്തും നിരവധി ആരാധകരെയാണ് ഫിലിപ്‌സ് നേടിയെടുത്തിരിക്കുന്നത്.
തനിക്ക് ബാധിച്ച രോഗത്തെക്കുറിച്ച് ഒരിക്കല്‍ ഗ്ലെന്‍ ഫിലിപ്‌സ് വെളിപ്പെടുത്തിയിരുന്നു. ‘അറ്റന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്ടിവിറ്റി ഡിസോര്‍ഡര്‍ (എഡിഎച്ച്ഡി)’ ആണ് ഫിലിപ്‌സിനെ ബാധിച്ചിരിക്കുന്ന രോഗം. എന്നാല്‍ ഒരിക്കലും തന്റെ രോഗത്തെ ഫിലിപ്‌സ് കാണുന്നത് ഒരു പരിമിതിയായിട്ടല്ല, പകരം ഒരു സൂപ്പര്‍ പവറായാണ് താരം ഇതിനെ പരിഗണിക്കുന്നത്.
മറ്റുള്ളവരെക്കാളും തന്നെ ‘ഉയര്‍ത്തി നിര്‍ത്തുന്ന’ ഒരു ചെറിയ സ്വിച്ച് എന്നാണ് രോഗത്തെ ഫിലിപ്‌സ് വിശേഷിപ്പിക്കുന്നത്. ഫീൽഡിൽ വേഗത്തിൽ പ്രതികരിക്കാനും ചിന്തിക്കാനും അനുവദിക്കുന്ന ഒരു ശക്തിയായിട്ടും താരം രോഗത്തെ കാണുന്നു.




എഡിഎച്ച്ഡി സൂപ്പര്‍ പവറാണോ?
നിരവധി വെല്ലുവിളികള്‍ ഉയര്‍ത്തുന്ന രോഗമാണെങ്കിലും, ചില ഗുണങ്ങളും എഡിഎച്ച്ഡിക്കുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. എഡിഎച്ച്ഡിയുള്ള ചിലരില്‍ ‘ഹൈപ്പര്‍ഫോക്കസിംഗ്’ കണ്ടുവരാറുണ്ടെന്നാണ് റിപ്പോര്‍ട്ട്. മണിക്കൂറുകളോളം ഒരു ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുന്ന ഒരു അവസ്ഥയാണ് ഇത്. ക്രിയേറ്റിവിറ്റി, ഊര്‍ജ്ജസ്വലത എന്നിവയും കണ്ടുവരാറുണ്ട്.
എന്താണ് ഈ രോഗം? വെല്ലുവിളികള്‍
നാഡീവ്യൂഹ വികസനവുമായി ബന്ധപ്പെട്ട ഒരു തകരാറാണ് എഡിഎച്ച്ഡി. കൂടുതലും കുട്ടികളിലാണ് റിപ്പോര്‍ട്ട് ചെയ്യുന്നതെങ്കിലും, മുതിര്‍ന്നവരിലും കണ്ടുവരാറുണ്ട്. മെന്റല്‍ ഹെല്‍ത്ത് പ്രശ്‌നങ്ങള്‍, ബിഹേവിയറല്‍ പ്രശ്‌നങ്ങള്‍, ഡിപ്രഷന്‍, ഉത്കണ്ഠ, മറവി, ഹൈപ്പര്‍ ആക്ടിവിറ്റി മൂലമുള്ള പ്രശ്‌നങ്ങള്‍ തുടങ്ങി നിരവധി വെല്ലുവിളികള്‍ എഡിഎച്ച്ഡി ഉള്ളവര്‍ നേരിടുന്നു.
(നിരാകരണം: ഇത് വായനക്കാരുടെ താല്‍പര്യപ്രകാരം മാത്രം എഴുതിയ ലേഖനമാണ്. ഈ ലേഖനം വിവരദായ ഉദ്ദേശങ്ങള്‍ക്ക് മാത്രമുള്ളതാണ്. പ്രൊഫഷണല്‍ മെഡിക്കല്‍ ഉപദേശത്തിന് പകരമല്ല. മെഡിക്കല്‍ കണ്ടീഷനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് എപ്പോഴും ഡോക്ടറുടെ ഉപദേശം തേടുക)