Varun Chakaravarthy: സിനിമാ നടന്‍, റിയാലിറ്റി ഷോ താരം, ആര്‍ക്കിടെക്ട്, ഒടുവില്‍ ക്രിക്കറ്റര്‍ ! ഇന്ത്യയുടെ മിസ്റ്ററി സ്പിന്നറുടെ ജീവിതവും ‘മിസ്റ്ററി’
Varun Chakravarthy Life story: 'മിസ്റ്ററി സ്പിന്നറെ'ന്നാണ് ചക്രവര്‍ത്തിയെ വിളിക്കുന്നത്. ബാറ്റര്‍മാരെ വട്ടം കറക്കുന്ന സ്പിന്‍ മാന്ത്രികതയില്‍ മാത്രമല്ല, ജീവിതത്തിലും ചക്രവര്‍ത്തി ആ 'മിസ്റ്ററി' കാത്തുസൂക്ഷിക്കുന്നു. ക്രിക്കറ്റില്‍ തലവര മാറ്റുന്നതിന് മുമ്പ് താരം സിനിമയിലും ഒരു കൈ നോക്കിയിട്ടുണ്ട്

അപ്രതീക്ഷിതമായിരുന്നു ചാമ്പ്യന്‍സ് ട്രോഫി ടീമിലേക്കുള്ള വരുണ്‍ ചക്രവര്‍ത്തിയുടെ എന്‍ട്രി. പരിക്കേറ്റ ജസ്പ്രീത് ബുംറയ്ക്ക് പകരം ടീമില്‍ അഴിച്ചുപണി നടത്തിയാണ് ചക്രവര്‍ത്തിയെ ടീമിലുള്‍പ്പെടുത്തിയത്. ഏകദിനത്തില്‍ കാര്യമായി മത്സരപരിചയമില്ലാത്ത ചക്രവര്‍ത്തിയെ ചാമ്പ്യന്‍സ് ട്രോഫി പോലൊരു പ്രധാനപ്പെട്ട ടൂര്‍ണമെന്റില്‍ ഉള്‍പ്പെടുത്തിയതില്‍ കുറച്ചുപേരെങ്കിലും നെറ്റിചുളിച്ചുകാണണം. എന്നാല്‍ ഈ 33കാരനില്‍ സെലക്ടര്‍മാര്‍ അര്‍പ്പിച്ച വിശ്വാസം തെറ്റിയില്ല. ടി20യിലെ കളിമികവ് താരം ഏകദിനത്തിലും ആവര്‍ത്തിച്ചു. ചില സന്ദര്‍ഭങ്ങളില്ലെങ്കിലും മത്സരപരിചയങ്ങള്‍ക്ക് കാര്യമായ റോളില്ലെന്ന് ലോകത്തോട് പ്രകടനത്തിലൂടെ തെളിയിച്ചുകൊടുത്തു. ടൂര്‍ണമെന്റില്‍ അപരാജിതരായി ഇന്ത്യ കിരീടം നേടിയപ്പോള്‍ ചക്രവര്‍ത്തിയുടെ പ്രകടനവും നിര്‍ണായകമായിരുന്നു. ചാമ്പ്യന്‍സ് ട്രോഫിയിലെ വിക്കറ്റ് വേട്ടക്കാരില്‍ രണ്ടാമതായിരുന്നു താരം. ഇന്ത്യന്‍ താരങ്ങളില്‍ ഒന്നാമതും.
‘മിസ്റ്ററി സ്പിന്നറെ’ന്നാണ് ക്രിക്കറ്റ് ലോകം ചക്രവര്‍ത്തിയെ വിളിക്കുന്നത്. ബാറ്റര്‍മാരെ വട്ടം കറക്കുന്ന സ്പിന്‍ മാന്ത്രികതയില്‍ മാത്രമല്ല, ജീവിതത്തിലും ചക്രവര്‍ത്തി ആ ‘മിസ്റ്ററി’ കാത്തുസൂക്ഷിക്കുന്നുണ്ട്. ക്രിക്കറ്റില്‍ തലവര മാറ്റുന്നതിന് മുമ്പ് താരം സിനിമയിലും ഒരു കൈ നോക്കിയിട്ടുണ്ടെന്നത് പലര്‍ക്കും സുപരിചിതമായ കാര്യമാണ്. 2014ല്‍ പുറത്തിറങ്ങിയ ‘ജീവ’ എന്ന തമിഴ് ചിത്രത്തിലാണ് ചക്രവര്‍ത്തി കാമിയോ വേഷത്തിലെത്തിയത്. ക്രിക്കറ്ററാകാന്‍ ആഗ്രഹിക്കുന്ന യുവാവിനെ ചുറ്റിപ്പറ്റിയുള്ള ചിത്രമായിരുന്നു ‘ജീവ’യെന്നത് മറ്റൊരു യാദൃശ്ചികത.
പിന്നീട് റിയാലിറ്റി ഷോയിലും ചക്രവര്‍ത്തി പ്രത്യക്ഷപ്പെട്ടു. ജനപ്രിയ പാചക റിയാലിറ്റി ഷോയായ ‘കുക്കു വിത്ത് കോമാളി’യിലാണ് താരം പങ്കെടുത്തത്. പിന്നീട് ആർക്കിടെക്റ്റ് എന്ന നിലയിൽ കരിയർ പരുവപ്പെടുത്താനായിരുന്നു വരുണ്‍ ചക്രവര്‍ത്തിയുടെ ശ്രമം. എസ്ആർഎം യൂണിവേഴ്സിറ്റിയിൽ നിന്ന് ആർക്കിടെക്ചറിൽ ബിരുദം നേടി. കുറച്ചു വര്‍ഷം ആര്‍ക്കിടെക്റ്റായി ജോലി ചെയ്യുകയും ചെയ്തു.




എന്നാല്‍ ക്രിക്കറ്ററാകണമെന്നുള്ള നിയോഗം ചക്രവര്‍ത്തിയെ ആ മേഖലയില്‍ നിന്നും അടര്‍ത്തിയെടുത്തു. അങ്ങനെ 25-ാം വയസിലായിരുന്നു പ്രൊഫഷണല്‍ ക്രിക്കറ്റിലേക്കുള്ള താരത്തിന്റെ രംഗപ്രവേശം. എന്നാല്‍ വിക്കറ്റ് കീപ്പര്‍-ബാറ്ററായാണ് താരം കരിയര്‍ തുടങ്ങിയത്. പിന്നീട് ക്രോംബെസ്റ്റ് ക്രിക്കറ്റ് ക്ലബ്ബിൽ സീം ബൗളിംഗ് ഓൾറൗണ്ടറായി. ഇതിനിടെ കാല്‍മുട്ടിനേറ്റ പരിക്കാണ് തലവര മാറ്റിയത്. അങ്ങനെ ചക്രവര്‍ത്തി സ്പിന്നറായി. ലോകം അറിയപ്പെടുന്ന മിസ്റ്ററി സ്പിന്നറിലേക്കുള്ള വളര്‍ച്ചയും ഇവിടെ നിന്നായിരുന്നു.
അപ്രതീക്ഷിതമായിരുന്നു ക്രിക്കറ്റിലേക്കുള്ള താരത്തിന്റെ വരവ്. 26 വയസുവരെ താന്‍ ജിമ്മില്‍ പോലും പോയിട്ടില്ലെന്ന് താരം ഒരു യൂട്യൂബ് ചാനലിനോട് വെളിപ്പെടുത്തിയിരുന്നു. അതുവരെ ഒമ്പത് മണിക്കൂര്‍ വീതം അഞ്ച് ദിവസം എന്ന നിലയിലായിരുന്നു ജോലി. ക്രിക്കറ്റ് ടീമില്‍ ചേര്‍ന്നതിന് ശേഷം മൂന്ന് വര്‍ഷത്തോളം ഫിറ്റ്‌നസ് ടെസ്റ്റുകളില്‍ പരാജയപ്പെട്ടതായും ചക്രവര്‍ത്തി വെളിപ്പെടുത്തിയിരുന്നു.
” അന്നൊക്കെ നാളെ യോ-യോ ടെസ്റ്റ് ഉണ്ടെന്ന് ആരെങ്കിലും പറഞ്ഞാല്‍ എനിക്ക് ഉറക്കം വരില്ലായിരുന്നു. പാനിക് അറ്റാക്ക് ഉണ്ടാകുമായിരുന്നു. ഇതിനെക്കുറിച്ച് ധാരണയില്ലാത്തവര്‍ സ്വഭാവികമായും പാനിക്കാകും. ഇപ്പോഴും എനിക്ക് ഉത്കണ്ഠയും സമ്മര്‍ദ്ദവുമുണ്ട്. എന്നാല്‍ ഇപ്പോള്‍ അത് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയാം”-ചക്രവര്‍ത്തിയുടെ വാക്കുകള്‍.