India vs Pakistan: ‘ഐസിസി ഇവൻ്റുകളിലും ഇന്ത്യ പാകിസ്താനെതിരെ കളിക്കരുത്’; നിർദ്ദേശവുമായി ഗൗതം ഗംഭീർ
Gautam Gambhir On Ind vs Pak: ഐസിസി ഇവൻ്റുകളിലും ഇന്ത്യ പാകിസ്താനെതിരെ കളിക്കരുതെന്ന നിർദ്ദേശവുമായി ഗൗതം ഗംഭീർ. അതിർത്തിയിലെ ഭീകരവാദം അവസാനിക്കുന്നത് വരെ പാകിസ്താനുമായി ഒരു ബന്ധവും വേണ്ടെന്നാണ് ഗംഭീർ പറഞ്ഞത്.
ഐസിസി ഇവൻ്റുകളിലും ഇന്ത്യ പാകിസ്താനെതിരെ കളിക്കരുതെന്ന നിർദ്ദേശവുമായി ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീർ. അതിർത്തിയിലെ ഭീകരവാദം അവസാനിക്കുന്നത് വരെ പാകിസ്താനുമായി ഒരു തരത്തിലും ക്രിക്കറ്റ് കളിക്കരുതെന്നാണ് തൻ്റെ അഭിപ്രായമെന്ന് ഗംഭീർ പറഞ്ഞു. എബിപിയുടെ ഒരു ഇവൻ്റിൽ സംസാരിക്കുകയായിരുന്നു ഗംഭീർ.
“വ്യക്തിപരമായ എൻ്റെ മറുപടി എന്താണെന്നാൽ പാടില്ല എന്നാണ്. അതിർത്തിയിലെ ഭീകരവാദം അവസാനിക്കുന്നത് വരെ ഇന്ത്യയും പാകിസ്താനുമായി ഒരുതരത്തിലുള്ള ബന്ധവും ഉണ്ടാവാൻ പാടില്ല. ആത്യന്തികമായി അവരുമായി കളിക്കണോ വേണ്ടയോ എന്നത് സർക്കാരിൻ്റെ തീരുമാനമാണ്. ഞാൻ മുൻപും ഇത് പറഞ്ഞിട്ടുണ്ട്. ക്രിക്കറ്റ് മത്സരവും ബോളിവുഡ് സഹകരണവും മറ്റേതെങ്കിലും തരത്തിലുള്ള സഹകരണവും ഇന്ത്യൻ സൈനികരുടെയും ഇന്ത്യക്കാരുടെയും ജീവിതങ്ങൾക്ക് മുകളിലല്ല. മത്സരങ്ങൾ നടന്നുകൊണ്ടിരിക്കും. സിനിമകൾ നിർമ്മിക്കപ്പെട്ടുകൊണ്ടിരിക്കും. ഗായകർ പാടും. പക്ഷേ, കുടുംബത്തിലെ അടുത്ത ഒരാളെ നഷ്ടമാവുന്നതിനെക്കാൾ വലുതല്ല ഇതൊന്നും.”- ഗംഭീർ പറഞ്ഞു.
Also Read: IPL 2025: ‘ഐപിഎലിലെ തട്ടിപ്പുകാർ’; ക്രിക്കറ്റ് അയർലൻഡിൻ്റെ ടീമിൽ ക്യാപ്റ്റൻ ഋഷഭ് പന്ത്
വരുന്ന ഏഷ്യാ കപ്പിലും ടി20 ലോകകപ്പിലും ഇന്ത്യ പാകിസ്താനെതിരെ കളിക്കുമോ എന്ന ചോദ്യത്തിന് ആ തീരുമാനം തൻ്റെ കയ്യിലല്ല എന്നാണ് ഗംഭീർ മറുപടി നൽകിയത്. അത് തീരുമാനിക്കേണ്ടത് ബിസിസിഐ ആണ്. അതിലുപരി അവരുമായി കളിക്കണോ വേണ്ടയോ എന്നത് സർക്കാരിൻ്റെ തീരുമാനമാണ്. സർക്കാർ എന്ത് തീരുമാനം എടുത്താലും അത് തങ്ങൾ അംഗീകരിക്കും. അതിനെ രാഷ്ട്രീയവത്കരിക്കില്ല.”- ഗംഭീർ പറഞ്ഞു.
ഇന്ത്യയും പാകിസ്താനും തമ്മിൽ ഇപ്പോൾ ഉഭയകക്ഷി പരമ്പരകൾ നടക്കാറില്ല. ഐസിസി, എസിസി ടൂർണമെൻ്റുകളിലാണ് ഇരു ടീമുകളും പരസ്പരം ഏറ്റുമുട്ടാറുള്ളത്. നിലവിൽ ഇരു ബോർഡുകളും തമ്മിലുള്ള കരാർ പ്രകാരം 2027 വരെയുള്ള സൈക്കിളിൽ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരങ്ങൾ ന്യൂട്രൽ വേദിയിലാവും കളിക്കുക. ഇതിൻ്റെ അടിസ്ഥാനത്തിൽ പാകിസ്താൻ ആതിഥേയത്വം വഹിച്ച കഴിഞ്ഞ ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ മത്സരങ്ങൾ നടന്നത് ദുബായിലായിരുന്നു. 2025 വനിതാ ഏകദിന ലോകകപ്പ്, 2026ലെ ടി20 ലോകകപ്പ് എന്നീ ടൂർണമെൻ്റുകൾക്ക് ഇന്ത്യയാണ് ആതിഥേയത്വം വഹിക്കുക. നിലവിൽ കരാർ പ്രകാരം ഈ രണ്ട് ടൂർണമെൻ്റുകളിലും പാകിസ്താൻ ന്യൂട്രൽ വേദിയിൽ കളിക്കേണ്ടതാണ്. എന്നാൽ, നിലവിലെ രാഷ്ട്രീയസാഹചര്യമനുസരിച്ച് എന്താവും ഇരു സർക്കാരും തീരുമാനിക്കുന്നതെന്ന് കണ്ടറിയേണ്ടതുണ്ട്.