Kerala Blasters: അഡ്രിയാൻ ലൂണ ബ്ലാസ്റ്റേഴ്സ് വിടുന്നു; ഇനി ഇന്ത്യയിൽ തുടരില്ലെന്ന് റിപ്പോർട്ടുകൾ
Adrian Luna To Leave Kerala Blasters: കേരള ബ്ലാസ്റ്റേഴ്സിൻ്റെ ഉറുഗ്വെ താരം അഡ്രിയാൻ ലൂണ ക്ലബ് വിടുന്നു എന്ന് റിപ്പോർട്ടുകൾ. ക്ലബിൻ്റെയും തൻ്റെയും മോശം പ്രകടനങ്ങൾ പരിഗണിച്ച് ബ്ലാസ്റ്റേഴ്സ് വിടുന്നു എന്നാണ് സൂചനകൾ.
ഉറുഗ്വെ മധ്യനിര താരം അഡ്രിയാൻ ലൂണ കേരള ബ്ലാസ്റ്റേഴ്സ് വിടുന്നു എന്ന് റിപ്പോർട്ടുകൾ. 2027 വരെ കരാർ ബാക്കിയുണ്ടെങ്കിലും കഴിഞ്ഞ സീസണിലെ ക്ലബിൻ്റെയും തൻ്റെയും പ്രകടനം മോശമായതിൻ്റെ അടിസ്ഥാനത്തിൽ താരം ബ്ലാസ്റ്റേഴ്സ് വിടുകയാണെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നാല് വർഷമായി കേരള ബ്ലാസ്റ്റേഴ്സിൻ്റെ ഏറ്റവും പ്രധാനപ്പെട്ട താരമാണ് 33 കാരനായ അഡ്രിയാൻ ലൂണ.
ബ്ലാറ്റേഴ്സ് വിടുന്ന ലൂണ ഇന്ത്യയിൽ തുടരില്ലെന്നാണ് സൂചനകൾ. മുംബൈ സിറ്റി എഫ്സി, എഫ്സി ഗോവ എന്നീ ക്ലബുകൾ താരത്തിനായി രംഗത്തുണ്ടെങ്കിലും ഇന്ത്യയിൽ തുടരാൻ താരത്തിന് താത്പര്യമില്ലെന്നാണ് റിപ്പോർട്ടുകൾ. ടീം വിടുന്ന വിവരം കേരള ബ്ലാസ്റ്റേഴ്സോ അഡ്രിയാൻ ലൂണയോ പരസ്യമായി അറിയിച്ചിട്ടില്ലെങ്കിലും ഉടൻ തന്നെ ഇക്കാര്യം ഔദ്യോഗികമാവുമെന്നാണ് വിവരം.
2021 മുതൽ കേരള ബ്ലാസ്റ്റേഴ്സിനൊപ്പമുള്ള താരമാണ് അഡ്രിയാൻ ലൂണ. 75 മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്സ് ജഴ്സിയണിഞ്ഞ ലൂണ 13 ഗോളുകളാണ് നേടിയത്. കഴിഞ്ഞ സീസണിൽ താരത്തിൻ്റെ പ്രകടനം അത്ര നന്നായിരുന്നില്ല. ക്ലബിൻ്റെയും തൻ്റെയും പ്രകടനങ്ങളിൽ ലൂണ വളരെ നിരാശനായിരുന്നു. ഐഎസ്എലിൽ മുംബൈ സിറ്റിക്കെതിരായ മത്സരത്തിന് ശേഷം സംസാരിക്കവെ ചില കാര്യങ്ങളിൽ പുനർവിചിന്തനം നടത്തേണ്ടതുണ്ടെന്ന് ലൂണ പറഞ്ഞിരുന്നു. ബ്ലാസ്റ്റേഴ്സിൽ തുടരാൻ സന്തോഷമുണ്ടെന്നും മോശം സീസണ് ശേഷം ചില തീരുമാനങ്ങൾ എടുക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് ക്ലബ് വിടാനുള്ള സൂചനയാണെന്ന് അന്ന് മുതലേ അഭ്യൂഹങ്ങളുയർന്നിരുന്നു.
പരിക്കിന് ശേഷമാണ് താരം കഴിഞ്ഞ സീസൺ കളിക്കാനെത്തിയത്. സീസണിൽ ഒരു ഗോൾ നേടാൻ പോലും താരത്തിന് സാധിച്ചില്ല. ആറ് അസിസ്റ്റുകളാണ് ലൂണ കഴിഞ്ഞ സീസണിൽ നൽകിയത്. ഇവാൻ വുകുമാനോവിച് ടീമിലെത്തിച്ച താരം ആദ്യ മൂന്ന് സീസണുകളും തകർപ്പൻ പ്രകടനങ്ങളാണ് നടത്തിയത്. ലൂണ പോകുന്നതോടെ ബ്ലാസ്റ്റേഴ്സിന് പകരക്കാരനെ ടീമിലെത്തിക്കേണ്ടിവരും. കഴിഞ്ഞ സീസണിലെയും ഇക്കഴിഞ്ഞ സൂപ്പർ കപ്പിലെയും മോശം പ്രകടനങ്ങൾ മാനേജ്മെൻ്റിന് കടുത്ത സമ്മർദ്ദം ഉണ്ടാക്കിയിരുന്നു. ആരാധകരും രോഷത്തിലാണ്. ലൂണയ്ക്ക് പകരക്കാരെ കണ്ടെത്തുകയെന്നത് എളുപ്പമാവില്ല.