IPL 2025 : ഗുജറാത്തിൻ്റെ കൈവിട്ട കളി! കൂറ്റൻ വിജയലക്ഷ്യം ഒരുക്കി മുംബൈ ഇന്ത്യൻസ്
IPL Playoff 2025 MI vs GT : രോഹിത് ശർമയുടെ മൂന്ന് ക്യാച്ചുകളാണ് ഗുജറാത്ത് താരങ്ങൾ കൈവിട്ട് കളഞ്ഞത്. ആകെ നാല് നിർണയാക ക്യാച്ചുകളും ഗുജറാത്ത് താരങ്ങൾ മത്സരത്തിൽ കൈവിട്ടു.
ഐപിഎൽ എലിമിനേറ്ററിൽ മുംബൈ ഇന്ത്യൻസിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് 229 റൺസ് വിജയലക്ഷ്യം. രോഹിത് ശർമയുടെ 81 റൺസിൻ്റെ മികവിലാണ് അഞ്ച് തവണ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യൻസ് ഗുജറാത്തിനെതിരെ 229 റൺസ് വിജയലക്ഷ്യം ഉയർത്തിയത്. അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 228 റൺസെടുക്കുകയായിരുന്നു മുംബൈ. ഗുജറാത്ത് താരങ്ങൾ കൈവിട്ട ക്യാച്ചിൻ്റെ പിൻബലത്തിലാണ് മുംബൈക്ക് പ്ലേഓഫിൽ കൂറ്റൻ സ്കോർ നേടാനായത്.
ടോസ് നേടിയ ഹാർദിക് പാണ്ഡ്യ ഗുജറാത്തിനെതിരെ ആദ്യം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. രോഹിത് ശർമ മെല്ലെ ഇന്നിങ്സ് ആരംഭിച്ചപ്പോൾ ഇംഗ്ലീഷ് ബാറ്റർ ജോണി ബെയ്ർസ്റ്റോയാണ് പവർപ്ലേ നല്ല പോലെ വിനിയോഗിച്ചത്. ഇതിനിടെ മൂന്ന് ക്യാച്ചുകൾ അതിജീവിച്ചതിന് ശേഷമാണ് രോഹിത്തിൻ്റെ കൂറ്റനടികൾക്ക് തുടക്കമായത്. 47 റൺസെടുത്ത് ഇംഗ്ലീഷ് ബാറ്റർ പുറത്തായതിന് പിന്നാലെ സൂര്യകുമാർ യാദവിനൊപ്പം ചേർന്നാണ് രോഹിത് ബാക്കി ഇന്നിങ്സ് പൂർത്തിയാക്കിയത്.
വിക്കറ്റുകൾ വീഴ്ത്തി ഇടയ്ക്ക് അൽപം പിടിമുറുക്കാൻ ഗുജറാത്ത് ശ്രമിച്ചെങ്കിലും അത് മുംബൈ സ്കോർ ബോർഡിനെ തടയിടാൻ സാധിച്ചില്ല. അവസാന ഓവറിൽ ഹാർദിക് പാണ്ഡ്യ സിക്സറുകൾ പറത്തിയതോടെ മുംബൈയുടെ സ്കോർ 230ലേക്ക് അടുത്തു. ദക്ഷിണാഫ്രിക്കൻ ബോളർ ജിറാൽഡ് കോറ്റ്സീയാണ് ഏറ്റവും കൂടുതൽ റൺസ് വഴങ്ങിയത്. മൂന്ന് ഓവറിൽ 51 റൺസാണ പോട്ടീസ് താരത്തിനെതിരെ മുംബൈ ബാറ്റർമാർ അടിച്ചുകൂട്ടിയത്. അതേസമയം ജിടിക്കായി പ്രസിദ്ധ് കൃഷ്ണയും സായി കിഷോറും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി. മുഹമ്മദ് സിറാജാണ് മറ്റൊരു വിക്കറ്റ് സ്വന്തമാക്കിയത്.