Kerala Blasters: ഒരാഴ്ച കൊണ്ട് സംഭവിച്ചത് വലിയ മാറ്റങ്ങള്‍; കേരള ബ്ലാസ്റ്റേഴ്‌സ് ‘ചാര്‍ജാ’യി; ഒരുക്കങ്ങൾ ഇന്ന് മുതല്‍
Kerala Blasters will commence preparations for the ISL 2025-26 season from today: കേരള ബ്ലാസ്റ്റേഴ്‌സില്‍ സമീപദിവസങ്ങളില്‍ സംഭവിച്ചത് പോസിറ്റീവായ മാറ്റം. ആരാധകര്‍ക്ക് പ്രതീക്ഷ സമ്മാനിച്ചുകൊണ്ട് ഞൊടിയിടയില്‍ സൈനിങുകള്‍ നടത്തിയ ബ്ലാസ്റ്റേഴ്‌സ്, പുതിയ വിദേശ താരങ്ങളെ കളത്തിലിറക്കിയിരിക്കുകയാണ്.
ഒരാഴ്ച മുമ്പ് വരെ ‘ചത്ത കിളിക്ക്’ സമാനമായിരുന്ന കേരള ബ്ലാസ്റ്റേഴ്‌സില്‍ സമീപദിവസങ്ങളില്‍ സംഭവിച്ചത് പോസിറ്റീവായ മാറ്റം. വിദേശ താരങ്ങളെയെല്ലാം ഒഴിവാക്കിയ ബ്ലാസ്റ്റേഴ്‌സിന് ഏതാനും ദിവസം മുമ്പ് വരെ ഒരു ലോക്കല്‍ ക്ലബിന്റെ പരിവേഷമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതല്ല സ്ഥിതി. ആരാധകര്‍ക്ക് പ്രതീക്ഷ സമ്മാനിച്ചുകൊണ്ട് ഞൊടിയിടയില്‍ സൈനിങുകള്‍ നടത്തിയ ബ്ലാസ്റ്റേഴ്‌സ്, പുതിയ വിദേശ താരങ്ങളെ കളത്തിലിറക്കിയിരിക്കുകയാണ്.
മുൻ ജർമ്മനി U-18 ഫോർവേഡും 1. എഫ്എസ്‌വി മെയിൻസ് 05 യൂത്ത് താരവുമായ മർലോൺ റൂസ് ട്രൂജില്ലോയെ ടീമിലെത്തിച്ചതായി ബ്ലാസ്റ്റേഴ്‌സ് പ്രഖ്യാപിച്ചത് ജനുവരി 25നായിരുന്നു. തൊട്ടുപിന്നാലെ ഫ്രഞ്ച് ഫോർവേഡ് കെവിൻ യോക്കിനെയും ടീമിലെത്തിച്ചു. പിഎസ്ജിയുടെ യൂത്ത് സിസ്റ്റത്തിലൂടെ വളര്‍ന്നുവന്ന താരമാണ് 29കാരനായ കെവിന്‍ യോക്ക്.
ഒടുവില്‍ ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ മതിയാസ് ഹെര്‍ണാണ്ടസിനെയും ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിച്ചു. സ്പാനിഷ് താരമായ ഇദ്ദേഹം നേരത്തെ ഗോകുലം കേരളയിലുണ്ടായിരുന്നു. ഇനി പുതിയ വിദേശ താരങ്ങളെ ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിക്കുമോയെന്ന് വ്യക്തമല്ല. എങ്കിലും പുതിയതായി എത്തിയ മൂന്ന് പേരില്‍ പ്രതീക്ഷയര്‍പ്പിക്കുകയാണ് താരങ്ങള്‍.
നേരത്തെ അഡ്രിയാൻ ലൂണ, നോഹ സദൗയി, ഡുസാൻ ലഗേറ്റർ, കോൾഡോ ഒബിയേറ്റ, ടിയാഗോ ആൽവസ്, ജുവാൻ റോഡ്രിഗസ് എന്നീ വിദേശ താരങ്ങള്‍ ബ്ലാസ്റ്റേഴ്‌സ് വിട്ടത് ആരാധരെ നിരാശയിലാഴ്ത്തിയിരുന്നു. ഇതില്‍ ലൂണയും, സദൗയിയും ലോണടിസ്ഥാനത്തിലാണ് ക്ലബ് വിട്ടത്.
Also Read: Kerala Blasters: കൊഴിഞ്ഞുപോക്ക് മാത്രമല്ല, വരവുമുണ്ട്; ജർമ്മൻ യുവതാരം ബ്ലാസ്റ്റേഴ്സിലെത്തി
പുതിയ ഇന്ത്യന്‍ സൈനിങുകള്‍ കാര്യമായി ബ്ലാസ്റ്റേഴ്‌സ് നടത്തിയിട്ടില്ല. മിഡ്ഫീല്‍ഡര്‍ റൗളിന്‍ ബോര്‍ജസ് മാത്രമാണ് പുതിയതായി ബ്ലാസ്റ്റേഴ്‌സില്‍ എത്തിയ ഏക ഇന്ത്യന്‍ താരം. ഇതിനൊപ്പം മൂന്ന് അക്കാദമി താരങ്ങളെയും ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിച്ചിട്ടുണ്ട്. എബിന്‍ദാസ്, ജഗന്നാഥ്, അജ്‌സല്‍ എന്നിവരാണ് സീനിയര്‍ ടീമിന്റെ ഭാഗമാകുന്നത്.
ഒരുക്കങ്ങൾ ഇന്ന് മുതല്‍
ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസണിനായുള്ള ഒരുക്കങ്ങൾ ബ്ലാസ്റ്റേഴ്‌സ് ഇന്ന് ആരംഭിക്കും. ടീം അടുത്ത ആഴ്ച കൊച്ചിയിൽ ഘട്ടം ഘട്ടമായി ഒത്തുകൂടുമെന്ന് ക്ലബ് അറിയിച്ചു. ലീഗിന്റെ താൽക്കാലിക മത്സരക്രമങ്ങൾ എഐഎഫ്‌എഫ് പ്രഖ്യാപിച്ചിരുന്നു. ഉദ്ഘാടന മത്സരത്തിൽ മോഹൻ ബഗാൻ എസ്‌ജി കേരള ബ്ലാസ്റ്റേഴ്‌സിനെ നേരിടും. ഫെബ്രുവരി 14 നാണ് ഐഎസ്എല്‍ തുടങ്ങുന്നത്.