AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

തീരാക്കടങ്ങൾ വീട്ടിയ അ‌ർജന്റീനയുടെ മകന്റെ പടിയിറക്കം! മെസിയുടെ നീലക്കുപ്പായത്തിലെ അ‌വസാന കളിയുടെ ഇന്ത്യൻ സമയം

Lionel Messi Farewell- Indian date and time of the Argentina vs Benin match: ഒക്ടോബർ 6ന് ആണ് ലയണൽ മെസിയുടെ അ‌ർജന്റീന ദേശീയ ടീമിൽ നിന്നുള്ള വിടവാങ്ങൽ മത്സരം നടക്കുക. എന്നാൽ ഇന്ത്യയിലെ ആരാധകരെ സംബന്ധിച്ചിടത്തോളം ഒക്ടോബർ 7 ബുധനാഴ്ച പുലർച്ചെ 4:30 AMന് ആണ് മത്സരം നടക്കുന്നത്. അ‌ർജന്റീന എന്ന രാജ്യത്തിനുമപ്പുറം ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർ മെസിയുടെ ഈ വിടവാങ്ങൽ മത്സരം കാണാനുള്ള തയാറെടുപ്പിലാണ്.

തീരാക്കടങ്ങൾ വീട്ടിയ അ‌ർജന്റീനയുടെ മകന്റെ പടിയിറക്കം! മെസിയുടെ നീലക്കുപ്പായത്തിലെ അ‌വസാന കളിയുടെ ഇന്ത്യൻ സമയം
Lionel Messi Farewell Match Indian Date And TimeImage Credit source: Messi Instagram
Prasanth Kumar
Prasanth Kumar | Published: 05 Oct 2026 | 10:47 AM

ലയണൽ മെസി ആരാധകർക്ക് ഇന്ന് കാത്തിരിപ്പിന്റെ രാത്രിയാണ്, നീലയും വെള്ളയും വരകളുള്ള ആ പ്രശസ്തമായ ‘അൽബിസെലെസ്റ്റെ’ 10-ാം നമ്പർ കുപ്പായം ലയണൽ ആന്ദ്രേസ് മെസ്സി എന്ന ഇതിഹാസം എന്നെന്നേക്കുമായി അഴിച്ചുവയ്ക്കുന്നതിന് മുന്നോടിയായി നടക്കുന്ന മത്സരം കാണാനായുള്ള കാത്തിരുപ്പിന്റെ രാത്രി. നാളെയാണ് (ഒക്ടോബർ 6) മെസിയുടെ വിടവാങ്ങൽ മത്സരം നടക്കുക. സാങ്കേതികമായി ഒക്ടോബർ 6 ന് ആണ് മത്സരമെങ്കിലും, ഇന്ത്യയിലെ ആരാധകരെ സംബന്ധിച്ചിടത്തോളം ഒക്ടോബർ 7 ബുധനാഴ്ച പുലർച്ചെ 4:30 AMന് ആണ് മത്സരം നടക്കുന്നത്. അ‌ർജന്റീന എന്ന രാജ്യത്തിനുമപ്പുറം ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർ മെസിയുടെ ഈ വിടവാങ്ങൽ മത്സരം കാണാനുള്ള തയാറെടുപ്പിലാണ്.

അ‌ർജന്റീന എന്ന രാജ്യത്തിന് ഫുട്ബോളിൽ വീട്ടാനുണ്ടായിരുന്ന ഒരുപാട് കടങ്ങൾക്കും കണക്കുകൾക്കും അ‌ന്ത്യം കുറിച്ച ശേഷമാണ് ലയണൽ മെസി എന്ന ഇതിഹാസ താരം തന്റെ ബൂട്ട് അ‌ഴിക്കുന്നത്. അ‌തിൽ ലോകകപ്പ് നേട്ടത്തോളം തന്നെ പ്രാധാന്യമുള്ള ഒന്നായിരുന്നു ഇത്തവണത്തെ ഫിഫ ലോകകപ്പിൽ തങ്ങളുടെ രാജ്യത്തിന്റെ ബദ്ധ ​വൈരികളായ ഇംഗ്ലണ്ടിനെതിരേ നേടിയ വിജയം.

Also Read: ബ്രസീൽ മത്സരത്തിലെ കാലിസീറ്റുകൾ വിനയായി; യുറുഗ്വേയ്‌ക്കെതിരായ മത്സരത്തിന് ടിക്കറ്റ് നിരക്കുകൾ കുറച്ചു

താൻ കളിച്ച കാലഘട്ടം ആ ടീമിന്റെ ഏറ്റവും സുവർണ കാലഘട്ടമാക്കി മാറ്റുക എന്നത് ഇതിഹാസങ്ങൾക്ക് മാത്രം പറ്റുന്ന കാര്യമാണ്. മെസി എന്ന ഫുട്ബോൾ താരത്തിന്റെ കാലഘട്ടം അ‌ർജന്റീനയുടെ മാത്രമല്ല, ഫുട്ബോളിന്റെ തന്നെ സുവർണ കാലഘട്ടമായി പിൽക്കാലത്ത് വാഴ്ത്തപ്പെടും. കരിയറിന്റെ ഒരു ഘട്ടത്തിൽ, ക്ലബ് ഫുട്ബോളിലെ മുഴുവൻ കിരീടങ്ങളും വ്യക്തിഗത പുരസ്കാരങ്ങളും വാരിക്കൂട്ടുമ്പോഴും സ്വന്തം രാജ്യത്തിന്റെ കുപ്പായത്തിൽ കലാശപ്പോരുകളിലെ തോൽവികൾ മെസ്സിയെ വേട്ടയാടിക്കൊണ്ടേയിരുന്നു.

വിമർശകരുടെ കൂക്കിവിളികളും “മെസ്സി ബാർസലോണയ്ക്ക് മാത്രമുള്ളവനാണ്” എന്ന കുറ്റപ്പെടുത്തലുകളും അതിരുകടന്നപ്പോൾ ഒടുവിൽ ഒരു ഘട്ടത്തിൽ കണ്ണീരോടെ ദേശീയ ടീമിൽ നിന്ന് മാറിനിൽക്കേണ്ടി വന്ന ഒരു ചരിത്രവും ആ 10-ാം നമ്പറുകാരനുണ്ടായിരുന്നു. എന്നാൽ എല്ലാവിധ തിരിച്ചടികളെയും അ‌തിജീവിച്ച് മെസി തിരിച്ചുവരുന്ന കാഴ്ചയും ലോകം കണ്ടു.

2021-ൽ മറക്കാനാഗ്രഹിച്ച മാരക്കാന സ്റ്റേഡിയത്തിൽ വെച്ച് ബ്രസീലിനെ തകർത്ത് കോപ്പ അമേരിക്ക ഉയർത്തുമ്പോൾ, ആകാശനീല കുപ്പായത്തിലെ തന്റെ ആദ്യ പ്രധാന കിരീടത്തോടെ മെസ്സി ആ തിരിച്ചുവരവിന് തുടക്കമിട്ടു. പിന്നാലെ ഫൈനലിസിമ, ഒടുവിൽ ഖത്തറിന്റെ മണ്ണിൽ ആഗോള ഫുട്ബോളിന്റെ സിംഹാസനത്തിൽ അർജന്റീനയെ പ്രതിഷ്ഠിച്ച്, ആ സുന്ദര രാത്രിയിൽ ലോകകപ്പും മെസിയുടെ ​കൈകളിലേക്ക് എത്തി. ഫുട്ബോളിന്റെ അമരത്തേക്ക് അർജന്റീനയെ നയിച്ചുകൊണ്ട് മെസ്സി തന്റെ രാജ്യത്തിന്റെ എല്ലാ കണക്കുകളും പലിശസഹിതം വീട്ടിയെടുത്തു.

എന്നെങ്കിലും ഒരു നാൾ മെസി അ‌ർജന്റീന ടീമിൽ നിന്ന് വിരമി​ക്കുക തന്നെ വേണ്ടിവരും, പക്ഷേ ഇതൽപ്പം നേരത്തെയായിപ്പോയി എന്ന് വിശ്വസിക്കുന്നവരാണ് ഫുട്ബോൾ ആരാധകർ. കാരണം ക്ലബ് ഫുട്ബോളിൽ തുടരുന്ന മെസി, ഇപ്പോഴും തന്റെ മികവുകൊണ്ട് ​കാണികളെ അ‌ദ്ഭുതപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു. ഇന്റർമയാമിക്കായി കഴിഞ്ഞ ഒരു കളിയിൽ നേടിയ ഫ്രീ കിക്ക് ഗോൾ അ‌തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം മാത്രം.

സ്വരം നന്നായിരിക്കുമ്പോൾ പാട്ടുനിർത്തുക എന്ന ചൊല്ല് പോലെ, ഏറ്റവും ഉന്നതിയിൽ നിൽക്കുമ്പോൾ തന്നെ തന്റെ വിരമിക്കൽ പ്രഖ്യാപിച്ച മെസിയുടെ നടപടി നാളെ കാലം വാഴ്ത്തിയേക്കാം. എന്തായാലും വെറുക്കപ്പെട്ടവനായല്ല, ആരാധകരുടെയും ടീമിന്റെയും ഏറ്റവും പ്രിയപ്പെട്ടവനായാണ് മെസി പടിയിറങ്ങുന്നത്. തങ്ങളുടെ നായകന് ഏറ്റവും മികച്ച യാത്രയയപ്പ് തന്നെ നൽകാൻ അ‌ർജന്റീന ഒന്നാകെ തയാറെടുക്കുന്നു.

വരുംതലമുറയ്ക്ക് ഒരുപിടി ചരിത്രം ബാക്കിവെച്ചാണ് അ‌ർജന്റീനയുടെ പ്രിയപുത്രൻ കളം വിടുന്നത്. മെസിയുടെ വിടവാങ്ങൽ മത്സരത്തിൽ അർജന്റീന – ബെനിനുമായിട്ടാണ് ഏറ്റുമുട്ടുന്നത്. ബ്യൂണസ് ഐറീസിലെ എസ്റ്റാഡിയോ മാസെ മോനുമെന്റൽ സ്റ്റേഡിയത്തിൽ ആണ് മത്സരം. ഇന്ത്യയിലെ ഫുട്ബോൾ ആരാധകർക്ക് മത്സരം ZEE5 ആപ്പിലൂടെ ലൈവായി കാണാം.

English Summary

The Argentina vs. Benin match scheduled for October 6 holds great historical significance as it marks Lionel Messi’s farewell game. Due to time zone differences, the match will take place at 4:30 AM IST on Wednesday, October 7. It will be held at the Estadio Mâs Monumental in Buenos Aires. Football fans in India can watch the match live via the ZEE5 app.

Follow Us