Mondo Duplantis: കരിയറിലെ 14ആമത് ലോക റെക്കോർഡ്; പോൾവാൾട്ടിൽ 6.30 മീറ്റർ ചാടി സ്വർണം കൊയ്ത് മോൺഡോ ഡുപ്ലാൻ്റിസ്
Mondo Duplantis World Record: വീണ്ടും ലോക റെക്കോർഡുമായി മോൺഡോ ഡുപ്ലാൻ്റിസ്. കരിയറിലെ തൻ്റെ 14ആം ലോക റെക്കോർഡാണ് സ്വീഡിഷ് പോൾവാൾട്ട് താരം കുറിച്ചത്.

മോൺഡോ ഡുപ്ലാൻ്റിസ്
കരിയറിലെ 14ആമത് ലോക റെക്കോർഡുമായി സ്വീഡിഷ് പോൾവാൾട്ട് താരം മോൺഡോ ഡുപ്ലാൻ്റിസ്. ജപ്പാനിലെ ടോക്യോയിൽ നടക്കുന്ന ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ 6.30 മീറ്റർ ചാടിയ താരം ലോക റെക്കോർഡോടെ സ്വർണമെഡൽ കരസ്ഥമാക്കി. ഇതോടെ തുടർച്ചയായ മൂന്ന് തവണയാണ് ഡുപ്ലാൻ്റിസ് ലോക ചാമ്പ്യനാവുന്നത്.
കഴിഞ്ഞ മാസം ഹംഗറിയിലെ ബുഡാപെസ്റ്റിൽ നടന്ന ഗ്യുലായ് ഇസ്തവാൻ മെമ്മോറിയലിൽ വച്ച് താരം 6.29 മീറ്റർ ചാടി ലോക റെക്കോർഡിട്ടിരുന്നു. ഈ ദൂരം ഇന്ന് ടോക്യോയിൽ വച്ച് താരം മറികടന്നു. 2025ലെ നാലാമത്തെ ലോക റെക്കോർഡാണ് ഇത്. ഫെബ്രുവരിയിൽ ഫ്രാൻസിലെ ക്ലെർമോണ്ട് ഫെറാൻഡിൽ വച്ച് 6.27 മീറ്റർ ദൂരവും ജൂണിൽ സ്വീഡനിലെ സ്റ്റോക്ക്ഹോമിൽ വച്ച് നടന്ന ഡയമണ്ട് ലീഗിൽ 6.28 മീറ്റർ ദൂരവും താരം കുറിച്ചിരുന്നു. ഇതെല്ലാം ലോക റെക്കോർഡായിരുന്നു.
Also Read: Asia Cup 2025 Prize: ഏഷ്യാകപ്പ് വിജയിക്ക് എത്ര കോടി കിട്ടും? കാത്തിരിക്കുന്ന ആ വമ്പൻ സമ്മാനം
2024ൽ പാരിസിൽ വച്ച് നടന്ന ഒളിമ്പിക്സിൽ 6.25 മീറ്റർ ദൂരം കുറിച്ച താരം സ്വർണമെഡൽ ജേതാവായിരുന്നു. അതിന് ശേഷം അഞ്ച് തവണയാണ് അദ്ദേഹം ഈ നേട്ടം തിരുത്തിയത്. 25 വയസുകാരനായ താരം പോൾവാൾട്ട് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ്.
മൂന്ന് തവണ ശ്രമിച്ചിട്ടാണ് ഡുപ്ലാൻ്റിസ് ലോക റെക്കോർഡ് മറികടന്നത്. 6.10 മീറ്റർ ചാടി സ്വർണമെഡൽ ഉറപ്പിച്ച താരം രണ്ട് തവണ 6.30 മീറ്റർ മറികടക്കാൻ ശ്രമിച്ച് പരാജയപ്പെട്ടു. അവസാന ശ്രമത്തിൽ താരം ഈ ദൂരവും മറികടന്ന് റെക്കോർഡ് കുറിയ്ക്കുകയായിരുന്നു. ആറ് മീറ്റർ ദൂരം ചാടിയ ഇമ്മാനൊയിൽ കരാലി വെള്ളിമെഡലും 5.95 മീറ്റർ ദൂരം ചാടിയ ഓസ്ട്രേലിയയുടെ കർട്ടിസ് മാർഷൽ വെങ്കലവും നേടി.