ISL: ആരുടെയും സഹായം വേണ്ട, ആ അനുമതി നല്‍കിയാല്‍ മാത്രം മതി; ഐഎസ്എല്‍ തന്നെ നടത്താന്‍ ക്ലബുകളുടെ പദ്ധതി
Clubs' new moves amid ISL uncertainty: ഐഎസ്എല്ലിന്റെ അനിശ്ചിതത്വം തുടരുന്നതിനിടെ ലീഗിന്റെ ഉടമസ്ഥാവകാശവും നടത്തിപ്പും ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് ക്ലബുകള്‍. അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന് കത്ത് നൽകി
ഐഎസ്എല്ലിന്റെ ഉടമസ്ഥാവകാശവും നടത്തിപ്പും ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് ക്ലബുകള്‍. ഐഎസ്എല്‍ എന്ന് തുടങ്ങുമെന്നതിലുള്ള അനിശ്ചിതത്വം തുടരുന്നതിനിടെയാണ് ക്ലബുകള്‍ ഈ നിര്‍ദ്ദേശം മുന്നോട്ടുവച്ചത്. വിഷയത്തിൽ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന് (എഐഎഫ്എഫ്) ഈസ്റ്റ് ബംഗാൾ ഒഴികെയുള്ള ക്ലബുകള്‍ കത്ത് നൽകി. ടെൻഡർ പ്രക്രിയയെ അപ്രായോഗികമാക്കുന്ന വ്യവസ്ഥകള്‍ നീക്കം ചെയ്യണമെന്നും ക്ലബുകള്‍ ആവശ്യപ്പെട്ടു. എഫ്‌എസ്‌ഡിഎല്ലുമായുള്ള എഐഎഫ്എഫിന്റെ 15 വർഷത്തെ മാസ്റ്റർ റൈറ്റ്സ് കരാർ (എംആർഎ) ഡിസംബർ എട്ടിന് അവസാനിക്കുന്ന സാഹചര്യത്തിലാണ് ക്ലബുകള്‍ പുതിയ നിര്‍ദ്ദേശം അവതരിപ്പിച്ചത്.
ഐഎസ്എല്‍ തുടങ്ങുന്നതിലെ അനിശ്ചിതത്വം ക്ലബുകളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചു. അനിശ്ചിതത്വം കാരണം പ്രാദേശിക സ്പോൺസർമാർ വാണിജ്യപരമായ പ്രതിബദ്ധതകളില്‍ നിന്ന് പിന്‍മാറാന്‍ കാരണമായതായി ക്ലബുകള്‍ എഐഎഫ്എഫ് പ്രസിഡന്റ് കല്യാൺ ചൗബെയ്ക്ക് അയച്ച കത്തിൽ വ്യക്തമാക്കി.
Also Read: ISL: ഐഎസ്എല്ലിന്റെ ഭാവിയെന്ത്? സുപ്രധാന യോഗം വിളിച്ച് കായിക മന്ത്രാലയം; ബുധനാഴ്ച നിര്‍ണായകം
ടെൻഡർ നടപടികൾക്ക് തടസ്സമുണ്ടാക്കുന്ന വ്യവസ്ഥകൾ ഒഴിവാക്കണമെന്നാണ് ക്ലബുകളുടെ ആവശ്യം. അപ്രായോഗികമായ വ്യവസ്ഥകള്‍ നീക്കം ചെയ്താല്‍ വാണിജ്യ പങ്കാളികളെ കണ്ടെത്താനാകുമെന്ന് ക്ലബുകള്‍ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.
വാണിജ്യ പങ്കാളിയെ കണ്ടെത്താൻ സാധിച്ചില്ലെങ്കിൽ, ലീഗിന്റെ ഭൂരിഭാഗം ഉടമസ്ഥാവകാശവും നടത്തിപ്പും ഏറ്റെടുക്കാൻ ക്ലബ്ബുകൾക്ക് കൂട്ടായി ഒരു കൺസോർഷ്യം രൂപീകരിക്കാൻ കഴിയുന്ന സംവിധാനം നടപ്പിലാക്കണമെന്നാണ് ഐഎസ്എല്‍ ക്ലബുകള്‍ മുന്നോട്ടുവച്ച പ്രധാന നിര്‍ദ്ദേശം. നടപടിക്രമങ്ങളിലെ കാലതാമസം കാരണം ഐഎസ്എല്‍ പ്രതിസന്ധിയിലാകരുത്. എന്നാല്‍ ലീഗിന്റെ നടത്തിപ്പ് എഐഎഫ്എഫ് തന്നെ തുടരണമെന്നാണ് ഈസ്റ്റ് ബംഗാളിന്റെ നിലപാട്.