5
KeralaOnamIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Paralympics 2024 : പാരാലിമ്പിക്സിൽ മെഡൽ വേട്ട തുടർന്ന് ഇന്ത്യ; ഇന്നലെ മാത്രം നേടിയത് എട്ട് മെഡലുകൾ

Paralympics 2024 India Won 8 Medals Yesterday : പാരാലിമ്പിക്സിൽ ഇന്നലെ മാത്രം ഇന്ത്യ നേടിയത് 8 മെഡലുകൾ. രണ്ട് സ്വർണവും മൂന്ന് വീതം വെള്ളിയും വെങ്കലവുമാണ് ഇന്ത്യ ഇന്നലെ സ്വന്തമാക്കിയത്. ഇതോടെ മെഡൽ വേട്ടയിൽ ഇന്ത്യ 15ആം സ്ഥാനത്തെത്തി.

Paralympics 2024 : പാരാലിമ്പിക്സിൽ മെഡൽ വേട്ട തുടർന്ന് ഇന്ത്യ; ഇന്നലെ മാത്രം നേടിയത് എട്ട് മെഡലുകൾ
Paralympics 2024 India Won 8 Medals Yesterday (Image Courtesy – Alex Davidson/Getty Images for International Paralympic Committee)
Follow Us
abdul-basithtv9-com
Abdul Basith | Published: 03 Sep 2024 07:48 AM

പാരാലിമ്പിക്സിൽ മെഡൽ വേട്ട തുടർന്ന് ഇന്ത്യ. ഇന്നലെ (സെപ്തംബർ 2) മാത്രം ഇന്ത്യ നേടിയത് എട്ട് മെഡലുകളാണ്. രണ്ട് സ്വർണം, മൂന്ന് വീതം വെള്ളി, വെങ്കല മെഡലുകളാണ് ഇന്ത്യൻ താരങ്ങൾ ഇന്നലെ നേടിയത്. ജാവലിൻ ത്രോ, ബാഡ്മിൻ്റൺ, അമ്പെയ്ത്ത് എന്നീ ഇനങ്ങളിലാണ് മെഡൽ നേട്ടം. ഇന്നലെ മത്സരിച്ച ഫൈനൽ ഇവൻ്റുകളിൽ ഡിസ്കസ് ത്രോ ഒഴികെ ബാക്കിയെല്ലാത്തിലും മെഡൽ സ്വന്തമാക്കാൻ ഇന്ത്യക്കായി. ഇതോടെ പാരാലിമ്പിക്സിൽ ഇന്ത്യയുടെ മെഡൽ നേട്ടം 15 ആയി.

ടോക്യോ പാരാലിമ്പിക്സിൽ സ്വർണം നേടിയ ജാവലിൻ ത്രോ താരം സുമിത് അൻ്റിൽ റെക്കോർഡ് തകർത്ത് വീണ്ടും പാരിസിൽ സ്വർണം നിലനിർത്തി. തൻ്റെ തന്നെ പാരാലിമ്പിക്സ് റെക്കോർഡ് രണ്ട് തവണ തകർത്ത സുമിത് 70.59 മീറ്റർ ദൂരം ജാവലിൻ എറിഞ്ഞാണ് റെക്കോർഡോടെ സ്വർണം നേടിയത്. ടോക്യോയിൽ മൂന്ന് തവണ റെക്കോർഡ് തകർത്ത സുമിത് 68.55 മീറ്റർ ദൂരം കണ്ടെത്തിയാണ് ചാമ്പ്യനായിരുന്നത്.

പുരുഷന്മാരുടെ ഡിസ്കസ് ത്രോയിൽ യോഗേഷ് കത്തൂനിയ തൻ്റെ രണ്ടാം പാരാലിമ്പിക്സ് മെഡൽ സ്വന്തമാക്കി. സീസൺ ബെസ്റ്റായ 42.22 മീറ്റർ ദൂരത്തേക്ക് ഡിസ്കസ് എറിഞ്ഞ യോഗേഷ് വെള്ളിമെഡൽ സ്വന്തമാക്കി. തൻ്റെ ആദ്യ ത്രോ ആയിരുന്നു മെഡലിലേക്കുള്ള ഏറ്. ടോക്യോയിലും താരം വെള്ളിമെഡൽ നേടിയിരുന്നു.

പുരുഷന്മാരുടെ ബാഡ്മിൻ്റൺ എസ്എൽ3 സിംഗിൾസിൽ നിതേഷ് കുമാർ സ്വർണം നേടി. ഗ്രേറ്റ് ബ്രിട്ടണിൻ്റെ ഡാനിയൽ ബെതലിനെ കടുത്ത പോരാട്ടത്തിനൊടുവിലാണ് നിതേഷ് കീഴടക്കിയത്. മൂന്ന് സെറ്റുകൾ നീണ്ട മാരത്തൺ പോരാട്ടത്തിൽ 21-14, 18-21, 23-21 എന്ന സ്കോറിനായിരുന്നു താരത്തിൻ്റെ വിജയം. മുൻപ് 9 തവണ ബെതലിനെതിരെ കളിച്ചപ്പോഴും ഒരു തവണ പോലും വിജയിക്കാൻ നിതേഷിന് കഴിഞ്ഞിരുന്നില്ല. ഇന്നലെ ആ നേട്ടത്തോടൊപ്പം സ്വർണമെഡൽ നേടാനും താരത്തിനായി.

Also Read : Kerala Cricket League : മഴയത്തൊരു ലോ സ്കോറിങ് ത്രില്ലർ; നായകൻ മുന്നിൽ നിന്ന് നയിച്ചപ്പോൾ റോയൽസിന് ഒരു റൺ ജയം

വനിതാ സിംഗിൾസ് എസ്‌യു5 ബാഡ്മിൻ്റണിൽ മനീഷ രാംദാസ് വെങ്കലം നേടി. 19കാരിയായ മനീഷ ഡെന്മാർക്കിൻ്റെ കാതറിൻ റോസൻഗ്രീനെ തകർത്തെറിഞ്ഞാണ് വെങ്കലം നേടിയത്. വെറും 25 മിനിട്ട് നീണ്ട മത്സരത്തിൽ 21-12, 21-8 എന്ന സ്കോറിനായിരുന്നു താരത്തിൻ്റെ വിജയം.

ഇതേയിനത്തിൽ തുളസീമതി മുരുഗേശൻ വെള്ളി മെഡൽ നേടി. നിലവിലെ ജേതാവായ ചൈനീസ് താരം യാങ് ക്യുഷ്യയെ ഫൈനലിൽ നേരിട്ട തുളസീമതി രണ്ട് സെറ്റുകൾ നീണ്ട പോരാട്ടത്തിൽ പരാജയം സമ്മതിക്കുകയായിരുന്നു. വെറും 30 മിനിട്ട് മാത്രം നീണ്ട് നിന്ന മത്സരത്തിൽ 21-17, 21-10 എന്ന സ്കോറിനായിരുന്നു ചൈനീസ് താരത്തിൻ്റെ ജയം.

പുരുഷ സിംഗിൾസ് എസ്എൽ4 ബാഡ്മിൻ്റണിൽ സുഹാസ് യതിരാജ് വെള്ളി നേടി. ഫ്രാൻസിൻ്റെ ലൂക്കാസ് മാസുറിനെയാണ് ഫൈനലിൽ സുഹാസ് നേരിട്ടത്. 34 മിനിട്ട് മാത്രം നീണ്ടുനിന്ന പോരിൽ 21-9, 21-13 എന്ന സ്കോറിന് ഫ്രഞ്ച് താരം വിജയം നേടി. ഇതോടെ സുഹാസിന് വെള്ളി.

അമ്പെയ്ത്ത് മിക്സഡ് ടീം ഇനത്തിൽ ശീതൾ ദേവി – രാകേഷ് കുമാർ സഖ്യം വെങ്കലം നേടി. ഇറ്റാലിയൻ സഖ്യത്തിനെതിരെ 156-155 എന്ന സ്കോറിനായിരുന്നു ഇന്ത്യൻ സഖ്യത്തിൻ്റെ ജയം. ഇതോടെ ആകെ സ്കോറിൽ പാരാലിമ്പിക്സ് റെക്കോർഡിനൊപ്പമെത്താനും ഇന്ത്യക്ക് സാധിച്ചു. ടോക്യോയിൽ തുർക്കിയാണ് മുൻപ് മിക്സഡ് ടീം അമ്പെയ്ത്തിൽ 156 എന്ന സ്കോറിലെത്തിയത്.

വനിതാ സിംഗിൾസ് എസ്എച്ച്6 ബാഡ്മിൻ്റണിൽ നിത്യ ശ്രീ ശിവൻ വെങ്കല മെഡൽ നേടി. ഇൻഡോനേഷ്യയുടെ റിന മാർലീനയെ 21-14, 21-6 എന്ന സ്കോറിന് വീഴ്ത്തിയാണ് നിത്യ വെങ്കല നേട്ടം സ്വന്തമാക്കിയത്.

ഇന്നലത്തെ തകർപ്പൻ പ്രകടനത്തോടെ ഇന്ത്യക്ക് പാരാലിമ്പിക്സിൽ ആകെ 15 മെഡലുകളായി. മൂന്ന് സ്വർണവും അഞ്ച് വെള്ളിയും ഏഴ് വെങ്കലവും സഹിതമാണ് ഇന്ത്യയുടെ നേട്ടം. മെഡൽ നിലയിൽ ഇന്ത്യ 15ആം സ്ഥാനത്താണ്.

 

Latest News