Ind vs Nz : വാഷിംഗ്ടൺ സുന്ദറിനെ എന്തിന് ടീമിലെടുത്തു എന്ന് കളിക്ക് മുൻപേ വിമർശനം; കളി കഴിഞ്ഞതോടെ യുടേണടിച്ച് ഗവാസ്കർ
Sunil Gavaskar Takes U Turn on Washington Sundar : വാഷിംഗ്ടൺ സുന്ദറിനെ ടീമിലെടുത്തതിൻ്റെ പേരിലുള്ള വിമർശനത്തിൽ യു ടേണടിച്ച് സുനിൽ ഗവാസ്കർ. സുന്ദറിൻ്റെ സെലക്ഷനെ കളിക്ക് മുൻപ് വിമർശിച്ച ഗവാസ്കർ കളിക്കിടെ താരത്തെ പുകഴ്ത്തി രംഗത്തുവരികയായിരുന്നു.
ഓൾറൗണ്ടർ വാഷിംഗ്ടൺ സുന്ദറിനെ ടീമിലെടുത്തതിൻ്റെ പേരിൽ ടീം മാനേജ്മെൻ്റിനെ വിമർശിച്ച മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കറിനെതിരെ സോഷ്യൽ മീഡിയ. ടോസിൻ്റെ സമയത്ത് ടീം വെളിപ്പെടുത്തുന്നതിനിടെയാണ് കുൽദീപ് യാദവിന് പകരം വാഷിംഗ്ടൺ സുന്ദർ ടീമിൽ ഇടം പിടിച്ചു എന്ന് രോഹിത് അറിയിക്കുന്നത്. ഇതോടെ, ആ സമയത്ത് കമൻ്ററി പാനലിലുണ്ടായിരുന്ന ഗവാസ്കർ രോഹിതിനെയും ഗംഭീറിനെയും വിമർശിക്കുകയായിരുന്നു.
“വാഷിംഗ്ടൺ സുന്ദറിനെ ടീമിലെടുത്തതിൽ നിന്ന് എനിക്ക് മനസിലാവുന്നത് ഇന്ത്യൻ ടീമിന് ബാറ്റിംഗിൽ ആശങ്കയുണ്ടെന്നാണ്. ഓഫ് സ്പിന്നർ ആയതുകൊണ്ട് മാത്രമല്ല, ലോവർ ഓർഡറിൽ റൺസെടുക്കുമെന്നതും സുന്ദറിനെ സെലക്ട് ചെയ്യാനുള്ള കാരണമാണ്. ന്യൂസീലൻഡ് ബാറ്റിംഗ് ലൈനപ്പിൽ ഒരുപാട് ലെഫ്റ്റ് ഹാൻഡ് ബാറ്റർമാർ ഉണ്ടെന്നത് സത്യമാണ്. പക്ഷേ, ഞാനാണെങ്കിൽ കുൽദീപ് യാദവിനെപ്പോലൊരാളെ ടീമിലെടുത്തേനെ. ലെഫ്റ്റ് ഹാൻഡർമാരിൽ നിന്ന് പന്ത് തിരിക്കാൻ കുൽദീപിന് കഴിയും. ബാറ്റ് കൊണ്ടും മോശമല്ലാത്ത താരമാണ് കുൽദീപ്. എന്നാൽ, സുന്ദറിനെപ്പോലെ ഒരു ബാറ്ററല്ല.”- ഗവാസ്കർ പറഞ്ഞു.
Also Read : Ind vs Nz : ഏഴ് വിക്കറ്റ് നേട്ടവുമായി വാഷിംഗ്ടൺ സുന്ദർ; കോൺവേയ്ക്കും രചിനും ഫിഫ്റ്റി; കിവീസ് 259ന് ഓൾ ഔട്ട്
കളി തുടങ്ങി ആദ്യ മൂന്ന് വിക്കറ്റുകൾ അശ്വിൻ നേടിയ ശേഷം വാഷിംഗ്ടൺ സുന്ദർ ആണ് തിളങ്ങിയത്. സുന്ദർ തുടരെ വിക്കറ്റുകൾ സ്വന്തമാക്കിയതോടെ സോഷ്യൽ മീഡിയയിൽ ഗവാസ്കറിനെതിരെ വിമർശനങ്ങളുയർന്നു. ഇതിനിടെയാണ് ഗവാസ്കർ വിഷയത്തിൽ യുടേൺ അടിച്ചത്. ഫിഫ്റ്റിയടിച്ച് മനോഹരമായി ബാറ്റ് ചെയ്തിരുന്ന രചിൻ രവീന്ദ്രയെ ഒരു തകർപ്പൻ പന്തിൽ സുന്ദർ ക്ലീൻ ബൗൾഡാക്കിയതോടെയാണ് കമൻ്ററിയിലുണ്ടായിരുന്ന ഗവാസ്കർ നിലപാട് മാറ്റിയത്. “എന്തൊരു തകർപ്പൻ സെലക്ഷൻ. ബാറ്റ് ചെയ്യാനും പന്തെറിയാനും കഴിയുന്നതുകൊണ്ടാണ് അദ്ദേഹത്തെ ടീമിൽ ഉൾപ്പെടുത്തിയത്.”- ഗവാസ്കർ പറഞ്ഞു. മത്സരം അവസാനിക്കുമ്പോൾ ബാക്കിയുള്ള ഏഴ് വിക്കറ്റും സുന്ദറാണ് സ്വന്തമാക്കിയത്. ഇതോടെ സോഷ്യൽ മീഡിയയിൽ ഗവാസ്കറിനെതിരായ വിമർശനം ശക്തമായി. ട്രോളുകൾ നിറഞ്ഞു. ഗവാസ്കറിൻ്റെ ആദ്യ നിലപാടും യുടേണും സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.
മത്സരത്തിൽ ന്യൂസീലൻഡ് 259 റൺസിന് ഓൾ ഔട്ടായി. ഡെവോൺ കോൺവേയുടെയും രചിൻ രവീന്ദ്രയുടെയും തകർപ്പൻ ഫിഫ്റ്റികൾ ന്യൂസീലൻഡിന് തുണയായപ്പോൾ ഏഴ് വിക്കറ്റ് വീഴ്ത്തിയ വാഷിംഗ്ടൺ സുന്ദറാണ് ഇന്ത്യൻ ആക്രമണത്തെ നയിച്ചത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ കിവീസ് ആക്രമണത്തിൽ പതറുകയാണ്. റൺസൊന്നുമെടുക്കാതെ ക്യാപ്റ്റൻ രോഹിത് ശർമ മടങ്ങിയപ്പോൾ ആദ്യ ദിനം അവസാനിക്കെ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 16 റൺസെന്ന നിലയിലാണ്. ശുഭ്മൻ ഗില്ലും (10) യശസ്വി ജയ്സ്വാളുമാണ് (6) ക്രീസിൽ.