Vinicius Junior: 16കാരിയായ വോളിബോൾ താരത്തിൻ്റെ ഇൻസ്റ്റഗ്രാം പോസ്റ്റുകൾക്ക് തുടരെ ലൈക്ക്; വിനീഷ്യസ് ജൂനിയറിനെതിരെ സോഷ്യൽ മീഡിയ
Vinicius Junior - Miray Yildrim: വിനീഷ്യസ് ജൂനിയറിനെ വിമർശിച്ച് സോഷ്യൽ മീഡിയ. 16 വയസുകാരിയായ വോളിബോൾ താരത്തിനെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്ത് അവരുടെ പോസ്റ്റുകൾ തുടരെ ലൈക്ക് ചെയ്തതാണ് വിവാദമായത്.

വിനീഷ്യസ് ജൂനിയർ, മിറായ് യിൽഡ്രിം
16 വയസുകാരിയായ വോളിബോൾ താരത്തിൻ്റെ ഇൻസ്റ്റഗ്രാം പോസ്റ്റുകൾ ലൈക്ക് ചെയ്ത വിനീഷ്യസ് ജൂനിയറിനെതിരെ സോഷ്യൽ മീഡിയ. ടർക്കിഷ് വോളിബോൾ താരം മിറായ് യിൽഡ്രിമിൻ്റെ ഇൻസ്റ്റഗ്രാം പോസ്റ്റുകൾ തുടരെ ലൈക്ക് ചെയ്തത് താരത്തിൻ്റെ ശ്രദ്ധ പിടിച്ചുപറ്റി ഡേറ്റിങിന് ക്ഷണിക്കാനാണെന്നാണ് സോഷ്യൽ മീഡിയ ആരോപിക്കുന്നത്. ഇതോടെ റയൽ മാഡ്രിഡിൻ്റെ ബ്രസീൽ താരത്തിനെതിരെ വിമർശനം ശക്തമാണ്.
മിറായ് യിൽഡ്രിമിനെ ഫോളോ ചെയ്ത് ഇൻസ്റ്റഗ്രാം പോസ്റ്റുകൾക്ക് വിനീഷ്യസ് ജൂനിയർ തുടരെ ലൈക്ക് ചെയ്യുന്നത് ടർക്കിഷ് താരത്തിൻ്റെ വയസ് എത്രയാണെന്നറിഞ്ഞിട്ടാണോ എന്ന് സോഷ്യൽ മീഡിയ ചോദിക്കുന്നു. വയസ് അറിഞ്ഞുകൊണ്ട് തന്നെ ആണെങ്കിൽ 18 വയസ് പോലും തികയാത്ത കുട്ടിയെ സോഷ്യൽ മീഡിയയിൽ വിനീഷ്യസ് ശല്യപ്പെടുത്തുകയാണെന്നും സോഷ്യൽ മീഡിയ ആരോപിക്കുന്നു.
അതേസമയം, താരത്തിനെ പിന്തുണച്ചും ചിലർ രംഗത്തുവന്നു. സോഷ്യൽ മീഡിയയിൽ ഒരാളെ പിന്തുടരുന്നതും പോസ്റ്റുകൾ ലൈക്ക് ചെയ്യുന്നതും കുറ്റകരമല്ല എന്നാണ് ഇവർ നിരത്തുന്ന ന്യായം. വിവാദങ്ങൾക്ക് പിന്നാലെ പോസ്റ്റുകളിലെ ലൈക്ക് വിനീഷ്യസ് ജൂനിയർ പിൻവലിച്ചു എന്നും റിപ്പോർട്ടുകളുണ്ട്.
റയൽ മാഡ്രിഡിൻ്റെ ബ്രസീലിയൻ ഫുട്ബോൾ താരമാണ് വിനീഷ്യസ് ജൂനിയർ. 24 വയസുകാരനായ താരം നിലവിലെ യുവതാരങ്ങളിൽ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളാണ്. 2017ൽ ബ്രസീലിയൻ ക്ലബായ ഫ്ലമിങോയിലൂടെ പ്രൊഫഷണൽ കരിയർ ആരംഭിച്ച വിനീഷ്യസിനെ 2018ൽ റയൽ മാഡ്രിഡ് ബി ടീമിലെത്തിച്ചു. അതേവർഷം തന്നെ താരം സീനിയർ ടീമിൽ അരങ്ങേറുകയും ചെയ്തു. റയലിനായി 198 മത്സരം കളിച്ച വിനീഷ്യസ് 59 ഗോളുകളും നേടിയിട്ടുണ്ട്. ബ്രസീൽ ദേശീയ ടീമിനായി 37 മത്സരം കളിച്ച വിനീഷ്യസ് അഞ്ച് ഗോളുകളും നേടി.
ലാ ലിഗയിൽ തുടർവിജയങ്ങളുമായി ചിരവൈരികളായ ബാഴ്സലോണ റയലിനെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തി. കഴിഞ്ഞ മത്സരത്തിൽ അത്‌ലറ്റികോ മാഡ്രിഡിനെ രണ്ടിനെതിരെ നാല് ഗോളുകൾക്ക് വീഴ്ത്തിയ ബാഴ്സ 27 മത്സരങ്ങളിൽ നിന്ന് 60 പോയിൻ്റ് നേടി. രണ്ടാം സ്ഥാനത്തുള്ള റയൽ മാഡ്രിഡ് 28 മത്സരങ്ങളിൽ നിന്ന് 60 പോയിൻ്റാണ് നേടിയത്. ഗോൾ ഡിഫറൻസാണ് ബാഴ്സയെ ഒന്നാം സ്ഥാനത്തെത്തിച്ചത്.