ഇതുവരെ സ്വന്തമാക്കിയതെല്ലാം നഷ്ടപ്പെടും? മാഞ്ചസ്റ്റര്‍ സിറ്റി ചെന്നുപെട്ടത് ഊരാക്കുടുക്കില്‍! ഇനി എന്ത്?
Manchester City financial misconduct case: മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ കടുത്ത ശിക്ഷാനടപടികള്‍ ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. മറ്റ് എതിര്‍ക്ലബുകള്‍ വന്‍തുക നഷ്ടപരിഹാരം ആവശ്യപ്പെട്ട് സ്വന്തം നിലയില്‍ നിയമനടപടികള്‍ ആരംഭിക്കാന്‍ ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ 15 വര്‍ഷത്തിനിടെ സിറ്റി നേടിയ കിരീടങ്ങളും മറ്റ് നേട്ടങ്ങളും തിരിച്ചുപിടിക്കണമോ എന്നതിനെച്ചൊല്ലിയും വലിയ ചര്‍ച്ചകള്‍ നടക്കുന്നു.

മാഞ്ചസ്റ്റര്‍ സിറ്റി
സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണങ്ങളാണ് മാഞ്ചസ്റ്റര്‍ സിറ്റി നേരിടുന്നത്. സാമ്പത്തിക ക്രമക്കേടുകളില്‍ ക്ലബ് കുറ്റക്കാരാണെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. മാഞ്ചസ്റ്റര്‍ സിറ്റിയും പ്രീമിയര്‍ ലീഗും തമ്മിലുള്ള നിയമപോരാട്ടത്തില്‍ അന്തിമ വിധി വന്നിട്ടില്ലെങ്കിലും, ക്ലബിന്റെ ഭാവി ഇനി എന്തായിത്തീരുമെന്ന ചര്‍ച്ചകള്‍ സജീവമാണ്. കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി പ്രീമിയര്‍ ലീഗില്‍ ആധിപത്യം പുലര്‍ത്തുന്ന സിറ്റിക്കെതിരെ കടുത്ത ശിക്ഷാനടപടികള്‍ ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. മറ്റ് എതിര്‍ക്ലബുകള്‍ വന്‍തുക നഷ്ടപരിഹാരം ആവശ്യപ്പെട്ട് സ്വന്തം നിലയില്‍ നിയമനടപടികള്‍ ആരംഭിക്കാന്‍ ഒരുങ്ങുകയാണെന്ന് വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ 15 വര്‍ഷത്തിനിടെ സിറ്റി നേടിയ കിരീടങ്ങളും മറ്റ് നേട്ടങ്ങളും തിരിച്ചുപിടിക്കണമോ എന്നതിനെച്ചൊല്ലിയും വലിയ ചര്‍ച്ചകള്‍ നടക്കുന്നതായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട് 115 ആരോപണങ്ങളാണ് സിറ്റി നേരിടുന്നത്. ഇതില്‍ ഒന്നൊഴികെ മറ്റെല്ലാത്തിലും കുറ്റക്കാരാണെന്ന് കണ്ടെത്തിയതായി ‘ദി അത്‌ലറ്റിക്’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ശിക്ഷാ നടപടികളൊന്നും ഇതുവരെ തീരുമാനിച്ചിട്ടില്ല.
അപ്പീല്‍ നല്‍കാന്‍ ക്ലബ്
കുറ്റക്കാരാണെന്ന് കണ്ടെത്തി ശിക്ഷാവിധി വന്നാൽ പോലും, ക്ലബ്ബ് തീർച്ചയായും അപ്പീൽ നൽകാനാണ് സാധ്യത. ക്ലബിന്റെ നിരപരാധിത്വം തെളിയിക്കുന്നതിനായി തങ്ങള്‍ക്ക് ശക്തമായ ആത്മവിശ്വാസവും ലക്ഷ്യബോധവുമുണ്ടെന്ന് ചെയര്‍മാന്‍ ഖല്‍ദൂണ്‍ അല്‍ മുബാറക് ആരാധകര്‍ക്കായി എഴുതിയ കത്തില്‍ വ്യക്തമാക്കി.
Also Read: Kerala Blasters: മഞ്ഞപ്പട അല്‍ ഫര്‍സാന്‍ ഗ്രൂപ്പിന് സ്വന്തം; കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍
2018-ല്‍ ജര്‍മ്മന്‍ മാധ്യമമായ ‘ഡെര്‍ സ്പീഗല്‍’ സിറ്റി എക്‌സിക്യൂട്ടീവുകളില്‍ നിന്നുള്ള ചോര്‍ന്ന രേഖകള്‍ പുറത്തുവിട്ടതോടെയാണ് കേസ് ആരംഭിച്ചത്. പോയിന്റ് കുറയ്ക്കുക, പിഴ ചുമത്തുക, അല്ലെങ്കിൽ ലീഗിൽ നിന്ന് പുറത്താക്കുക എന്നിങ്ങനെ വിവിധ തരത്തിലുള്ള ശിക്ഷാ നടപടികൾ പ്രീമിയർ ലീഗ് ചട്ടങ്ങൾ പ്രകാരം സ്വീകരിച്ചേക്കാം.
സാമ്പത്തിക ചട്ടങ്ങൾ ലംഘിച്ചതിന് 2023/24 സീസണിൽ എവർട്ടൺ, നോട്ടിംഗ്ഹാം ഫോറസ്റ്റ് എന്നീ ക്ലബുകളുടെ പോയിന്റുകള്‍ കുറച്ചിരുന്നു. എന്നാല്‍ സിറ്റി നിലവില്‍ നേരിടുന്ന നൂറിലധികം ആരോപണങ്ങളില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ തരംതാഴ്ത്തല്‍ അടക്കമുള്ള നടപടികള്‍ നേരിട്ടേക്കാം.
2009 നും 2018 നും ഇടയിലുള്ള കാലയളവിലെ കുറ്റങ്ങളിലാണ് സിറ്റി ആരോപണം നേരിടുന്നത്. ഈ കാലയളവില്‍ ക്ലബ് നാല് ലീഗ് കിരീടങ്ങള്‍ നേടിയിരുന്നു. അതിനുശേഷം സിറ്റി മറ്റ് നാല് കിരീടങ്ങള്‍ കൂടി സ്വന്തമാക്കി. എന്തായാലും, എന്താകും മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഭാവിയെന്ന് വരും ദിവസങ്ങളില്‍ വ്യക്തമാകും.
English Summary
Manchester City faces potential sanctions after being reported guilty of financial misconduct. Punishments could include heavy fines, points deductions, or relegation from the Premier League. Rival clubs are preparing legal action and claiming hundreds of millions in compensation. City is expected to appeal any adverse verdict, creating a lengthy legal battle.