Wimbledon Final 2025: കന്നിക്കിരീടത്തിന് സിന്നർ; ഹാട്രിക്കടിക്കാൻ അൽകാരസ്: പുൽമൈതാനത്തിന് തീപിടിക്കുന്നു
Wimbledon Final 2025 Match Preview: പുരുഷ വിംബിൾഡൺ ഫൈനൽ മത്സരം പുരോഗമിക്കുന്നു. കാർലോസ് അൽകാരസും യാനിക് സിന്നറുമാണ് ഏറ്റുമുട്ടുന്നത്.
പുരുഷ വിംബിൾഡൺ ഫൈനൽ ജേതാവിനെ അല്പസമയത്തിനുള്ളിൽ അറിയാം. കലാശപ്പോരിൽ ഇറ്റാലിയൻ താരം യാനിക് സിന്നർ സ്പാനിഷ് താരവും നിലവിലെ ജേതാവുമായ കാർലോസ് അൽകാരസിനെ നേരിടും. കഴിഞ്ഞ രണ്ട് തവണയും വിംബിൾഡൺ നേടിയ അൽകാരസ് ഹാട്രിക് കിരീടം ലക്ഷ്യമിട്ടാണ് ഇന്നിറങ്ങുക. കന്നിക്കിരീടമാണ് യാനിക് സിന്നറിൻ്റെ ലക്ഷ്യം. ഇന്ത്യൻ സമയം രാത്രി 8.30നാണ് മത്സരം.
സെമിഫൈനലിൽ സാക്ഷാൽ നൊവാക് ജോകോവിചിനെ വീഴ്ത്തിയാണ് സിന്നർ കിരീടപ്പോരിലെത്തുന്നത്. ഏഴ് തവണ ചാമ്പ്യനായ ജോകോവിചിനെ നേരിട്ടുള്ള സെറ്റുകൾക്കാണ് സിന്നർ തകർത്തത്. സ്കോർ 6-3, 6-3, 6-4. ജോകോവിചിനെ കീഴടക്കിയെന്നത് സിന്നറിന് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. അൽകാരസ് ആവട്ടെ സെമിഫൈനലിൽ ടെയ്‌ലർ ഫ്രിറ്റ്സിനെ തോല്പിച്ച് കലാശപ്പോരിലേക്ക് ടിക്കറ്റെടുത്തു. ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്കായിരുന്നു അൽകാരസിൻ്റെ ജയം. സ്കോർ 6-4, 5-7, 6-3, 7-6. നിലവിലെ ഫോം പരിഗണിക്കുമ്പോൾ സിന്നറിനാണ് മുൻതൂക്കമെങ്കിലും താരത്തിനെതിരെ അൽകാരസിന് മുൻതൂക്കമുണ്ട്. ആദ്യ രണ്ട് സെറ്റ് നേടിയിട്ടും ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ അൽകാരസിനെതിരെ പരാജയപ്പെട്ട ഓർമ്മ സിന്നറിനുണ്ടാവും. ഈ തോൽവിയ്ക്ക് പകരം വീട്ടലും താരത്തിൻ്റെ ലക്ഷ്യമാണ്.
സിന്നറും അൽകാരസും പരസ്പരം ഏറ്റുമുട്ടിയത് 12 തവണയാണ്. ഇതിൽ എട്ടിലും വിജയം അൽകാരസിനൊപ്പമായിരുന്നു. സിന്നറുടെ പേരില്‍ നാല് ജയങ്ങൾ. സിന്നർ അല്‍കാരസിനെ അവസാനം തോല്പിച്ചത് രണ്ട് കൊല്ലം മുൻപ്. എന്നാല്‍ പുല്‍മൈതാനത്തിൽ അവസാനം ഏറ്റുമുട്ടിയപ്പോൾ അൽകാരസിനെ തോല്പിക്കാനായെന്നത് സിന്നര്‍ക്ക് ആത്മവിശ്വാസം നൽകും. 2022ലെ വിംബിള്‍ഡൺ നാലാം റൗണ്ടിലാണ് ഒടുവിൽ ഇരുവരും പുൽമൈതാനത്ത് ഏറ്റുമുട്ടിയത്.
വനിതകളുടെ വിംബിൾഡൺ ജേതാവായത് പോളണ്ട് താരം ഇഗ സ്വിയറ്റെക് ആയിരുന്നു. അമേരിക്കൻ താരം അമാൻഡ അനിസിമോവയെ ഒരു പോയിൻ്റ് പോലും നഷ്ടപ്പെടുത്താതെ ഇഗ കീഴ്പ്പെടുത്തി.