WTC Final: കാത്തിരിപ്പിന് വിരാമിടാന്‍ ദക്ഷിണാഫ്രിക്ക; കയ്യെത്തും ദൂരെ സ്വപ്‌നകിരീടം; ഇത് 2025ന്റെ മാജിക്ക്
WTC Final South Africa vs Australia: സമീപകാലക്രിക്കറ്റില്‍ ദക്ഷിണാഫ്രിക്ക സംഭാവന ചെയ്ത ഏറ്റവും മികച്ച ടെസ്റ്റ് താരമാണ് ബവുമയെന്ന് ലോര്‍ഡ്‌സിലെ ഈ പ്രകടനം ഒരിക്കല്‍ കൂടി അടിവരയിടുന്നു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ട്രോഫിയുയര്‍ത്തി തന്നെ പരിഹസിച്ചവര്‍ക്ക് മറുപടി നല്‍കാന്‍ ബവുമയ്ക്ക് സാധിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ
ഇതുവരെ കിരീടം നേടാത്തവര്‍, അടുത്തകാലത്തൊന്നും കപ്പുയര്‍ത്താന്‍ ഭാഗ്യം ലഭിക്കാത്തവര്‍…അങ്ങനെ ഒരുപറ്റം ഹതഭാഗ്യരുടെ കാത്തിരിപ്പിന് വിരാമം കുറിച്ച വര്‍ഷമാണ് 2025. എഫ്എ കപ്പില്‍ ക്രിസ്റ്റല്‍ പാലസും, കോപ്പ ഇറ്റാലിയയില്‍ ബൊളോണ എഫ്‌സിയും, യൂറോപ്പ ലീഗില്‍ ടോട്ടനവും, യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ പിഎസ്ജിയും, ഇഎഫ്എല്‍ കപ്പില്‍ ന്യൂകാസില്‍ യുണൈറ്റഡും, ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും, ബിഗ്ബാഷില്‍ ഹൊബാര്‍ട്ട് ഹരിക്കേന്‍സും അടക്കമുള്ള ടീമുകള്‍ കിരീടനേട്ടത്തിനായുള്ള കാത്തിരിപ്പുകള്‍ ഈ വര്‍ഷം അവസാനിപ്പിച്ചവരാണ്. സൂപ്പര്‍താരങ്ങളായ വിരാട് കോഹ്ലി ഐപിഎല്ലിലും, ഹാരി കെയ്ന്‍ ബുണ്ടസ്ലിഗയിലും കിരീടസ്വപ്‌നം യാഥാര്‍ത്ഥ്യമാക്കി. ആറു വര്‍ഷങ്ങള്‍ക്കുശേഷം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍ യുവേഫ നേഷന്‍സ് ലീഗില്‍ ചാമ്പ്യന്‍മാരായതും ഈ വര്‍ഷമാണ്.
കാത്തിരിപ്പുകള്‍ക്ക് വിരാമം കുറിക്കുന്ന 2025ന്റെ മാജിക്ക് അത്ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലും ആവര്‍ത്തിക്കും. പ്രതിഭാസമ്പന്നരുടെ തട്ടകമെങ്കിലും ഇതുവരെ പ്രധാന ഐസിസി കിരീടങ്ങള്‍ നേടാനാകാത്തവരെന്ന നാണക്കേട് പേറുന്ന ദക്ഷിണാഫ്രിക്കയ്ക്ക് എല്ലാ ദുഷ്‌പേരും മായ്ച്ചുകളയുന്നതിനുള്ള സുവര്‍ണാവസരമാണ് ഓസീസിനെതിരെ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍. 1998ല്‍ നേടിയ ചാമ്പ്യന്‍സ് ട്രോഫി മാത്രമാണ് ദക്ഷിണാഫ്രിക്കയുടെ അക്കൗണ്ടിലുള്ള എടുത്തുപറയത്തക്ക കിരീടനേട്ടം.
ഏകദിന, ടി20 ലോകകപ്പുകള്‍ ഇന്നും വിദൂരസ്വപ്‌നത്തുള്ള ടീം. എന്നാല്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് എന്ന പല ടീമുകള്‍ക്കും ഇന്നും കിട്ടാക്കനിയായ കിരീടനേട്ടത്തിന് തൊട്ടരികിലാണ് ടെംബ ബവുമയുടെ പ്രോട്ടീസ് സംഘം. മത്സരത്തിന്റെ നാലാം ദിനമായ ഇന്ന് വെറും 69 റണ്‍സ് നേടിയാല്‍ ദക്ഷിണാഫ്രിക്ക ചാമ്പ്യന്‍മാരാകും. എട്ട് വിക്കറ്റുകള്‍ ബാക്കിയുണ്ടെന്നതാണ് ദക്ഷിണാഫ്രിക്കയ്ക്ക് ആത്മവിശ്വാസം പകരുന്ന ഘടകം. 159 പന്തില്‍ 102 റണ്‍സുമായി എയ്ഡന്‍ മര്‍ക്രമും, 121 പന്തില്‍ 65 റണ്‍സുമായി ബവുമയുമാണ് ക്രീസില്‍. ബവുമയുടെ പരിക്കാണ് ദക്ഷിണാഫ്രിക്കയെ അലട്ടുന്ന നേരിയ ആശങ്ക.




പരിക്കിന്റെ പിടിയിലാണ് താരം മൂന്നാം ദിനം ബാറ്റ് ചെയ്തത്. കടുത്ത വേദനയ്ക്കിടയിലും താരം ടീമിനായി പടപൊരുതി. ഉയരക്കുറവിന്റെ പേരിലടക്കം ധാരാളം പരിഹാസങ്ങളിലൂടെ കടന്നുപോയ താരമാണ് ബവുമ. റിസര്‍വേഷനിലൂടെ ടീമിലെത്തിയ താരമെന്നും പരിഹാസമുയര്‍ന്നിരുന്നു. എന്നാല്‍ സമീപകാലക്രിക്കറ്റില്‍ ദക്ഷിണാഫ്രിക്ക സംഭാവന ചെയ്ത ഏറ്റവും മികച്ച ടെസ്റ്റ് താരമാണ് ബവുമയെന്ന് ലോര്‍ഡ്‌സിലെ ഈ പ്രകടനം ഒരിക്കല്‍ കൂടി അടിവരയിടുന്നു. ദക്ഷിണാഫ്രിക്ക കിരീടവരള്‍ച്ച അവസാനിപ്പിക്കുന്നതിനൊപ്പം, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ട്രോഫിയുയര്‍ത്തി തന്നെ പരിഹസിച്ചവര്‍ക്ക് മറുപടി നല്‍കാന്‍ ബവുമയ്ക്ക് സാധിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.