Xavi: സാവി ഇന്ത്യൻ ടീമിനെ പരിശീലിപ്പിക്കേണ്ട; അപേക്ഷ തള്ളി എഐഎഫ്എഫ്
AIFF Rejects Xavi As Indian Coach: ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലക സ്ഥാനത്തേക്ക് അപേക്ഷ നൽകിയ സാവിയെ തള്ളി എഐഎഫ്എഫ്. ഫൈനൽ ഷോർട്ട് ലിസ്റ്റിൽ താരം ഇല്ലെന്നാണ് വിവരം.
ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലക സ്ഥാനത്തേക്ക് അപേക്ഷ സമർപ്പിച്ചവരിൽ ബാഴ്സലോണയുടെ മുൻ പരിശീലകൻ സാവിയും. എന്നാൽ, ബാഴ്സ ഇതിഹാസ താരത്തിൻ്റെ അപേക്ഷ എഐഎഫ്എഫ് തള്ളി. ഇക്കാര്യം എഐഎഫ്എഫ് നാഷണൽ ടീം ഡയറക്ടർ സുബ്രത പോൾ മാധ്യമങ്ങളോട് സ്ഥിരീകരിച്ചു.
“അപേക്ഷകൾ അയച്ചവരിൽ സാവിയുടെ പേര് ഉണ്ടായിരുന്നു. എഐഎഫ്എഫിന് ഇമെയിൽ വഴിയാണ് അദ്ദേഹം അപേക്ഷ സമർപ്പിച്ചത്.”- സുബ്രത പോൾ സ്ഥിരീകരിച്ചു. തൻ്റെ സ്വന്തം ഇമെയിൽ ഐഡിയിൽ നിന്നാണ് അദ്ദേഹം അപേക്ഷ അയച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ഷോർട്ട്ലിസ്റ്റ് ചെയ്ത മറ്റ് അപേക്ഷകരുടേതിൽ നിന്ന് വ്യത്യസ്തമായി സാവിയുടെ കോണ്ടാക്ട് നമ്പർ കോളം ഒഴിഞ്ഞുകിടക്കുകയായിരുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു.
Also Read: Hulk Hogan: റെസ്ലിങ് റിങിലെ അതിമാനുഷൻ; ഡബ്ല്യുഡബ്ല്യുഇ ഇതിഹാസം ഹൾക്ക് ഹോഗൻ വിടവാങ്ങി




മുൻ പരിശീലകൻ സ്റ്റീഫൻ കോൺസ്റ്റൻ്റീൻ, ലിവർപൂൾ മുൻ താരം ഹാരി കെവെൽ, ബ്ലാക്ക്ബേൺ റോവേഴ്സ് മുൻ മാനേജർ സ്റ്റീവ് കീൻ, ജംഷഡ്പൂർ എഫ്സി പരിശീലകൻ ഖാലിദ് ജമീൽ, ബ്ലാസ്റ്റേഴ്സ് മുൻ പരിശീലകരായ കിബു വികൂന, ഈൽകോ ഷറ്റോരി തുടങ്ങിയവരാണ് ഷോർട്ട്ലിസ്റ്റിൽ ഉണ്ടായിരുന്നത്. ഇവരിൽ നിന്ന് മൂന്ന് പേരെ ടെക്നിക്കൽ കമ്മറ്റി ഫൈനൽ ഷോർട്ട് ലിസ്റ്റ് ചെയ്തു. ഇതിൽ സാവി ഇല്ലെന്നാണ് വിവരം. സാവി ജോലി ഏറ്റെടുത്തെങ്കിലും അദ്ദേഹത്തിൻ്റെ ശമ്പളം വളരെ കൂടുതലായിരിക്കും എന്നാണ് എഐഎഫ്എഫിൻ്റെ വിലയിരുത്തൽ. സ്പാനിഷ് പരിശീലകർ ഉള്ളതുകൊണ്ട് ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങൾ കാണാറുണ്ടെന്ന് സാവി പറഞ്ഞിരുന്നു.
ബാഴ്സലോണയ്ക്കായി 700ലധികം മത്സരങ്ങൾ കളിച്ച സാവി 25 കിരീടങ്ങൾ നേടി. ഇതിൽ എട്ട് ലാ ലിഗയും നാല് ചാമ്പ്യൻസ് ലീഗുകളും ഉൾപ്പെടും. ഫിഫ ലോകകപ്പും രണ്ട് യൂറോപ്യൻ ചാമ്പ്യൻഷിപ്പുകളും നേടിയ താരം ഖത്തറിലെ അൽ സാദ് ക്ലബ് പരിശീലകനായാണ് കോച്ചിങ് കരിയർ ആരംഭിക്കുന്നത്. പിന്നീട് ബാഴ്സയ്ക്കൊപ്പം രണ്ട് സീസണുകളിൽ രണ്ട് കിരീടങ്ങൾ നേടി.