Android 16: ആൻഡ്രോയ്ഡ് 16ൽ ജെമിനി പിന്തുണയോടെ സ്മാർട്ട് നോട്ടിഫിക്കേഷൻ; പേര് മാജിക് ആക്ഷൻസ്
Android 16 Smart Notifications: ആൻഡ്രോയ്ഡ് 16ൽ എഐ പിന്തുണയുള്ള സ്മാർട്ട് നോട്ടിഫിക്കേഷൻസ് ഫീച്ചർ. ആപ്പ് തുറക്കാതെ തന്നെ നോട്ടിഫിക്കേഷൻ അറിയാനും വേണ്ട ആക്ഷനെടുക്കാനും സഹായിക്കുന്നതാണ് ഇത്.
ആൻഡ്രോയ്ഡ് 16ൽ ജെമിനി എഐ പിന്തുണയോടെ സ്മാർട്ട് നോട്ടിഫിക്കേഷൻ ഫീച്ചറുണ്ടാവുമെന്ന് റിപ്പോർട്ട്. ആപ്പ് തുറക്കാതെ തന്നെ നോട്ടിഫിക്കേഷൻ എന്താണെന്നറിയാനും വേഗത്തിൽ വേണ്ടത് ചെയ്യാനും സ്മാർട്ട് നോട്ടിഫിക്കേഷനിലൂടെ സാധിക്കും. മാജിക് ആക്ഷൻസ് എന്ന പേരിലാവും ഈ പുതിയ ഫീച്ചർ അവതരിപ്പിക്കുക എന്നാണ് റിപ്പോർട്ടുകൾ.
നേരത്തെ ആൻഡ്രോയ്ഡ് 9ലും 10ലും പ്രത്യേക ഫീച്ചറുകൾ അവതരിപ്പിച്ചിരുന്നു. സ്മാർട്ട് റിപ്ലെ, സ്മാർട്ട് ആക്ഷൻസ് എന്നീ ഫീച്ചറുകളാണ് മുൻപ് ഗൂഗിൾ അവതരിപ്പിച്ചത്. ഓട്ടോമാറ്റിക് ആയി റിപ്ലേ നൽകാനും വിവിധ ആക്ഷൻസ് ചെയ്യാനും കഴിയുന്നതായിരുന്നു ഈ ഫീച്ചറുകൾ. ഇതിനോട് സമാനമാണ് പുതിയ സ്മാർട്ട് നോട്ടിഫിക്കേഷൻ. ഇത്തവണ ജെമിനി എഐയുടെ പിന്തുണയോടെയാണ് ഈ ഫീച്ചർ. ആൺഡ്രോയ്ഡ് അതോറിറ്റിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഈ ഫീച്ചർ കൃത്യമായി എന്താവുമെന്ന് റിപ്പോർട്ടിൽ ഇല്ലെങ്കിലും സ്മാർട്ട് ആക്ഷൻ, സ്മാർട്ട് റിപ്ലേ എന്നീ ഫീച്ചറുകളുടെ അപ്ഗ്രേഡഡ് വേർഷനാവും ഇതെന്നാണ് സൂചനകൾ.
മാജിക് ആക്ഷൻ ഫീച്ചർ ഓണായിരിക്കുമ്പോൾ നോട്ടിഫിക്കേഷൻ ഒരു പ്രത്യേക ബട്ടനുണ്ടാവും. ഈ ബട്ടൻ ക്ലിക്ക് ചെയ്ത് വിവിധ ആക്ഷനുകൾ ചെയ്യാനാവും. ഉദാഹരണത്തിന് ആരെങ്കിലും നിങ്ങൾക്കൊരു ലൊക്കേഷൻ അയച്ചാൽ നോട്ടിഫിക്കേഷനിൽ നിന്ന് തന്നെ ഇത് നേരിട്ട് ഓപ്പൺ ചെയ്യാനാവും. നോട്ടിഫിക്കേഷനിൽ നിന്ന് ഇത് പരിശോധിക്കാനുമാവും. വിമാന ടിക്കറ്റ് ക്യാൻസലായെന്നോ വിമാന സർവീസ് വൈകിയെന്നോ മെസേജ് ലഭിച്ചാൽ ആപ്പ് തുറക്കാതെ വേഗത്തിൽ എയർലൈൻസ് കസ്റ്റമർ കെയറിൽ വിളിക്കാനുള്ള ഓപ്ഷനും ഈ ഫീച്ചർ നൽകും.
ഈ ഫീച്ചറിനൊപ്പം ഐഫോണിലെ നോട്ടിഫിക്കേഷൻ സമ്മറീസ് പോലുള്ള മറ്റൊരു ഫീച്ചറും ഗൂഗിൾ വികസിപ്പിക്കുന്നുണ്ട്. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് പിന്തുണയോടെ നോട്ടിഫിക്കേഷൻസ് മാനേജ് ചെയ്യാൻ കഴിയുന്ന ഫീച്ചറാണ് ഇത്.
മെയ്, ജൂൺ മാസങ്ങളിൽ ആൻഡ്രോയ്ഡ് 16 ഓപ്പറേറ്റിങ് സിസ്റ്റം പുറത്തിറങ്ങുമെന്നാണ് വിവരം. ആദ്യം ഗൂഗിൾ പിക്സൽ ഫോണുകളിലാവും ആൻഡ്രോയ്ഡ് 16 എത്തുക. പിക്സലിന് ശേഷം സാംസങ് ഗ്യാലക്സി ഡിവൈസുകളിൽ ഒഎസ് അപ്ഡേറ്റ് എത്തുമെന്ന് കമ്പനി വക്താവ് അറിയിച്ചു.