Kerala Local Body Election Result 2025: ഇടത് കോട്ട തകർത്ത് യുഡിഎഫ്; തൃശൂർ കോർപ്പറേഷനിൽ അട്ടിമറി ജയം
Thrissur Corporation Election Results, UDF Wins: തൃശ്ശൂർ കോർപ്പറേഷൻ പിടിച്ചെടുത്ത് യുഡിഎഫിന്റെ അട്ടിമറി ജയം. പത്ത് വർഷത്തിന് ശേഷം വൻ ഭൂരിഭക്ഷത്തോടെയാണ് യുഡിഎഫ് അധികാരത്തിലെത്തുന്നത്.
തൃശ്ശൂർ കോർപ്പറേഷൻ പിടിച്ചെടുത്ത് യുഡിഎഫിന്റെ അട്ടിമറി ജയം. ഇടതപക്ഷം ഏറെ പ്രതീക്ഷവച്ചിരുന്ന കോർപ്പറേഷനിൽ പത്ത് വർഷത്തിന് ശേഷം വൻ ഭൂരിഭക്ഷത്തോടെയാണ് യുഡിഎഫ് അധികാരത്തിലെത്തുന്നത്. മുപ്പത്തിമൂന്ന് സീറ്റുകളാണ് യുഡിഫ് നേടിയത്.
ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ യുഡിഎഫ് ഏറെ ശ്രദ്ധ കൊടുത്ത നഗരസഭയായിരുന്നു തൃശ്ശൂർ. സിപിഎമ്മും ബിജെപിയുമൊക്കെ പ്രഖ്യാപിക്കുന്നതിനു മുമ്പ് തന്നെ കോർപ്പറേഷനിലേക്ക് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നു. പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകുകയും ചെയ്തു.
കഴിഞ്ഞ രണ്ട് തവണയും ഭരണം നേടിയ എൽഡിഎഫിന് ഇത്തവണ നേടാനായത് പതിനൊന്ന് സീറ്റ് മാത്രമാണ്. മേയർ സ്ഥാനാർത്ഥി ലിസിയും മുൻ മേയർ അജിതാ ജയരാജനും പരാജയപ്പെട്ടത് ഇടതുപക്ഷത്തിന് വലിയ തിരിച്ചടിയായി. ലാലൂർ ഡിവിഷനിൽ കോൺഗ്രസിന്റെ ലാലി ജെയിംസ് 2483 വോട്ടുകൾ നേടിയപ്പോൾ 956 വോട്ടുകളേ ലിസിയ്ക്ക് നേടാനായുള്ളൂ. എൻഡിഎയുടെ വിൻഷി അരുൺകുമാറിനോടാണ് അജിത ജയരാജൻ പരാജയപ്പെട്ടത്.
ALSO READ: 45 വർഷത്തെ ഇടതുചായ്വിന് അവസാനം; കൊല്ലം കോർപ്പറേഷൻ പിടിച്ച് യുഡിഎഫിൻ്റെ ചരിത്രവിജയം
കഴിഞ്ഞതവണ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ സ്വതന്ത്രനായ എം കെ വര്‍ഗീസിന്റെ സഹായത്തോടെയാണ് എല്‍ഡിഎഫ് ഭരണത്തിലെത്തിയത്. വര്‍ഗീസ് അഞ്ചുകൊല്ലം മേയറാവുകയും ചെയ്തു. 54 ഡിവിഷനുകളിൽ എൽ.ഡി.എഫ്- 24, യു.ഡി.എഫ്- 23, എൻ.ഡി.എ.- ആറ്, കോൺഗ്രസ് വിമതൻ-ഒന്ന് എന്നിങ്ങനെയായായിരുന്നു കഴിഞ്ഞ തവണത്തെ കക്ഷിനില.
തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മിന്നുന്ന പ്രകടനമാണ് കാഴ്ചവച്ചത്. കൊല്ലം, കണ്ണൂർ, എറണാകുളം കോർപ്പറേഷനുകളിലും യുഡിഎഫ് വിജയം നേടി. അതേസമയം, തലസ്ഥാനം ബിജെപി നേടിയിരിക്കുകയാണ്. തിരുവനന്തപുരത്ത് ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറാനും നിരവധി പഞ്ചായത്ത്, മുനിസിപ്പാലിറ്റികൾ, കോർപ്പറേഷനുകളിൽ സാന്നിധ്യമുറപ്പിക്കാനും വോട്ട് വർധിപ്പിക്കാനും ബിജെപിക്ക് സാധിച്ചു.