ഇന്റർനെറ്റ് ഇല്ലാതെ മെസേജ് അയച്ച് ‘പാറ്റകൾ’; ട്രിക്കിന് പിന്നിൽ കഴിഞ്ഞ വർഷം അവതരിപ്പിക്കപ്പെട്ട ആപ്പ്?
Bitchat App: ട്വിറ്റർ സഹസ്ഥാപകൻ ജാക്ക് ഡോർസി 2025 ജൂലൈയിൽ അവതരിപ്പിച്ച ജനപ്രിയ ഓഫ്‌ലൈൻ മെസ്സേജിങ് ആപ്പാണിത്. ഇതിന് ഇന്റർനെറ്റ് ഇല്ലാതെ തന്നെ സന്ദേശങ്ങൾ കൈമാറാൻ സാധിക്കും. ഫോൺ നമ്പറോ അക്കൗണ്ടോ ഇല്ലാതെ തന്നെ ബ്ലൂടൂത്ത് വഴി സന്ദേശങ്ങൾ അയക്കാൻ ഈ ആപ്പിന് കഴിയും. ബിറ്റ്ചാറ്റിൽ ഓരോ ഫോണും ഒരു 'റിലേ സ്റ്റേഷൻ' ആയി പ്രവർത്തിക്കുകയും, സന്ദേശം ലക്ഷ്യസ്ഥാനത്ത് എത്തുന്നതുവരെ അടുത്തടുത്തുള്ള ഫോണുകളിലൂടെ കൈമാറ്റം ചെയ്യപ്പെടുകയും ചെയ്യുന്നു.

Bitchat App What Is It, How Does It Work
രാജ്യതലസ്ഥാനത്ത് ക്രോക്കോച്ച് ജനതാ പാർട്ടി (സി.ജെ.പി)യുടെ നേതൃത്വത്തിൽ നടക്കുന്ന വിദ്യാർഥി പ്രക്ഷോഭം ശക്തമായി മുന്നോട്ട് പോവുകയാണ്. ഈ സമരത്തോടു ചേർത്ത് ബിറ്റ്‌ചാറ്റ് (Bitchat App) എന്ന ആപ്പിന്റെ പേരും ഇപ്പോൾ ചർച്ചയായിക്കൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തിൽ എന്താണ് ബിറ്റ്ചാറ്റ് ആപ്പെന്നും ഇത് എങ്ങനെയാണ് ‘പാറ്റകളുടെ’ സമരത്തിനിടയിലേക്ക് എത്തിപ്പെട്ടതും എന്ന് പരിശോധിക്കാം. സമരം കൊടുമ്പിരി കൊണ്ടിരിക്കുന്നതിനിടയിൽ പ്രക്ഷോഭകാരികളെ നേരിടാൻ സെൻട്രൽ ഡൽഹിയുടെ ചില ഭാഗങ്ങളിൽ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ പോലീസ് വിച്ഛേദിച്ചു എന്ന് റിപ്പോർട്ടുകളുണ്ട്. ഈ ഇന്റർനെറ്റ് വിലക്കിനെ മറികടക്കാൻ പ്രതിഷേധക്കാർ ഇന്റർനെറ്റ് ഇല്ലാതെ സന്ദേശം അയയ്ക്കാൻ കഴിയുന്ന ചില ആപ്പുകൾ ഉപയോഗിച്ചു എന്ന് ഇപ്പോൾ പോലീസ് സംശയിക്കുന്നു.
ഡൽഹിയിലെ ക്രോക്കോച്ചുകൾ ആശയവിനിമയത്തിനായി ഓഫ്‌ലൈൻ മെസേജിംഗ് ആപ്പുകൾ ഉപയോഗിക്കുന്നുണ്ടോ എന്ന് ഡൽഹി പോലീസ് അന്വേഷിക്കുന്നുണ്ടെന്ന് തോന്നുന്നതായി ഇന്ത്യടുഡേ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബ്ലൂടൂത്ത് ഉപയോഗിച്ച് ലോക്കൽ നെറ്റ്‌വർക്ക് സൃഷ്ടിക്കുന്ന ചില പ്രത്യേക ആപ്പുകൾ പ്രതിഷേധക്കാർ ഉപയോഗിച്ചിരിക്കാമെന്ന് പോലീസ് സംശയിക്കുന്നു. ഒരു പ്രദേശത്ത് 4G, 5G അല്ലെങ്കിൽ വൈഫൈ ഇല്ലെങ്കിൽ പോലും സന്ദേശങ്ങൾ അയയ്ക്കാൻ ഈ ലോക്കൽ നെറ്റ്‌വർക്ക് ഉപയോഗിക്കാനാകും.
Also Read: ഇന്നോവയേക്കാൾ യാത്രാസുഖമുള്ള 7-സീറ്റർ, വിലയും കുറവ്! പക്ഷേ ഇനി വാങ്ങണേൽ പഴയതിലും പണം വേണം
സമരക്കാർ അത്തരം ആപ്പുകൾ ഉപയോഗിച്ചതായി പോലീസ് സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ ഇന്റർനെറ്റിനെ ആശ്രയിക്കാതെ സ്മാർട്ട്‌ഫോണുകളിലേക്ക് സന്ദേശങ്ങൾ കൈമാറാൻ സാധിക്കുന്ന അധികമറിയാത്ത ഒരു ടെക്നോളജി ഉപയോഗിക്കപ്പെട്ടതായി അന്വേഷണം നടക്കുന്നുണ്ട് എന്ന് റിപ്പോർട്ടുകൾ പറയുന്നു. വാട്സ്ആപ്പ്, ടെലഗ്രാം തുടങ്ങിയ ആപ്പുകൾ പ്രവർത്തിക്കാൻ മൊബൈൽ ഡാറ്റയോ Wi-Fiയോ ആവശ്യമാണ്. എന്നാൽ ഓഫ്‌ലൈൻ ആപ്പുകൾ പ്രവർത്തിക്കുന്നത് സ്മാർട്ട്‌ഫോണുകളിലെ ബ്ലൂടൂത്ത് (Bluetooth Low Energy – BLE) ടെക്നോളജി വഴിയാണ്.
ബിറ്റ്ചാറ്റ് ആപ്പ്
പ്രതിഷേധക്കാർ ബിറ്റ്ചാറ്റ് ആപ്പ് ഉപയോഗിച്ചിരിക്കാനുള്ള സാധ്യത കൂടുതലാണ് എന്ന് വിലയിരുത്തപ്പെടുന്നു. ഇതിന് ഇന്റർനെറ്റ് ഇല്ലാതെ തന്നെ സന്ദേശങ്ങൾ കൈമാറാൻ സാധിക്കും. ട്വിറ്റർ (ഇപ്പോൾ X) സഹസ്ഥാപകൻ ജാക്ക് ഡോർസി 2025 ജൂലൈയിൽ അവതരിപ്പിച്ച ജനപ്രിയ ഓഫ്‌ലൈൻ മെസ്സേജിങ് ആപ്പാണിത്. ഫോൺ നമ്പറോ അക്കൗണ്ടോ ഇല്ലാതെ തന്നെ ബ്ലൂടൂത്ത് വഴി സന്ദേശങ്ങൾ അയക്കാൻ ഇത് സഹായിക്കും.
നേരത്തെ ഹോങ്കോങ്, ഉക്രെയ്ൻ, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിലെ പ്രതിഷേധങ്ങളിൽ ഇന്റർനെറ്റ് വിച്ഛേദിക്കപ്പെട്ടപ്പോൾ ഇത്തരം സാങ്കേതികവിദ്യകൾ വ്യാപകമായി ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോൾ ഡൽഹിയിലും ബിറ്റ്ചാറ്റ് പോലുള്ള ആപ്പുകൾ ഉപയോഗിക്കുന്നുണ്ടാകാം എന്ന് സംശയിക്കപ്പെടുന്നു. ഇൻഫർമേഷൻ പ്രൈവസിക്കും നെറ്റ്‌വർക്ക് തടസങ്ങൾക്കും മികച്ച പരിഹാരമായി ബിറ്റ്ചാറ്റ് ആപ്പ് കരുതപ്പെടുന്നു. ഈ ആപ്പ് ഉപയോഗിക്കാൻ ഫോൺ നമ്പറോ, ഇമെയിൽ വിലാസമോ, പേരോ നൽകി അക്കൗണ്ട് ഉണ്ടാക്കേണ്ടതില്ല.
പ്രവർത്തനം
വാട്സ്ആപ്പ്, ടെലഗ്രാം തുടങ്ങി നാം സാധാരണയായി ഉപയോഗിക്കുന്ന മെസേജിങ് ആപ്പുകൾ പോലെയല്ല ബിറ്റ്ചാറ്റ് ആപ്പിന്റെ പ്രവർത്തനം. ഇതിന് സെൻട്രൽ സെർവറുകളോ മൊബൈൽ ഡാറ്റയോ ആവശ്യമില്ല. സ്മാർട്ട്‌ഫോണുകളിലെ Bluetooth Low Energy (BLE) സാങ്കേതികവിദ്യയാണ് ഇത് ഉപയോഗിക്കുന്നത്. ഈ ആപ്പ് ഫോണിൽ ഇൻസ്റ്റാൾ ചെയ്തിട്ടുള്ളവർക്ക് അടുത്തുള്ള മറ്റ് ഫോണുകളിലേക്ക് ബ്ലൂടൂത്ത് വഴി സന്ദേശങ്ങൾ എൻക്രിപ്റ്റ് ചെയ്ത് കൈമാറാനാകും (മെഷ് നെറ്റ്‌വർക്ക്).
ബിറ്റ്ചാറ്റിൽ ഓരോ ഫോണും ഒരു ‘റിലേ സ്റ്റേഷൻ’ ആയി പ്രവർത്തിക്കുകയും, സന്ദേശം ലക്ഷ്യസ്ഥാനത്ത് എത്തുന്നതുവരെ അടുത്തടുത്തുള്ള ഫോണുകളിലൂടെ കൈമാറ്റം ചെയ്യപ്പെടുകയും ചെയ്യുന്നു. ഒരു പ്രദേശത്ത് ഈ ആപ്പ് ഉപയോഗിക്കുന്ന ആളുകളുടെ എണ്ണം കൂടുന്തോറും മെഷ് നെറ്റ്‌വർക്കിന്റെ വ്യാപ്തിയും സന്ദേശം എത്താനുള്ള സാധ്യതയും വർദ്ധിക്കുന്നു. ചെറിയ ദൂരപരിധിക്കുള്ളിലും ഒരേ മെഷ് നെറ്റ്‌വർക്കിൽ ആളുകൾ ആക്ടീവായിരിക്കുന്ന ഇടങ്ങളിലും മാത്രമേ ഇത്തരം ആപ്പുകൾ കാര്യക്ഷമമായി പ്രവർത്തിക്കൂ.
അന്വേഷണം
ഗൂഗിൾ പ്ലേ സ്റ്റോറിൽ ബിറ്റ്ചാറ്റിന് ഒരു ദശലക്ഷത്തിലധികം ഡൗൺലോഡുകൾ ഉണ്ട്, സമാനമായ മറ്റ് ഓഫ്‌ലൈൻ മെസേജിംഗ് ആപ്പുകളും ലഭ്യമാണ്. ഡൽഹിയിൽ പ്രതിഷേധക്കാർ ബിറ്റ്ചാറ്റ് ആപ്പ് ഉപയോഗിച്ചതായുള്ള സംശയത്തെ തുടർന്ന് ഉപയോക്താക്കളെക്കുറിച്ചുള്ള വിവരങ്ങൾ തേടാൻ ഡൽഹി പോലീസ് ഇത്തരം ആപ്പുകളുടെ സേവന ദാതാക്കൾക്ക് കത്തെഴുതാൻ ആലോചിക്കുന്നുണ്ട് എന്ന് TOI റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
English Summary
This is a popular offline messaging app launched by Jack Dorsey in July 2025. It allows messages to be exchanged without an internet connection. This app can send messages via Bluetooth without a phone number or account. In BitChat, each phone acts as a ‘relay station’ and the message is passed on to nearby phones until it reaches its destination.