BSNL 3G: ബിഎസ്എൻഎൽ 3ജി സേവനം അവസാനിപ്പിക്കുന്നു, പുതിയ സിം എവിടെക്കിട്ടും… ഫോൺ മാറ്റണോ? അറിയേണ്ടതെല്ലാം
BSNL to shut down 3G: 3ജി നിർത്തലാക്കുന്നത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും, ഇതുമായി ബന്ധപ്പെട്ട നടപടികൾ സ്വീകരിക്കാൻ എല്ലാ സർക്കിളുകൾക്കും ബിഎസ്എൻഎൽ നിർദ്ദേശം നൽകിയിട്ടുണ്ട്.
ന്യൂഡൽഹി: രാജ്യമെമ്പാടും 4ജി നെറ്റ്‌വർക്ക് വ്യാപകമാക്കുന്നതിന്റെ ഭാഗമായി 3ജി സേവനങ്ങൾ ഘട്ടംഘട്ടമായി നിർത്തലാക്കാൻ ബിഎസ്എൻഎൽ തീരുമാനിച്ചു. നിലവിൽ 3ജി ഉപയോഗിക്കുന്ന വരിക്കാർ 4ജി സാങ്കേതികവിദ്യയിലേക്ക് മാറേണ്ടി വരും.
പ്രധാന മാറ്റങ്ങൾ
രാജ്യത്തുടനീളം ഇതിനോടകം 97,841 4ജി ടവറുകൾ ബിഎസ്എൻഎൽ സ്ഥാപിച്ചു കഴിഞ്ഞു. നിലവിലുള്ള 58,919 3ജി ടവറുകൾക്ക് പകരമായി കൂടുതൽ 4ജി ടവറുകൾ സ്ഥാപിക്കാനാണ് കമ്പനിയുടെ നീക്കം. 3ജി സേവനത്തിനായി സഹകരിച്ചിരുന്ന നോക്കിയ, ചൈനീസ് കമ്പനിയായ സെഡ്ടിഇ (ZTE) എന്നിവയുമായുള്ള കരാറുകൾ ബിഎസ്എൻഎൽ അവസാനിപ്പിക്കും.
Also Read: Oneplus Turbo: ഇതുവരെയുള്ളതിൽ ഏറ്റവും വലിയ ബാറ്ററി; വൺപ്ലസ് എന്ത് ഭാവിച്ചാ
ബിഎസ്എൻഎല്ലിന്റെ 9.23 കോടി വരിക്കാരിൽ 7 കോടി പേരും ഇപ്പോഴും 3ജിയിലാണ്. ഇവർ ബിഎസ്എൻഎൽ ഓഫീസിലെത്തി 4ജി സിം കാർഡുകൾ കൈപ്പറ്റണം. പഴയ 3ജി ഫോണുകളോ ഫീച്ചർ ഫോണുകളോ ഉപയോഗിക്കുന്നവർ 4ജി അല്ലെങ്കിൽ 5ജി പിന്തുണയ്ക്കുന്ന ഹാൻഡ്‌സെറ്റുകളിലേക്ക് മാറേണ്ടി വരും.
3ജി നിർത്തലാക്കുന്നത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും, ഇതുമായി ബന്ധപ്പെട്ട നടപടികൾ സ്വീകരിക്കാൻ എല്ലാ സർക്കിളുകൾക്കും ബിഎസ്എൻഎൽ നിർദ്ദേശം നൽകിയിട്ടുണ്ട്. താമസിയാതെ തന്നെ 5ജി സേവനങ്ങളിലേക്കും കമ്പനി പ്രവേശിക്കുമെന്നാണ് സൂചന.