Instagram Teen Account: ഇൻസ്റ്റഗ്രാം ടീൻ അക്കൗണ്ടുകളിൽ പുതിയ ഫീച്ചറുകൾ; സുരക്ഷ വർധിപ്പിക്കുകയാണെന്ന് മെറ്റ
Instagram Teen Account Safety Features: ഇൻസ്റ്റഗ്രാം ടീൻ അക്കൗണ്ടുകളിൽ പുതിയ സുരക്ഷാ ഫീച്ചറുകൾ. ഡയറക്റ്റ് മെസേജിങുമായി ബന്ധപ്പെട്ടതാണ് പുതിയ ഫീച്ചറുകൾ.
ഇൻസ്റ്റഗ്രാം ടീൻ അക്കൗണ്ടുകളിൽ പുതിയ സുരക്ഷാഫീച്ചറുകൾ അവതരിപ്പിച്ച് മെറ്റ. ഡിഎം ഉപയോഗിക്കുമ്പോഴുള്ള സുരക്ഷ വർധിപ്പിക്കുന്ന ഫീച്ചറാണ് പുതുതായി ഏർപ്പെടുത്തിയത്. അപരിചിതരോട് സംസാരിക്കുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ അടങ്ങുന്നതാണ് പുതിയ ഫീച്ചർ. താൻ സംസാരിക്കുന്ന വ്യക്തി എപ്പോഴാണ് ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് തുടങ്ങിയത് എന്നതടക്കമുള്ള കാര്യങ്ങൾ പുതിയ ഫീച്ചറിൽ അറിയാനാവും.
കൗമാരക്കാർക്ക് നേരിട്ടും അല്ലാതെയും ഉണ്ടായേക്കാവുന്ന സുരക്ഷാപ്രശ്നങ്ങൾ കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചതെന്ന് മെറ്റ അറിയിച്ചു. സേഫ്റ്റി നോട്ടീസസ്, ലൊക്കേഷൻ നോട്ടീസ്, ന്യൂഡിറ്റി പ്രൊട്ടക്ഷൻ തുടങ്ങി നിലവിലുള്ള ഫീച്ചറുകൾ ദശലക്ഷക്കണക്കിന് കൗമാരക്കാരെ സഹായിച്ചു എന്നും മെറ്റ അവകാശപ്പെട്ടു.
Also Read: BSNL Recharge Plan: 197-ന് ഇനി ബിഎസ്എൻഎൽ തരുന്നത് എന്താണെന്ന് അറിയാമോ ?
പുതിയ രണ്ട് ഫീച്ചറുകൾ ഇൻസ്റ്റഗ്രാം ഡയറക്ട് മെസേജിലാണ് ലഭ്യമാവുക. മറ്റൊരു യൂസറുമായി ചാറ്റ് ചെയ്യുന്നതിന് മുൻപ് അപരിചിതനുമായി സംസാരിക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണമെന്നറിയിക്കും. ഇവർ പരസ്പരം ഫോളോ ചെയ്യുന്നുണ്ടെങ്കിലും ഇത് കാണിക്കും. യൂസറിൻ്റെ പ്രൊഫൈൽ നന്നായി പരിശോധിക്കാനും എന്തെങ്കിലും കുഴപ്പം തോന്നുന്നുണ്ടെങ്കിൽ ചാറ്റ് ചെയ്യേണ്ടതില്ല എന്നും മറ്റുള്ളവരുമായി പങ്കുവെക്കുന്നത് എന്തൊക്കെയാണെന്നത് ശ്രദ്ധിക്കണമെന്നും അറിയിക്കും. ഇതോടൊപ്പം മറ്റൊരു യൂസറിന് ആദ്യമായി മെസേജ് അയക്കുമ്പോൾ അക്കൗണ്ട് ആരംഭിച്ച മാസവും വർഷവും കാണിക്കും. ചാറ്റ് ഇൻ്റഫേസിൻ്റെ എറ്റവും മുകളിലാവും ഇത് കാണുക. ഇതിലൂടെ തട്ടിപ്പുകാരെ എളുപ്പത്തിൽ തിരിച്ചറിയാൻ സാധിക്കുമെന്ന് മെറ്റ അവകാശപ്പെടുന്നു.
രണ്ടാമത്തെ ഫീച്ചർ മറ്റൊരാളെ ഡയറക്ട് മെസേജിൽ നിന്ന് ബ്ലോക്ക് ചെയ്യുമ്പോഴാണ് കാണാനാവുക. ബ്ലോക്ക് ആൻഡ് റിപ്പോർട്ട് എന്ന ഒരു ഓപ്ഷനും ഇതിൽ ഉണ്ടാവും. ഈ ഓപ്ഷൻ തിരഞ്ഞെടുത്താൽ അക്കൗണ്ട് ബ്ലോക്ക് ചെയ്തിട്ട് ഇക്കാര്യം മെറ്റയോട് റിപ്പോർട്ട് ചെയ്യാനാവും. ഒറ്റ ക്ലിക്കിലൂടെ ബ്ലോക്കും റിപ്പോർട്ടും ചെയ്യാൻ കഴിയുമെന്നും അത് പരിഗണിച്ച് കമ്പനി നടപടിയെടുക്കുമെന്നും മെറ്റ അറിയിച്ചു.