AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Robotic moon train: ഇനി ചന്ദ്രനിലും ട്രെയിൻ ഓടും…; പുതിയ റെയിൽ പദ്ധതിയുമായി നാസ

ചന്ദ്രനെ അടിസ്ഥാനപ്പെടുത്തി വമ്പൻ പദ്ധതികളാണ് ലോകത്തെ പല ബഹിരാകാശ ശക്തികളും അണിയറയിൽ ഒരുക്കുന്നതെന്നാണ് വിവരം.

Robotic moon train: ഇനി ചന്ദ്രനിലും ട്രെയിൻ ഓടും…; പുതിയ റെയിൽ പദ്ധതിയുമായി നാസ
NASA Announces Plans To Build First Railway System On Moon ‌
neethu-vijayan
Neethu Vijayan | Published: 19 May 2024 11:45 AM

ട്രെയിനില്ലാത്ത നാടുകൾ നമ്മുടെ രാജ്യത്ത് അപൂർവമാണ്. അപ്പോ പിന്നെ ചന്ദ്രനിലും ഒരുകൈ നോക്കിയാലോ? എന്നാൽ കോട്ടോളൂ, ചന്ദ്രനിലും റെയിൽ പദ്ധതിയുമായി വന്നിരിക്കുകയാണ് അമേരിക്കൻ ബഹിരാകാശ സ്ഥാപനമായ നാസ.

ഫ്‌ലോട്ട് അഥവാ ഫ്‌ലെക്‌സിബിൾ ലെവിറ്റേഷൻ ഓൺ എ ട്രാക്ക് എന്നാണ് നാസയുടെ ഈ പുതിയ റെയിൽ പദ്ധതിയുടെ പേര്. നാസയുടെ ഇന്നവേറ്റീവ് അഡ്വാൻസ്ഡ് കൺസപ്റ്റ്‌സ് പ്രോഗ്രാമിൻ്റെ ഭാഗമായാണ് ഫ്‌ലെക്‌സിബിൾ ലെവിറ്റേഷൻ ഓൺ എ ട്രാക്ക് പദ്ധതി.

എന്നാൽ നമ്മൾ വിചാരിക്കുന്നതുപോലെ ഒരു യാത്രാ ട്രെയിനല്ല ഫ്‌ലോട്ട് എന്ന നാസയുടെ പദ്ധതി. മറിച്ച് നമ്മുടെ നാട്ടിലെ ഗുഡ്‌സ് ട്രെയിനുകളെപ്പോലെ സാധനങ്ങൾ അങ്ങോട്ടുമിങ്ങോട്ടും നീക്കാനുള്ള ഒരു ചരക്കുട്രെയിൻ മാത്രമായിരിക്കും ഇത്.

ഒറ്റനോട്ടത്തിൽ കണ്ടാൽ നീങ്ങുന്ന ഒരു ട്രാക്ക് പോലെയാണ് ഇതിരിക്കുക. 2030ഓടെ ഈ പദ്ധതി യാഥാർത്ഥ്യമാക്കുമെന്നാണ് നാസ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്.

ചന്ദ്രനെ അടിസ്ഥാനപ്പെടുത്തി വമ്പൻ പദ്ധതികളാണ് ലോകത്തെ പല ബഹിരാകാശ ശക്തികളും അണിയറയിൽ ഒരുക്കുന്നതെന്നാണ് വിവരം. ഇതിൽ ഈ മേഖലയിൽ അമേരിക്കയാണ് മുൻപന്തിയിലുള്ളത്.

ആദ്യമായി മനുഷ്യരെ ചന്ദ്രനിലെത്തിച്ച അപ്പോളോ ദൗത്യത്തിന് ഒരു പിൻതുടർച്ചയെന്നവണ്ണമാണ് അമേരിക്ക ആർട്ടിമിസ് ദൗത്യവും പദ്ധതിയിടുന്നത്.

ചന്ദ്രനെ ഒരു മനുഷ്യക്കോളനിയാക്കുക, സൗരയൂഥത്തിലെ മറ്റ് പദ്ധതികൾക്കുള്ള ഒരു ബഹിരാകാശ തുറമുഖമാക്കുക തുടങ്ങിയ വളരെ ‌സങ്കീർണമായ ലക്ഷ്യങ്ങൾ നാസയുടെ പദ്ധതിക്കു പിന്നിലുണ്ട്.

അത്തരമൊരു സാഹചര്യത്തിൽ ചന്ദ്രനിൽ ഒരു റെയിൽവേ സംവിധാനം വളരെ നിർണായകമായിരിക്കുമെന്നാണ് നാസയുടെ ചൂണ്ടികാട്ടൽ. മാഗ്നറ്റിക് ലെവിറ്റേഷൻ സാങ്കേതികവിദ്യയിലാകും ഈ റോബോട്ടിക് ട്രെയിൻ പ്രവർത്തിക്കുക. മണിക്കൂറിൽ 1.61 കിലോമീറ്റർ എന്ന ചെറിയ വേഗത്തിലാകും ട്രെയിൻ ട്രാക്കിലൂ‍ടെ നീങ്ങുക.

കാലിഫോർണിയയിലെ നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയിലെ (ജെപിഎൽ) എഞ്ചിനീയർമാർ ഇതിനകം തന്നെ ഫ്ലോട്ട് സംവിധാനം വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഏജൻസി നിലവിൽ ഫ്ലോട്ട് സിസ്റ്റത്തിൻ്റെ വിവിധ ഭാഗങ്ങൾ വികസിപ്പിക്കുകയും പരീക്ഷിക്കുകയും ചെയ്തുവെന്നും റിപ്പോർട്ടുകളുണ്ട്.

1972 ന് ശേഷം ആദ്യമായി ചന്ദ്രനിലേക്ക് ബഹിരാകാശയാത്രികരെ തിരികെ കൊണ്ടുവരാൻ ശ്രമിക്കുന്ന നാസയുടെ ആർട്ടെമിസ് പ്രോഗ്രാമിൻ്റെ ഭാഗമാണ് ഫ്ലോട്ട്.