ChatGPT: സോഷ്യല്‍ മീഡിയ ആപ്പായി പരിണമിക്കാന്‍ ചാറ്റ്ജിപിടി? അണിയറയില്‍ പദ്ധതി
ChatGPT New Feature: ചാറ്റ്ജിപിടിയെ സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനാക്കി മാറ്റാന്‍ ഓപ്പണ്‍ എഐ പദ്ധതിയിടുന്നെന്ന് സൂചന. ചാറ്റ്ജിപിടിയെ ഒരു സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമാക്കി മാറ്റുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

OpenAI
ഒരു ‘കോണ്‍വര്‍സേഷണല്‍ എഐ’ എന്നതിനപ്പുറം ചാറ്റ്ജിപിടിയെ സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനാക്കി മാറ്റാന്‍ ഓപ്പണ്‍ എഐ പദ്ധതിയിടുന്നെന്ന് സൂചന. ചാറ്റ്ജിപിടിയെ ഒരു സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമാക്കി മാറ്റുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കുകയാണ് കമ്പനിയെന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി ചാറ്റ് ജിപിടിയില്‍ ഗ്രൂപ്പ് ചാറ്റുകള്‍, ഡയറക്ട് മെസേജുകള്‍ എന്നീ ഫീച്ചറുകള്‍ പരീക്ഷിച്ച് വരികയാണ്. പ്രമുഖ ടെക് വിദഗ്ധനായ ടിബോര്‍ ബ്ലാഹോയാണ് ഇക്കാര്യം ‘എക്‌സി’ലൂടെ വെളിപ്പെടുത്തിയത്. ‘കാൽപിക്കോ റൂംസ്’ എന്ന ഒരു പ്രത്യേക കോഡില്‍ ഈ ഫീച്ചര്‍ ആൻഡ്രോയിഡ് ബീറ്റ പതിപ്പിൽ ഉള്‍പ്പെടുത്തിയതായി ബ്ലാഹോ വെളിപ്പെടുത്തി.
ടെക്സ്റ്റ്, ഇമേജ് ജനറേഷൻ പോലുള്ള ഫീച്ചറുകള്‍ ഉപയോഗിച്ച് ചാറ്റ് ഇന്റർഫേസിനുള്ളിൽ ഇടപെടാന്‍ ഉപയോക്താക്കള്‍ക്ക് സാധിക്കും. ഉപയോക്താക്കൾക്ക് അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാനും ചാറ്റ് ക്ഷണങ്ങൾ കൈകാര്യം ചെയ്യാനുമടക്കം സാധിക്കും.
പുതിയ ‘Sora 2 iOS’ ആപ്പിൽ നേരത്തെ ഡയറക്ട് മെസേജിങ് ആദ്യം അവതരിപ്പിച്ചെന്നും, ഇപ്പോള്‍ ചാറ്റ്ജിപിടി ആന്‍ഡ്രോയിഡ് ആപ്പിലെ കോഡ് റഫറന്‍സുകളിലും ഇത് ഉള്‍പ്പെടുന്നുണ്ടെന്നും ബ്ലാഹോ വ്യക്തമാക്കി. പ്രൊഫൈല്‍ അപ്‌ഡേഷന്‍, നോട്ടിഫിക്കേഷനുകള്‍, പുഷ് നോട്ടിഫിക്കേഷനുകള്‍ തുടങ്ങിയ ഫീച്ചറുകളെക്കുറിച്ചും ഈ കോഡില്‍ പരാമര്‍ശിക്കുന്നുണ്ട്.
ഗ്രൂപ്പ് ചാറ്റിലേക്ക് മറ്റുള്ളവരെ എത്തിക്കാന്‍ ഇന്‍വൈറ്റ് ലിങ്കുകള്‍ നല്‍കാനുമാകും. അടുത്തിടെ ഓപ്പണ്‍ ചില പരിഷ്‌കാരങ്ങളിലേക്ക് കടന്നിരുന്നു. അതില്‍ ഏറ്റവും ഒടുവിലത്തേതാണ് ഈ നീക്കം. അടുത്തിടെയാണ് കമ്പനി ‘Sora 2’ എന്ന വീഡിയോ ജനറേഷന്‍ മോഡല്‍ അവതരിപ്പിച്ചത്.
Also Read: ചാറ്റ് ജിപിടിയിലൂടെ ഇനി യുപിഐ പേയ്മെൻ്റും; എഐ സാങ്കേതികവിദ്യയിൽ ഞെട്ടിച്ച് ഓപ്പൺഎഇ
എഐ ചാറ്റ്‌ബോട്ട് അടക്കമുള്ള സംവിധാനങ്ങള്‍ ഇതിനകം ജനപ്രിയമാണ്. ഇതിന് പുറമെ ഡയറക്ട് മെസേജ് അടക്കമുള്ള ഫീച്ചറുകള്‍ വരുന്നത് കൂടുതല്‍ സ്വീകാര്യത നേടിത്തരുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. ഡയറക്ട് മെസേജ് ഫീച്ചര്‍ അടക്കം സമീപഭാവിയില്‍ ഉപയോക്താക്കള്‍ക്ക് ലഭിച്ചേക്കും. ഇതിന്റെ പ്രവര്‍ത്തനം എങ്ങനെയാകുമെന്ന് വ്യക്തമല്ല. ഇതുസംബന്ധിച്ച് കമ്പനി ഇതുവരെ പ്രതികരിച്ചിട്ടില്ല.
ടിബോര്‍ ബ്ലാഹോയുടെ ട്വീറ്റ്
New ChatGPT Android app beta (1.2025.280) adds more references related to “Direct Messages” / “Group Chats”
– turn on/off assistant auto-response (respond automatically/when mentioned)
– rename the assistant and update assistant personality
– block accounts
– brainstorm ideas,… https://t.co/ILJeRJ0EBd— Tibor Blaho (@btibor91) October 11, 2025