Bacha Bazi: ആൺകുട്ടികളെ സ്ത്രീവേഷം കെട്ടിച്ച് നടത്തുന്ന നൃത്തം; ഒപ്പം ലൈംഗികചൂഷണവും: ഇതാണ് ബച്ച ബാസി
Bacha Bazi Practice In Afghanistan: ആൺകുട്ടികളെ സ്ത്രീവേഷം കെട്ടിച്ച് നിർബന്ധപൂർവം നൃത്തം ചെയ്യിപ്പിക്കുന്ന ഒരു പതിവുണ്ട്, അഫ്ഗാനിസ്ഥാനിൽ. ബച്ച ബാസി എന്നാണ് ഈ ചൂഷണത്തിൻ്റെ പേര്.

ആൺകുട്ടികൾ സ്ത്രീവേഷം കെട്ടി നടത്തുന്ന നൃത്തപരിപാടികൾ അഫ്ഗാനിസ്ഥാനിലെ കല്യാണസദസുകളിലും മറ്റും പതിവാണ്. ഇത്തരത്തിലുള്ള വിഡിയോകൾ നമ്മൾ കണ്ടിട്ടുമുണ്ടാവും. എന്നാൽ, ഇത് രാജ്യത്തെ ഒരു റാക്കറ്റാണെന്ന സത്യം നമ്മളിൽ പലർക്കും അറിയില്ല. കുടുംബത്തിലെ ദാരിദ്ര്യം ചൂഷണം ചെയ്ത് 7 മുതൽ 18 വരെ പ്രായമുള്ള ആൺകുട്ടികളെ ഉപയോഗിച്ച് ചിലർ നടത്തുന്നൊരു റാക്കറ്റാണ് ഇത്. ഈ കുട്ടികളിൽ പലരും ലൈംഗിക ചൂഷണങ്ങൾക്ക് ഇരയാവാറുണ്ട്. ഈ കുട്ടികൾ കൊല്ലപ്പെടുന്നതും പതിവാണ്. ഈ റാക്കറ്റിൻ്റെ പേരാണ് ബച്ച ബാസി.
ബച്ച ബാസി എന്നാൽ പഷ്തോയിൽ ‘ആൺകുട്ടി, കളി’ എന്നാണ് അർത്ഥം. അഫ്ഗാനിസ്ഥാനിൽ സ്ത്രീ സ്വാതന്ത്ര്യം തീരെയില്ലാത്തതിനാൽ സ്ത്രീകളെ ഉപയോഗിച്ച് നൃത്തപരിപാടികൾ സംഘടിപ്പിക്കുക അസാധ്യമാണ്. അവിടെയാണ് ആൺകുട്ടികൾ കടന്നുവരുന്നത്. പണവും അധികാരവുമൊക്കെയുള്ള രാജ്യത്തെ പ്രമാണികൾക്ക് കീഴിൽ പല പ്രായത്തിലുള്ള ആൺകുട്ടികളുണ്ടാവും. 18 വയസ് ആയിക്കഴിഞ്ഞാൽ ഈ കുട്ടികളുടെ മാർക്കറ്റ് ഇല്ലാതാവും. 7/8 വയസിൽ കുടുംബത്തിൽ നിന്ന് പണം വാദ്ഗാനം ചെയ്ത് ഇവരെ അടിമകളെപ്പോലെ സൂക്ഷിക്കും. അല്ലെങ്കിൽ കുട്ടികളെ തട്ടിക്കൊണ്ടുപോകും. അതുമല്ലെങ്കിൽ അനാഥരായ കുട്ടികളെ സ്വന്തമാക്കും. ഇവരെ പാട്ടും നൃത്തവുമൊക്കെ പഠിപ്പിക്കാൻ പ്രത്യേക ആളുകളുണ്ട്. ഇങ്ങനെ പഠിപ്പിച്ചിട്ട് ഇവരെ പെൺവേഷം കെട്ടിച്ച് സദസുകളിൽ നൃത്തം ചെയ്യിക്കുകയാണ് രീതി. ഈ നൃത്തത്തിൻ്റെ സിഡികൾക്ക് അഫ്ഗാനിൽ വലിയ ഡിമാൻഡാണ്.
1996ൽ താലിബാൻ അധികാരത്തിലേറി ഷരീഅത്ത് നിയമം ആരംഭിച്ചപ്പോൾ ബച്ച ബാസി നിരോധിച്ചിരുന്നു. ഇത്തരക്കാർക്കെതിരെ കടുത്ത നടപടികളാണ് താലിബാൻ സ്വീകരിച്ചത്. 2001ൽ ഇവരുടെ ഭരണം അവസാനിച്ചതോടെ രാജ്യത്ത് വീണ്ടും ഇത് വ്യാപകമായി. പ്രസിഡൻഷ്യൽ ഭരണം ആരംഭിച്ച 2014 മുതൽ ബച്ച ബാസി നിയമവിരുദ്ധമാണ്. എന്നാൽ, ഇത് പൂർണമായി നിർത്തലാക്കാൻ ഭരണകൂടത്തിന് കഴിഞ്ഞില്ല. ബച്ച ബാസി ചെയ്യുന്നത് കൊലക്കുറ്റമാണ്. എന്നാൽ, ഇവരിൽ പലരും സമൂഹത്തിലെ ഉന്നതരായതിനാൽ നടപടികളൊക്കെ കണക്കാണ്. ഐക്യരാഷ്ട്ര സംഘടന വരെ ഇടപെട്ടിട്ടും ബച്ച ബാസിക്ക് പൂർണമായ തടയിടാൻ ഇതുവരെ സാധിച്ചിട്ടില്ല.