AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Hong Kong’s Coffin Homes: 16 സ്ക്വയർ ഫീറ്റ് മുറിക്ക് 40000 വാടക, ശവപ്പെട്ടിയിൽ ജീവിക്കുന്ന മനുഷ്യർ ഇവിടെ

Hong Kong's Housing Crisis: വേനൽക്കാലത്ത് ഇവിടുത്തെ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ എത്താറുണ്ട്. ഇടുങ്ങിയ ഈ അറകളിൽ വായുസഞ്ചാരമോ വെളിച്ചമോ തീരെയില്ല.

Hong Kong’s Coffin Homes: 16 സ്ക്വയർ ഫീറ്റ് മുറിക്ക് 40000 വാടക,  ശവപ്പെട്ടിയിൽ ജീവിക്കുന്ന മനുഷ്യർ ഇവിടെ
Quarry Bay, Hong KongImage Credit source: unsplash
Aswathy Balachandran
Aswathy Balachandran | Updated On: 19 Feb 2026 | 05:34 PM

ഹോങ്കോങ് എന്ന് ചിന്തിക്കുമ്പോൾ മനസ്സിലേക്ക് ഓടി വരുന്നത് എന്താണ്? ആഡംബര കെട്ടിടങ്ങളും അതിസമ്പന്നരായ ബിസിനസുകാരും കണ്ണു പതിയുന്നിടത്തെല്ലാം പ്രൗഢി നിറഞ്ഞു നിൽക്കുന്ന മഹാന​ഗരം. എന്നാൽ ഈ തിളക്കത്തിന് പിന്നിൽ ഒരു ഇരുണ്ട മുഖം സങ്കൽപിക്കാൻ പോലും കഴിയില്ല. ഇവിടുത്തെ എഴുന്നേറ്റ് നിൽക്കാൻ പോലും ഇടമില്ലാത്ത 16 ചതുരശ്ര അടി മാത്രം വലിപ്പമുള്ള ‘കോഫിൻ ഹോമുകളിൽ’ നരകയാതന അനുഭവിക്കുന്നത് ലക്ഷക്കണക്കിന് മനുഷ്യരാണ്.

എന്താണ് കോഫിൻ ഹോമുകൾ?

 

പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഒരു ശവപ്പെട്ടിയോളം മാത്രം വലിപ്പമുള്ള ഇടങ്ങളെയാണ് കോഫിൻ ഹോമുകൾ എന്ന് വിളിക്കുന്നത്. ഏകദേശം 4 അടി നീളവും 4 അടി വീതിയുമുള്ള ഈ ചെറിയ അറയ്ക്കുള്ളിലാണ് ഒരു മനുഷ്യന്റെ ഉറക്കവും ഭക്ഷണവും വിശ്രമവുമെല്ലാം.
കൈകൾ നിവർത്താനോ നേരെ നിൽക്കാനോ ഇവിടെ സാധിക്കില്ല. ചിലർക്ക് വാതിൽ പോലും അടയ്ക്കാൻ കഴിയില്ല.

ഇത്രയും ചെറിയ ഇടത്തിന് പോലും ഇന്ത്യൻ രൂപ ഏകദേശം 20,000 മുതൽ 45,000 രൂപ വരെയാണ് മാസവാടക. 800 ചതുരശ്ര അടിയുള്ള ഒരു സാധാരണ ഫ്ലാറ്റിനെ തടി കൊണ്ടുള്ള പലകകൾ ഉപയോഗിച്ച് മുറിച്ച് 30-ഓളം കോഫിൻ യൂണിറ്റുകളാക്കി മാറ്റുന്നു. ഏറ്റവും ദയനീയമായ കാഴ്ച ഇവിടുത്തെ ശുചിത്വമില്ലായ്മയാണ്. പ്രത്യേക അടുക്കളകൾ ഇല്ലാത്തതിനാൽ, പലരും ശൗചാലയത്തിന് തൊട്ടടുത്തിരുന്നാണ് ഭക്ഷണം പാചകം ചെയ്യുന്നത്. ശൗചാലയത്തിലെ സിങ്കിൽ തന്നെ പച്ചക്കറികൾ കഴുകുന്നതും വസ്ത്രങ്ങൾ അലക്കുന്നതും പതിവ് കാഴ്ചയാണ്. ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു.

വേനൽക്കാലത്ത് ഇവിടുത്തെ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ എത്താറുണ്ട്. ഇടുങ്ങിയ ഈ അറകളിൽ വായുസഞ്ചാരമോ വെളിച്ചമോ തീരെയില്ല. മൂട്ടകളും പാറ്റകളും നിറഞ്ഞ ഇത്തരം മുറികളിൽ വായു സഞ്ചാരം നന്നേ കുറവാണ്. തുടർച്ചയായി 14 വർഷമായി ലോകത്തിലെ ഏറ്റവും ചെലവേറിയ റിയൽ എസ്റ്റേറ്റ് വിപണിയാണ് ഹോങ്കോങ്. ഇവിടെ സാധാരണക്കാർക്ക് വീട് വാങ്ങാനോ വാടകയ്ക്ക് എടുക്കാനോ കഴിയാത്ത അവസ്ഥയുണ്ട്.

സർക്കാർ ഭവന പദ്ധതികൾക്കായി അപേക്ഷിച്ചാൽ കുറഞ്ഞത് അഞ്ച് വർഷമെങ്കിലും കാത്തിരിക്കേണ്ടി വരും. ഏകദേശം 2.2 ലക്ഷം പേർ ഇത്തരത്തിൽ നഗരത്തിലെ ഇടുങ്ങിയ മുറികളിൽ കഴിയുന്നുണ്ടെന്നാണ് കണക്കുകൾ. സമ്പന്നതയുടെ കൊടുമുടിയിൽ നിൽക്കുന്ന ഒരു നഗരത്തിലെ പാവപ്പെട്ടവർക്ക് തല ചായ്ക്കാൻ ഒരു പെട്ടിമാത്രം ലഭിക്കുന്ന ഈ അവസ്ഥ ആഗോളതലത്തിൽ തന്നെ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.