UAE Job Seeker Visa: ദുബായിൽ ജോലി അന്വേഷിക്കാൻ ഇനി സ്പോൺസർ വേണ്ട; ജോബ് സീക്കർ വിസയുമായി യു.എ.ഇ
Dubai Introduces Single-Entry Job Exploration Visa for Professionals: സിംഗിൾ എൻട്രി വിസയാണ് തൊഴിലന്വേഷകർക്കായി പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. ഉദ്യോഗാർത്ഥികൾക്ക് ദുബായിലെത്തി നേരിട്ട് ജോലി അന്വേഷിക്കാനും ഇൻ്റർവ്യൂകളിൽ പങ്കെടുക്കാനും പ്രൊഫഷണലുകളുമായി നേരിട്ട് ആശയവിനിമയം നടത്താനും ഈ വിസ അവസരം ഒരുക്കും. അപേക്ഷകർക്ക് കുറഞ്ഞത് ബാച്ചിലർ ഡിഗ്രിയോ അതിന് തുല്യമായ വിദ്യാഭ്യാസ യോഗ്യതയോ ഉണ്ടായിരിക്കണം
യു.എ.ഇയിൽ ഒരു ജോലി കണ്ടെത്താൻ ആഗ്രഹിക്കുന്ന മലയാളികൾ ഉൾപ്പടെയുള്ളവർക്ക് ആശ്വാസമായി. ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ്. ഒരു സ്പോൺസറുടേയോ കമ്പനിയുടേയോ സഹായമില്ലാതെ യു,എ.ഇയിലെത്തി ജോലി കണ്ടെത്തുന്നതിനായി ജോബ് എക്സ്പ്ലോറേഷൻ വിസിറ്റ് വിസയാണ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. വിദഗ്ധരയ പ്രൊഫഷണലുകൾക്ക് വേണ്ടിയാണ് ഈ പുതിയ വിസ അവതരിപ്പിച്ചിരിക്കുന്നത് എന്നത് പ്രത്യേകം ശ്രദ്ധിക്കുക.
സിംഗിൾ എൻട്രി വിസയാണ് തൊഴിലന്വേഷകർക്കായി പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. ഉദ്യോഗാർത്ഥികൾക്ക് ദുബായിലെത്തി നേരിട്ട് ജോലി അന്വേഷിക്കാനും ഇൻ്റർവ്യൂകളിൽ പങ്കെടുക്കാനും പ്രൊഫഷണലുകളുമായി നേരിട്ട് ആശയവിനിമയം നടത്താനും ഈ വിസ അവസരം ഒരുക്കും. അപേക്ഷകരുടെ ആവശ്യാനുസരണം 60, 90, അല്ലെങ്കിൽ 120 ദിവസത്തേക്കുള്ള വിസകൾ തിരഞ്ഞെടുക്കാം. വിസയുടെ കാലാവധി പരമാവധി 180 ദിവസം വരെ നീട്ടാനും അവസരമുണ്ട്.
ആർക്കൊക്കെ അപേക്ഷിക്കാം?
അപേക്ഷകർക്ക് കുറഞ്ഞത് ബാച്ചിലർ ഡിഗ്രിയോ അതിന് തുല്യമായ വിദ്യാഭ്യാസ യോഗ്യതയോ ഉണ്ടായിരിക്കണം. കൂടാതെ, മാനവ വിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയത്തിൻ്റെ സ്കിൽ ലെവൽ ക്ലാസിഫിക്കേഷനിൽ 1, 2, 3 കാറ്റഗറികളിൽ ഉൾപ്പെടുന്ന ജോലികൾക്കായി അന്വേഷണങ്ങൾ നടത്തുന്നവർക്കാണ് ഈ വിസ പ്രയോനപ്പെടുത്താനാവുക. ഇത് കൂടാതെ ലോകത്തെ മികച്ച 500 സർവ്വകലാശാലകളിൽ ഏതെങ്കിലും ഒന്നിൽ നിന്ന് കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ ബിരുദം നേടിയവർക്കും ഈ വിസയ്ക്ക് അപേക്ഷിക്കാം. യു.എ.ഇയിൽ താമസിക്കുന്ന കാലയളവിൽ സ്വന്തം ചെലവുകൾ വഹിക്കാൻ ആവശ്യമായ സാമ്പത്തിക ശേഷിയുണ്ടെന്നും അപേക്ഷകർ തെളിയിക്കേണ്ടതുണ്ട്.
വിസയ്ക്ക് അപേക്ഷിക്കുന്ന സമയത്ത് പാസ്പോർട്ടിന് കുറഞ്ഞത് 6 മാസത്തെ കാലാവധി ഉണ്ടായിരിക്കണം. പുതിയ പാസ്‌പോർട്ട് സൈസ് ഫോട്ടോ, അറ്റസ്റ്റ് ചെയ്ത വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ. സാമ്പത്തിക ശേഷി തെളിയിക്കുന്ന ബാങ്ക് രേഖകൾ എന്നിവയാണ് വിസയ്ക്കായി പ്രധാനമായും സമർപ്പിക്കേണ്ട രേഖകൾ
എങ്ങനെ അപേക്ഷിക്കാം?
ജി.ഡി.ആർ.എഫ്.എ ദുബായിയുടെ ഓൺലൈൻ പോർട്ടൽ വഴിയോ ഫെഡറൽ അതോറിറ്റി ഫോർ ഐഡൻ്ററ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി വഴിയോ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാം. വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് വ്യക്തിഗത വിവരങ്ങൾ നൽകിയ ശേഷം, എത്ര ദിവസത്തേക്കുള്ള വിസയാണെന്ന് വേണ്ടത് എന്ന് തിരഞ്ഞെടുക്കുക. തുടർന്ന് ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്ത് ഫീസ് അടയ്ക്കാവുന്നതാണ്. അപേക്ഷ അംഗീകരിച്ചു കഴിഞ്ഞാൽ ഉടൻ തന്നെ ഇലക്ട്രോണിക് വിസ ലഭിക്കും.
English Summary
Skilled professionals can now apply for a Dubai Job Exploration Visa without a local sponsor. Available for up to 120 days, the visa allows eligible candidates to visit the UAE and attend job interviews directly.