കിട്ടിയത് ഒറ്റ വോട്ട്, അത് ലയണൽ മെസിയുടേത്! ബാലൻ ഡി ഓർ കോപ ട്രോഫി: അപ്രതീക്ഷിത നേട്ടവുമായി ഇബ്രാഹിം മസ
Lionel Messi's vote goes to Ibrahim Maza: ഫ്രാൻസിന്റെ ഇതിഹാസ താരമായിരുന്ന റെയ്മണ്ട് കോപയുടെ ഓർമ്മയ്ക്കായി, ഫുട്ബോളിലെ 21 വയസ്സിന് താഴെയുള്ള മികച്ച യുവതാരത്തിന് 2018 മുതൽ ഫ്രാൻസ് ഫുട്ബോൾ നൽകിവരുന്ന പുരസ്കാരമാണ് കോപ ട്രോഫി. വോട്ടെടുപ്പിൽ ഒരു വോട്ടേ കിട്ടിയുള്ളൂ എങ്കിലും അത് സാക്ഷാൽ മെസിയുടെ വോട്ട് ആയതിൽ മസയ്ക്ക് അഭിമാനിക്കാം, പുരസ്കാര നേട്ടത്തോളം തന്നെ മൂല്യം ആ വോട്ടിനുണ്ട്.
സ്വന്തം ടീമിലെ സഹകളിക്കാർ മാത്രമല്ല എതിരാളികൾ പോലും ഏറെ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന താരമാണ് ഫുട്ബോൾ ഇതിഹാസം ലയണൽ മെസി. മെസിയുടെ സ്നേഹം കിട്ടുക എന്നത് ഏതൊരു ഫുട്ബോൾ താരത്തിനും ലഭിക്കുന്ന വലിയ ഭാഗ്യം തന്നെയാണ്, അത്തരമൊരു ഭാഗ്യം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ജർമ്മൻ ക്ലബ്ബായ ബയർ ലെവർകൂസന്റെയും അൾജീരിയയുടെയും യുവതാരമായ ഇബ്രാഹിം മസ (Ibrahim Maza). 21 വയസ്സിന് താഴെയുള്ള മികച്ച യുവതാരത്തിനുള്ള കോപ ട്രോഫിക്കായുള്ള വോട്ടിംഗിൽ സാക്ഷാൽ ലയണൽ മെസിയുടെ വോട്ട് കിട്ടി എന്നതാണ് ഇബ്രാഹിം മസയ്ക്ക് ലഭിച്ച ആ ഭാഗ്യം. ഇതിൽ ഏറ്റവും കൗതുകകരമായ മറ്റൊരു കാര്യം എന്തെന്നാൽ ഈ വോട്ടെടുപ്പിൽ മസയ്ക്ക് വോട്ട് ചെയ്ത ഏക വ്യക്തി മെസിയാണ് എന്നതാണ്.
വോട്ടെടുപ്പിൽ ഒരു വോട്ടേ കിട്ടിയുള്ളൂ എങ്കിലും അത് സാക്ഷാൽ മെസിയുടെ വോട്ട് ആയതിൽ മസയ്ക്ക് അഭിമാനിക്കാം, പുരസ്കാര നേട്ടത്തോളം തന്നെ മൂല്യം ആ വോട്ടിനുണ്ട്. ഫ്രാൻസിന്റെ ഇതിഹാസ താരമായിരുന്ന റെയ്മണ്ട് കോപയുടെ ഓർമ്മയ്ക്കായി, ഫുട്ബോളിലെ 21 വയസ്സിന് താഴെയുള്ള മികച്ച യുവതാരത്തിന് 2018 മുതൽ ഫ്രാൻസ് ഫുട്ബോൾ നൽകിവരുന്ന പുരസ്കാരമാണ് കോപ ട്രോഫി.
Also Read: കൈയ്യെത്തും ദൂരെ ഒരു കുട്ടിക്കാലം! മെസി ഇന്റർ മയാമി വിടും, ലക്ഷ്യം റൊസാരിയോയിലെ ബാല്യകാല ക്ലബ്: റിപ്പോർട്ട്
ബാലൻ ഡി ഓർ ചടങ്ങിനോടൊപ്പമാണ് ഈ പുരസ്കാരവും പ്രഖ്യാപിക്കുന്നത്. ജീവിച്ചിരിക്കുന്ന, ബാലൻ ഡി ഓർ ജേതാക്കൾ മാത്രമാണ് കോപ ട്രോഫിക്കുള്ള വിജയിയെ തിരഞ്ഞെടുക്കാൻ വോട്ട് രേഖപ്പെടുത്താനാകുക. ഇത് ഈ പുരസ്കാരത്തിന്റെ മൂല്യം വർധിപ്പിക്കുന്നു. ഫ്രഞ്ച് പത്രമായ ‘എക്യീപ്പ്’ അടുത്തിടെ നടന്ന കോപ ട്രോഫിയുടെ വോട്ടിങ് ഡീറ്റെയിൽസ് ഇപ്പോൾ പുറത്തുവിട്ടിട്ടുണ്ട്.
മികച്ച മൂന്ന് താരങ്ങളെയാണ് ഒരു വോട്ടർക്ക് തിരഞ്ഞെടുക്കാനാകുക. ഇത് പ്രകാരം മെസി ബാഴ്സലോണയുടെ ലാമിൻ യമാൽ, പൗ കുബാർസി എന്നിവർക്കൊപ്പം തന്റെ മൂന്നാം വോട്ട് ഇബ്രാഹിം മസയ്ക്ക് നൽകുകയായിരുന്നു. മറ്റ് വോട്ടർമാരാരും മസയെ പരിഗണിച്ചിരുന്നില്ല. മെസ്സി നൽകിയ ആ ഒറ്റ വോട്ടിന്റെ (1 പോയിന്റ്) പിൻബലത്തിൽ മസയ്ക്ക് വോട്ടിംഗിൽ ഒമ്പതാം സ്ഥാനത്തെത്താൻ സാധിച്ചു.
ഈ വോട്ടിങ്ങിന്റെ വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെ, മെസി എന്തുകൊണ്ട് മസയ്ക്ക് വോട്ട് ചെയ്തു എന്ന നിലയ്ക്ക് ആരാധകർ അദ്ഭുതപ്പെടുന്നുണ്ട്. മസയെ തെരഞ്ഞെടുത്തതിന് പിന്നിലെ കൃത്യമായ കാരണം മെസ്സി വ്യക്തമാക്കിയിട്ടില്ലെങ്കിലും, 2026-ലെ ഫിഫ ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ അർജന്റീനയും അൾജീരിയയും ഏറ്റുമുട്ടിയപ്പോൾ മസയുടെ പ്രകടനം മെസിയെ ആകർഷിച്ചിരിക്കാമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ലാമിൻ യമാൽ ആണ് ഈ വർഷത്തെ കോപ ട്രോഫി വിജയി, തുടർച്ചയായി ഇത് മൂന്നാംവട്ടമാണ് (2024, 2025, 2026) ലാമിൻ ഈ നേട്ടം സ്വന്തമാക്കുന്നത്. അതേസമയം, ബയർ ലെവർകൂസനൊപ്പം മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഇബ്രാഹിം മസ, ലോകത്തെ മികച്ച യുവതാരത്തിനുള്ള കോപ ട്രോഫിയുടെ ചുരുക്കപ്പട്ടികയിൽ ഇടംനേടുന്ന ചരിത്രത്തിലെ ആദ്യ അൾജീരിയൻ താരമെന്ന നേട്ടം സ്വന്തമാക്കി.
English Summary
A surprising detail has emerged regarding the voting for the Kopa Trophy, an award presented to the best young player under the age of 21. In the voting process, Lionel Messi selected Ibrahim Maza-a young talent who plays for the German club Bayer Leverkusen and represents Algeria-as one of his top three choices. Messi’s vote was the only one that Maza received.