Mojtaba Khamenei: മൊജ്തബ ഖമേനിയെയും യുഎസ് കൊലപ്പെടുത്തിയോ? വ്യക്തമാക്കി മാര്‍ക്കോ റൂബിയോ
Marco Rubio Provides Fresh Update on Iran Supreme Leader Mojtaba Khamenei: ഫെബ്രുവരി 28ന് നടന്ന യുഎസ് ആക്രമണത്തിലാണ് മൊജ്തബയുടെ പിതാവും അന്നത്തെ പരമോന്നത നേതാവുമായ അലി ഖമേനി കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെ അധികാരം മൊജ്തബയിലേക്ക് എത്തുകയായിരുന്നു. അദ്ദേഹത്തെ പ്രവര്‍ത്തിക്കാന്‍ സമ്മതിക്കില്ലെന്ന് തുടക്കം മുതല്‍ക്കെ യുഎസ് പറഞ്ഞിരുന്നു.
ടെഹ്‌റാന്‍: ഇറാന്റെ പരമോന്നത നേതാവ് മൊജ്തബ ഖമേനിയെ കുറിച്ചുള്ള സുപ്രധാന വിവരം പുറത്തുവിട്ട് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ. മൊജ്തബ ഖമേനി ജീവനോടെയുണ്ടെന്നും സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നുമാണ് കഴിഞ്ഞ ദിവസം മാര്‍ക്കോ റൂബിയോ പുറംലോകത്തെ അറിയിച്ചത്. രാജ്യവുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങളില്‍ മൊജ്തബ നേരിട്ട് സജീവമായി പങ്കെടുക്കുന്നതിന്റെ സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്ന് സെനറ്റ് വിദേശകാര്യ സമിതിക്ക് മുമ്പാതെ സംസാരിച്ച റൂബിയോ വെളിപ്പെടുത്തി.
ഫെബ്രുവരി 28ന് നടന്ന യുഎസ് ആക്രമണത്തിലാണ് മൊജ്തബയുടെ പിതാവും അന്നത്തെ പരമോന്നത നേതാവുമായ അലി ഖമേനി കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെ അധികാരം മൊജ്തബയിലേക്ക് എത്തുകയായിരുന്നു. അദ്ദേഹത്തെ പ്രവര്‍ത്തിക്കാന്‍ സമ്മതിക്കില്ലെന്ന് തുടക്കം മുതല്‍ക്കെ യുഎസ് പറഞ്ഞിരുന്നു. എന്നാല്‍ പരസ്യമായി എവിടെയും വരാതിരിക്കുന്ന മൊജ്തബ നിലവില്‍ രാജ്യത്തിന്റെ ഭരണപരമായ കാര്യങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കുന്നതായാണ് വിവരം.
കരാറില്‍ പ്രതീക്ഷയുണ്ടെന്ന് റൂബിയോ
ഇറാനുമായി സംഭവിക്കാന്‍ പോകുന്ന സമാധാന കരാറില്‍ പ്രതീക്ഷയുണ്ടെന്ന് മാര്‍ക്കോ റൂബിയോ പറഞ്ഞു. ഉപരോധങ്ങള്‍ നീക്കുന്നതിനായി ഇറാന്‍ ആണവ പദ്ധതി പരിമിതപ്പെടുത്തണമെന്നും റൂബിയോ പറഞ്ഞു. കരാര്‍ വരും ദിവസങ്ങളില്‍ ഉണ്ടായേക്കാമെന്നും അദ്ദേഹം.
ഊര്‍ജ ഗതാഗതത്തെ ഗുരുതരമായി ബാധിച്ചിരിക്കുകയാണ് ഹോര്‍മുസ് കടലിടുക്കില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിരോധനം. ഇത് പിന്‍വലിച്ച് ജലപാത വീണ്ടും തുറക്കാന്‍ ഇറാന്‍ സമ്മതിക്കണം. അതുവഴി കടന്നുപോകുന്ന കപ്പലുകള്‍ക്ക് നേരെ വെടിവെപ്പ് നടത്തുന്നത് നിര്‍ത്തിവെക്കണമെന്നും റൂബിയോ ആവശ്യപ്പെട്ടു. ഇത് ചെയ്തുകഴിഞ്ഞാല്‍ ഇറാന്റെ കടലിടുക്കില്‍ സ്ഥാപിച്ചിരിക്കുന്ന മൈനുകള്‍ അമേരിക്ക നീക്കം ചെയ്യാന്‍ തയാറാകുമെന്നും അദ്ദേഹം.
കടല്‍ തീരങ്ങളെല്ലാം തുറന്നിരിക്കുകയാണ്, അവിടെ ടോള്‍ ഈടാക്കുന്നതും ഞങ്ങള്‍ അവസാനിപ്പിച്ചു, എന്ന് ഇറാന്‍ വ്യക്തമായി പ്രഖ്യാപിക്കണം. എങ്കില്‍ മാത്രമേ അവിടെ സ്ഥാപിച്ചിരിക്കുന്ന മൈനുകള്‍ ഞങ്ങള്‍ നീക്കം ചെയ്യൂ. അവര്‍ കപ്പലുകള്‍ക്ക് നേരെ വെടിവെക്കുകയും ചെയ്യരുത്. ഹോര്‍മുസ് തുറക്കുക മാത്രമല്ല യുറേനിയം സമ്പുഷ്ടീകരണം കുറയ്ക്കാനോ നിര്‍ത്തിവെക്കാനോ ഇറാന്‍ തയാറാകേണ്ടതുണ്ടെന്നും മാര്‍ക്കോ റൂബിയോ കൂട്ടിച്ചേര്‍ത്തു.
ഇറാന്‍ വളരെയധികം യുറേനിയം സമ്പുഷ്ടീകരിച്ചതുകൊണ്ടാണ് ഉപരോധം ഏര്‍പ്പെടുത്തുന്നത്. ഇറാന്റെ ആണവ പ്രവര്‍ത്തനങ്ങള്‍ വന്‍ ആപത്ത് സൃഷ്ടിക്കും. അതിനാല്‍ തന്നെ പ്രവര്‍ത്തനം ഉപേക്ഷിക്കാന്‍ അവര്‍ സമ്മതിച്ചാല്‍ എല്ലാ ഉപരോധങ്ങളിലും ഇളവ് നല്‍കുമെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി.
ഇറാന്റെ ഖേഷ്ം ദ്വീപ് ആക്രമിച്ച് യുഎസ്
ഇറാനിലെ ഖേഷ്ം ദ്വീപില്‍ സ്വയം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തി യുഎസ്. ദ്വീപിലെ ഒരു ഇറാനിയന്‍ മിലിട്ടറി ഗ്രൗണ്ട് കണ്‍ട്രോള്‍ സ്‌റ്റേഷന്‍ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് സെന്റ്‌കോം പറഞ്ഞു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.
അതേസമയം, യുഎസിന്റെ നടപടിക്ക് മറുപടി നല്‍കി ബഹ്‌റൈനിലെ യുഎസ് സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ഇറാന്‍ ആക്രമണം നടത്തി. യുഎസ് നാവിക സേനയുടെ അഞ്ചാം കപ്പല്‍പ്പടയുടെ ആസ്ഥാനവും പ്രത്യേക വ്യോമതാവളവും ആക്രമിച്ചുവെന്നാണ് ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ് പറയുന്നത്. എന്നാല്‍ ഈ അവകാശവാദം യുഎസ് നിഷേധിച്ചു. ഇറാന്‍ നിരവധി ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിച്ചു, എന്നാല്‍ അവയെല്ലാം ലക്ഷ്യസ്ഥാപനങ്ങളില്‍ എത്താതെ പരാജയപ്പെട്ടുവെന്നാണ് യുഎസ് പറയുന്നത്.
English Summary
US Secretary of State Marco Rubio has said that Mojtaba Khamenei is alive and remains active in Iran’s affairs, addressing speculation about the Iranian leader’s condition.