Ramadan 2026: റമദാൻ കാലത്ത് തടവുകാർക്ക് കുടുംബവുമായി വിഡിയോ കോൾ ചെയ്യാം; അബുദാബിയിൽ പുതിയ സമയക്രമം
Abu Dhabi Prisons Allow Video Calls: തടവുകാരുടെ മാനസിക ഉല്ലാസത്തിനും പുനരധിവാസ പ്രവർത്തനങ്ങളുടെ ഭാഗമായും നടപ്പിലാക്കുന്ന ഈ പദ്ധതി മലയാളി തടവുകാർക്കും ഏറെ ആശ്വാസകരമാകും.
അബുദാബി: റമദാൻ മാസത്തിൽ അബുദാബിയിലെ ജയിലുകളിൽ കഴിയുന്നവർക്ക് കുടുംബാംഗങ്ങളുമായി ആശയവിനിമയം നടത്താൻ പ്രത്യേക വിഡിയോ കോളിംഗ് സൗകര്യം ഒരുക്കി അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്‌മെന്റ്. നാഫിദതി എന്ന സ്മാർട് ആപ്ലിക്കേഷൻ വഴിയാണ് തടവുകാർക്ക് തങ്ങളുടെ പ്രിയപ്പെട്ടവരുമായി സംസാരിക്കാൻ അവസരം ലഭിക്കുക.
വിഡിയോ കോൾ സമയക്രമം
റമസാൻ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ സമയക്രമത്തിൽ വ്യത്യാസമുണ്ട്. തിങ്കൾ മുതൽ വ്യാഴം വരെ ഉച്ചയ്ക്ക് 2:00 മുതൽ വൈകിട്ട് 4:00 വരെയാണ് സമയം. വെള്ളിയാഴ്ചകളിൽ രാവിലെ 9:30 മുതൽ 11:30 വരെ ഈ സമയം എംബസികൾക്കും അഭിഭാഷകർക്കുമായി നീക്കിവച്ചിട്ടുണ്ട്.
അപേക്ഷിക്കേണ്ട വിധം
- തടവുകാരുടെ കുടുംബാംഗങ്ങൾക്ക് വിഡിയോ കോളിനായി ഓൺലൈനായി മുൻകൂട്ടി അപേക്ഷിക്കാം.
- അബുദാബി സർക്കാർ സേവന പ്ലാറ്റ്‌ഫോമായ ‘താം’ വഴിയോ അബുദാബി പൊലീസിന്റെ വെബ്സൈറ്റ് വഴിയോ അപേക്ഷ സമർപ്പിക്കാം.
- ഇൻമേറ്റ് വിസിറ്റ് എന്ന സേവനത്തിന് കീഴിലാണ് അപേക്ഷ നൽകേണ്ടത്.
- അപേക്ഷ അംഗീകരിക്കപ്പെട്ടാൽ വിഡിയോ കോൾ ചെയ്യേണ്ട കൃത്യമായ സമയം വ്യക്തമാക്കുന്ന എസ്എംഎസ് സന്ദേശം ലഭിക്കും.
തടവുകാരുടെ മാനസിക ഉല്ലാസത്തിനും പുനരധിവാസ പ്രവർത്തനങ്ങളുടെ ഭാഗമായും നടപ്പിലാക്കുന്ന ഈ പദ്ധതി മലയാളി തടവുകാർക്കും ഏറെ ആശ്വാസകരമാകും. ഡിജിറ്റൽ സംവിധാനത്തിലൂടെ കുടുംബവുമായുള്ള ബന്ധം നിലനിർത്തുന്നത് ഇവരെ സമൂഹത്തിലേക്ക് തിരികെ വരാൻ പ്രേരിപ്പിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.