മിസൈൽ പതിച്ചത് പാസഞ്ചർ ടെർമിനലിൽ; റിയാദ് വിമാനത്താവളത്തിൽ വീണ്ടും ആക്രമണം
Multiple Injured as Missile Hits Riyadh Airport; Flights Diverted and Operations Suspended: സൗദി വ്യോമാതിർത്തി വഴി സർവീസ് നടത്തുന്ന വിമാനക്കമ്പനികൾക്ക് ഹൂതികൾ കഴിഞ്ഞ ദിവസം അന്തിമ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെ എയർ ഇന്ത്യ, ഫ്ലൈദുബായ്, ലുഫ്താൻസ, പാകിസ്ഥാൻ ഇൻ്റർനാഷ്ണൽ എയർലൈൻസ് തുടങ്ങിയ വിമാനക്കമ്പനികളെല്ലാം റിയാദിലേക്കും മറ്റു സൗദി വിമാനത്താവളങ്ങളിലേക്കുമുള്ള സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്

പ്രതീകാത്മക ചിത്രം
റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം. ശനിയാഴ്ച നടന്ന ശക്തമായ മിസൈൽ ആക്രമണത്തെ തുടർന്ന് യാത്രക്കാരെയും ജീവനക്കാരെയും വിമാനത്താവളത്തിൽ നിന്നും അടിയന്തരമായി ഒഴിപ്പിച്ചു. വിമാനത്താവളത്തിലെ പാസഞ്ചർ ടെർമിനലിലാണ് മിസൈൽ വന്ന് പതിച്ചത് എന്നും നിരവധി പേർക്ക് പരിക്കേറ്റതായും ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തിന് പിന്നാലെ നിരവധി ആംബുലൻസുകൾ വിമാനത്തവളത്തിലേക്ക് പാഞ്ഞെത്തുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ഒരു പൈലറ്റ് ഉൾപ്പടെ മൂന്ന് സൗദി പൗരന്മാർ കൊല്ലപ്പെട്ട് ദിവസങ്ങൾക്ക് ശേഷമാണ് വിണ്ടും ആക്രമണം ഉണ്ടായിരിക്കുന്നത്. ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൻ്റെ പ്രവർത്തനം പൂർണമായും നിർത്തിവച്ചു. റിയാദിലേക്കുള്ള വിമാനങ്ങൾ മറ്റു വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിട്ടതായി ഫ്ലൈറ്റ് റഡാർ 24 റിപ്പോർട്ട് ചെയ്തു. കുവൈത്ത് എയർവേസ് ഉൾപ്പെടെയുള്ള കമ്പനികൾ സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. വിമാനങ്ങളുടെ സമയക്രമത്തിൽ മാറ്റം വരുത്തിയിട്ടുണ്ടോ എന്നത് വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപായി ഉറപ്പാക്കണം എന്ന് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.
Also Read: Panama Earthquake: പാനമയെ പിടിച്ചുലച്ച് രണ്ടാമത്തെ ഭൂചലനം; ആദ്യ ഭൂചലനത്തിൽ വ്യാപക നാശം
യമനിലെ ഹൂതി വിമതർക്കെതിരെ സൗദി സഖ്യസേന സൈനിക നടപടി ആരംഭിച്ചതിന് ശേഷം റിയാദിലെ വിമാനത്താവളത്തിന് നേരെ തുടർച്ചയായി ആക്രമണങ്ങൾ ഉണ്ടാകുന്നുണ്ട്.. നേരത്തെ നടന്ന ആക്രമണങ്ങളുടെ ഉത്തരവദിത്തം ഹൂതികൾ ഏറ്റെടുത്തിരുന്നു. ബുധനാഴ്ച നടന്ന ആക്രമണത്തിൽ ഒരു സുഡാനി പൗരൻ കൊല്ലപ്പെട്ടിരുന്നു. എന്നാൽ ശനിയാഴ്ച നടന്ന ആക്രമണത്തെ കുറിച്ച് ഹൂതികൾ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
സൗദി വ്യോമാതിർത്തി വഴി സർവീസ് നടത്തുന്ന വിമാനക്കമ്പനികൾക്ക് ഹൂതികൾ കഴിഞ്ഞ ദിവസം അന്തിമ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെ എയർ ഇന്ത്യ, ഫ്ലൈദുബായ്, ലുഫ്താൻസ, പാകിസ്ഥാൻ ഇൻ്റർനാഷ്ണൽ എയർലൈൻസ് തുടങ്ങിയ വിമാനക്കമ്പനികളെല്ലാം റിയാദിലേക്കും മറ്റു സൗദി വിമാനത്താവളങ്ങളിലേക്കുമുള്ള സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. വ്യാഴാഴ്ച നടന്ന ആക്രമണത്തിൽ റൺവേയിലുണ്ടായിരുന്ന സൗദിയ എയർലൈൻസിൻ്റെ ഒരു വിമാനത്തിന് കേടുപാടുകൾ സംഭവിച്ചിരുന്നു എങ്കിലും വിമാനത്തിൽ യാത്രക്കാർ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. യെമൻ സർക്കാരും ഹൂതി വിമതരും തമ്മിലുള്ള സംഘർഷം ചെങ്കടൽ മേഖലയിൽ കൂടുതൽ രൂക്ഷമായിരിക്കുകയാണ്. ചെങ്കടൽ വഴിയുള്ള കപ്പൽ ഗതാഗതത്തിന് ഇത് കനത്ത ഭീഷണിയാണ് സൃഷ്ടിക്കുന്നത്.
English Summary
A missile struck the passenger terminal at Riyadh’s King Khalid International Airport, injuring several people and prompting an immediate evacuation. Consequently, major airlines suspended operations amid escalating Houthi rebel threats.