Kerala Rain Alert: ഉച്ചകഴിഞ്ഞ് മാനം കറുക്കും, മഴ പെയ്യും; മുന്നറിയിപ്പില്‍ മാറ്റം; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Heavy Rain Alert in Kerala: കേരളത്തില്‍ ഇന്ന് ഉച്ചകഴിഞ്ഞ് മിക്ക ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. ഒമ്പത് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത.
കേരളത്തില്‍ ഇന്ന് (നവംബര്‍ 25) ഉച്ചകഴിഞ്ഞ് മിക്ക ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. ഒമ്പത് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്. തൃശൂര്‍, പാലക്കാട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്. നാളെയും (നവംബര്‍ 26) മറ്റന്നാളും ഏഴ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് മുന്നറിയിപ്പ്. മറ്റ് ജില്ലകളില്‍ മിതമായ മഴയ്ക്ക് സാധ്യതയുണ്ട്.
28, 29 തീയതികളില്‍ ഒരു ജില്ലയിലും യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടില്ല. എന്നാല്‍ എല്ലാ ജില്ലയിലും മിതമായ തോതില്‍ മഴ പ്രതീക്ഷിക്കുന്നു. ഇന്ന് മുതല്‍ നവംബര്‍ 27 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും, മണിക്കൂറില്‍ 30-40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
ജാഗ്രത പാലിക്കണം
ഇടിമിന്നലിനു സാധ്യതയുള്ളതിനാല്‍ ജനം ജാഗ്രത പാലിക്കണം. മിന്നലിന്റെ തുടക്ക ലക്ഷണങ്ങള്‍ കാണുമ്പോള്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് ഉടന്‍ മാറേണ്ടതാണ്. തുറസായ സ്ഥലങ്ങളില്‍ തുടരുന്നത് അപകടസാധ്യത വര്‍ധിപ്പിക്കും.
മിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളപ്പോള്‍ വാതിലും ജനലും അടച്ചിടാന്‍ മറക്കരുത്. അതുപോലെ, വാതിലിനും ജനലിനും അടുത്ത് നില്‍ക്കാനും പാടില്ല. കെട്ടിടനത്തിനകത്ത് തന്നെ ഇരിക്കുക. എന്നാല്‍ തറയിലോ ഭിത്തിയിലോ തൊടാതിരിക്കാന്‍ പരമാവധി ശ്രമിക്കണം. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കണം. ഇടിമിന്നലുള്ളപ്പോള്‍ വൈദ്യുതോപകരണങ്ങളുമായുള്ള സാമിപ്യം അരുത്. ഇത്തരം സമയങ്ങളില്‍ ടെലഫോണ്‍ ഉപയോഗിക്കാനും പാടില്ല.
ശബരിമലയില്‍ മുന്നറിയിപ്പ്
ശബരിമല സ്ഥിതി ചെയ്യുന്ന പത്തനംതിട്ട ജില്ലയില്‍ കനത്ത മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. 24 മണിക്കൂറില്‍ 7-11 സെന്റി മീറ്റര്‍ മഴയ്ക്ക് സാധ്യതയുണ്ട്. ഇടിമിന്നല്‍ മുന്നറിയിപ്പും നിലനില്‍ക്കുന്നു. നവംബര്‍ 27 വരെ സന്നിധാനത്തും, പമ്പയിലും, നിലക്കലും ആകാശം പൊതുവെ മേഘാവൃതമായിരിക്കും. ഏതാനും തവണ നേരിയതോ മിതമായതോ (മണിക്കൂറില്‍ രണ്ട് സെന്റിമീറ്റര്‍ വരെ) ആയ മഴയ്‌ക്കോ, ഇടിമിന്നലോടുകൂടിയ മഴയ്‌ക്കോ സാധ്യതയുണ്ട്.
English Summary
Isolated heavy rain is likely across several parts of Kerala this afternoon. The IMD has issued a yellow alert for nine districts today, including Thiruvananthapuram, Ernakulam, and Kozhikode. Seven southern and central districts will remain under a yellow alert tomorrow and the day after. No warnings are issued for November 28 and 29, though moderate rainfall is expected statewide.