Jensen Huang: “തെറ്റുപറ്റി, ഇപ്പോൾ തെറാപ്പിക്ക് വിധേയനാകുന്നു”; എൻവിഡിയ ജീവനക്കാരോട് മാപ്പ് പറഞ്ഞ് ജെൻസൻ ഹുവാങ്
Jensen Huang Denies Trump Pressured Nvidia Board for His Return: തിങ്കളാഴ്ച ഓഫീസിൽ തിരിച്ചെത്തിയ ഹുവാങ്ങിനെ ജീവനക്കാർ കയ്യടികളോടെയും ആർപ്പുവിളികളോടെയുമാണ് സ്വീകരിച്ചത്. കെട്ടിടത്തിൻ്റെ പ്രവേശന കവാടത്തിൽ വെച്ച് ജീവനക്കാരെ അഭിസംബോധന ചെയ്ത അദ്ദേഹം, ഇനി കൂടുതൽ മികച്ച രീതിയിൽ പ്രവർത്തിക്കുമെന്ന് ഉറപ്പുനൽകി
കാലിഫോർണിയ: അപ്രതീക്ഷിതമായി എൻവിഡിയ സി.ഇ.ഒ സ്ഥാനത്തേക്ക് തിരിച്ചെത്തിയതിന് പിന്നാലെ ജീവനക്കാരോട് പരസ്യമായി മാപ്പ് പറഞ്ഞ് ജെൻസൻ ഹുവാങ്. തനിക്ക് വലിയ തെറ്റുകൾ സംഭവിച്ചതായും നിലവിൽ തെറാപ്പിക്ക് വിധേയനാകുന്നുണ്ടെന്നും ചൊവ്വാഴ്ച നടന്ന യോഗത്തിൽ അദ്ദേഹം വെളിപ്പെടുത്തി. അതേസമയം, ഹുവാങ്ങിൻ്റെ തിരിച്ചുവരവിനെത്തുടർന്ന് തിങ്കളാഴ്ച കുതിച്ചുയർന്ന എൻവിഡിയയുടെ ഓഹരികൾ ചൊവ്വാഴ്ച ഇടിഞ്ഞു. ഹുവാങ് നേരിടുന്ന അന്വേഷണങ്ങളും എ.ഐ നിക്ഷേപ മേഖലയുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കകളുമാണ് വിപണിയിലെ ഇടിവിന് കാരണമായി വിലയിരുത്തപ്പെടുന്നത്.
കാലിഫോർണിയയിലെ സാന്താ ക്ലാരയിലുള്ള കമ്പനി ആസ്ഥാനത്ത് ഒരു മണിക്കൂർ നീണ്ട ജീവനക്കാരുടെ യോഗത്തിലാണ് ഹുവാങ് മനസ്സുതുറന്നത്. ‘ദി ന്യൂയോർക്ക് ടൈംസ്’ ആണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്. താൻ കൂടി ചേർന്ന് തയ്യാറാക്കിയ കമ്പനിയുടെ പെരുമാറ്റച്ചട്ടം ലംഘിച്ചത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം ജീവനക്കാരോട് സമ്മതിച്ചു. തിങ്കളാഴ്ച ഓഫീസിൽ തിരിച്ചെത്തിയ ഹുവാങ്ങിനെ ജീവനക്കാർ കയ്യടികളോടെയും ആർപ്പുവിളികളോടെയുമാണ് സ്വീകരിച്ചത്. കെട്ടിടത്തിൻ്റെ പ്രവേശന കവാടത്തിൽ വെച്ച് ജീവനക്കാരെ അഭിസംബോധന ചെയ്ത അദ്ദേഹം, ഇനി കൂടുതൽ മികച്ച രീതിയിൽ പ്രവർത്തിക്കുമെന്ന് ഉറപ്പുനൽകി.
തൻ്റെ തിരിച്ചുവരവിന് പിന്നിൽ യു.എസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ സമ്മർദ്ദമാണെന്ന വാദങ്ങൾ ഹുവാങ് തള്ളി. താനൊരു ‘ടെക് ബ്രോ’ ആയതുകൊണ്ടോ നിയമത്തിന് അതീതനായതുകൊണ്ടോ ഉന്നത സർക്കാർ ഉദ്യോഗസ്ഥരുടെ സമ്മർദ്ദം കൊണ്ടോ അല്ല ഈ തീരുമാനമെന്ന് ഹുവാങ് വ്യക്തമാക്കി. ലഭ്യമായ തെളിവുകൾ പരിശോധിച്ച ശേഷമാണ് ബോർഡ് തന്നെ തിരിച്ചെടുത്തതെന്നും, തൻ്റെ മടങ്ങിവരവ് രാജ്യസുരക്ഷയ്ക്ക് യാതൊരു ഭീഷണിയുമില്ലെന്ന് ബോർഡിന് ഉറപ്പ് ലഭിച്ചിട്ടുണ്ടെന്നും ഹുവാങ് ജീവനക്കാരോട് പറഞ്ഞു.
എന്നാൽ, ഹുവാങ്ങിൻ്റെ തിരിച്ചുവരവിനായി താൻ ഡയറക്ടർമാരുമായി സംസാരിക്കുകയും അവരെ കാര്യങ്ങൾ ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നതായി സി.എൻ.ബി.സിക്ക് നൽകിയ അഭിമുഖത്തിൽ ഡൊണാൾഡ് ട്രംപ് വെളിപ്പെടുത്തിയിരുന്നു. കീഴുദ്യോഗസ്ഥയുമായും, ചൈനീസ് ഇൻ്റലിജൻസുമായി ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്ന മറ്റൊരു സ്ത്രീയുമായും ഉണ്ടായിരുന്ന ബന്ധങ്ങൾ പുറത്തുവന്നതിനെത്തുടർന്നാണ് രണ്ടാഴ്ച മുൻപ് ഹുവാങ് സി.ഇ.ഒ സ്ഥാനം ഒഴിഞ്ഞത്. എന്നാൽ തിങ്കളാഴ്ച എൻവിഡിയ ബോർഡ് അദ്ദേഹത്തെ തിരികെ നിയമിക്കുകയായിരുന്നു. ഹുവാങ്ങിൻ്റെ അഭാവത്തിലും കമ്പനിക്ക് മികച്ച പ്രകടനം തുടരാനാകുമെന്ന് ജീവനക്കാർക്കും നിക്ഷേപകർക്കും ഉന്നത നേതൃത്വം കഴിഞ്ഞ ആഴ്ച ഉറപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഹുവാങ്ങിൻ്റെ മടങ്ങിവരവ്.
English Summary
Reinstated Nvidia CEO Jensen Huang apologized to staff, revealed he is in therapy, and denied Trump’s pressure for his return as Nvidia shares fell 6% amid governance doubts.