കടിച്ച പാമ്പിനെക്കൊണ്ട് വിഷമിറക്കിക്കുക എന്ന് പറഞ്ഞത് വെറുതേയല്ല! വിഷപ്പാമ്പിൽ നിന്ന് പുതിയ ആന്റിവെനം
new antivenom using protein in snake blood: പാമ്പിൻ വിഷത്തിനെതിരേയുള്ള ചികിത്സയിൽ നിർണായക വഴിത്തിരിവാകുന്ന കണ്ടുപിടുത്തവുമായി മേരിലാൻഡ് സർവകലാശാലയിലെ ഗവേഷകർ. പാമ്പിന്റെ രക്തത്തിൽ നിന്നുള്ള ചില പ്രോട്ടീനുകൾ ഉപയോഗിച്ചുകൊണ്ട് കൂടുതൽ സുരക്ഷിതമായ ആന്റിവെനം നിർമ്മിക്കാൻ സാധിക്കും എന്ന വിപ്ലവകരമായ കണ്ടുപിടുത്തമാണ് പ്രൊഫസറും പ്രമുഖ ജീവശാസ്ത്രജ്ഞനുമായ ഡോ. ഷോൺ കരോളിന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘം നടത്തിയിരിക്കുന്നത്.
വാഷിങ്ടൺ: പാമ്പിൻ വിഷത്തിനെതിരേയുള്ള ചികിത്സയിൽ നിർണായക വഴിത്തിരിവാകുന്ന കണ്ടുപിടുത്തവുമായി
മേരിലാൻഡ് സർവകലാശാലയിലെ ഗവേഷകർ രംഗത്ത്. പാമ്പിന്റെ രക്തത്തിൽ നിന്നുള്ള ചില പ്രോട്ടീനുകൾ ഉപയോഗിച്ചുകൊണ്ട് കൂടുതൽ സുരക്ഷിതമായ ആന്റിവെനം നിർമ്മിക്കാൻ സാധിക്കും എന്ന വിപ്ലവകരമായ കണ്ടുപിടുത്തമാണ് യൂണിവേഴ്സിറ്റി ഓഫ് മേരിലാൻഡിലെ പ്രൊഫസറും പ്രമുഖ ജീവശാസ്ത്രജ്ഞനുമായ ഡോ. ഷോൺ കരോളിന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘം നടത്തിയിരിക്കുന്നത്. പാമ്പിൻ വിഷം മറ്റുള്ളവർക്ക് അപകടകരമാകുമ്പോഴും പാമ്പുകൾക്ക് അവ അപകടമാകുന്നില്ല. അത് എന്തുകൊണ്ട് എന്ന വർഷങ്ങളായുള്ള ചോദ്യത്തിന്റെ പിന്നാലെയുള്ള സഞ്ചാരമാണ് ഈ നിർണായക കണ്ടുപിടുത്തത്തിലേക്ക് ശാസ്ത്രജ്ഞരെ എത്തിച്ചിരിക്കുന്നത്.
വിഷപ്പാമ്പുകളുടെ രക്തത്തിൽ സ്വന്തം വിഷബാധയെ തടയാൻ ശേഷിയുള്ള പ്രകൃതിദത്ത പ്രതിരോധ സംവിധാനമുണ്ട്. അതായത് സ്വന്തം വിഷം ശരീരത്തിലെത്തിയാൽ പാമ്പുകൾക്ക് ഒന്നും സംഭവിക്കാത്തതിന് കാരണം അവയുടെ രക്തത്തിൽ അടങ്ങിയിരിക്കുന്ന പ്രത്യേക പ്രോട്ടീനുകളാണ് (Serum Proteins). ഈ പ്രോട്ടീനുകൾ വിഷത്തിലെ മാരകമായ ഘടകങ്ങളെ കണ്ടുപിടിച്ച് നിർവീര്യമാക്കുന്നു.
Also Read: തൃക്കടവൂർ ശിവരാജുവിന്റെ മൂന്നാം പാപ്പാൻ കുത്തേറ്റ് മരിച്ചു; ഒരാൾ കസ്റ്റഡിയിൽ
ഇത് സംബന്ധിച്ച് പഠനം നടത്തിയ ഗവേഷക സംഘം പാമ്പിന്റെ വിഷത്തിൽ രക്തസ്രാവത്തിനും കോശങ്ങളുടെ നാശത്തിനും കാരണമാകുന്ന ‘മെറ്റലോപ്രോട്ടീനേസുകൾ’ (Metalloproteinases – MPs) എന്ന രാസാഗ്നികളെ (Enzymes) നിർവീര്യമാക്കാൻ അവയുടെ രക്തത്തിലെ പ്രോട്ടീനുകൾക്ക് സാധിക്കും എന്നാണ് കണ്ടെത്തിയിരിക്കുന്നത്. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ, ഡോ. കരോളിന്റെ ലാബിൽ നടത്തിയ പരീക്ഷണങ്ങളിൽ, പാമ്പിന്റെ രക്തത്തിലുള്ള ‘FETUA-2’, ‘FETUA-3’ എന്നീ രണ്ട് പ്രോട്ടീനുകൾ ഒരുമിച്ച് ചേരുമ്പോൾ വിഷത്തിനെതിരെ പൂർണ്ണ പ്രതിരോധം സൃഷ്ടിക്കപ്പെടുന്നതായി കണ്ടെത്തി.
നിലവിൽ കുതിര, ആട് തുടങ്ങിയ മൃഗങ്ങളിൽ പാമ്പുവിഷം ചെറിയ അളവിൽ കുത്തിവെച്ച് നിർമ്മിക്കുന്ന ആന്റിവെനുകളാണ് പ്രധാനമായും ഉപയോഗത്തിലുള്ളത്. എന്നാൽ ഇവ ചില മനുഷ്യരിൽ കടുത്ത അലർജിക്കും പാർശ്വഫലങ്ങൾക്കും കാരണമാകാറുണ്ട്. എന്നാൽ പുതിയ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ പാമ്പുകളുടെ രക്തത്തിലെ സ്വാഭാവിക പ്രോട്ടീനുകളെ ആസ്പദമാക്കി മരുന്ന് വികസിപ്പിക്കുന്നത് കൂടുതൽ സുരക്ഷിതമായ ആന്റിവെനുകൾ നിർമ്മിക്കാൻ സഹായിക്കും എന്ന് വിലയിരുത്തപ്പെടുന്നു.
പാമ്പിന്റെ രക്തത്തിൽ നിന്നുള്ള ഈ പ്രോട്ടീൻ മിശ്രിതം കുതിരകളിലും ആടുകളിലും വിഷം കുത്തിവെച്ച് നിർമ്മിക്കുന്ന നിലവിലെ ആന്റിവെനങ്ങളേക്കാൾ പത്തിരട്ടി ശേഷിയുള്ളതാണ്. വിഷബാധയേറ്റ എലികളിൽ നടത്തിയ പരീക്ഷണത്തിൽ, ഈ രണ്ട് പ്രോട്ടീനുകളുടെ മിശ്രിതം നൽകിയപ്പോൾ വിഷത്തിന്റെ പ്രവർത്തനം പൂർണ്ണമായും നിലയ്ക്കുകയും എലികൾ ജീവൻ വീണ്ടെടുക്കുകയും ചെയ്തു എന്ന് ഗവേഷകർ പറയുന്നു.
നിലവിൽ കുതിര, ആട് തുടങ്ങിയ മൃഗങ്ങളിൽ വിഷം ചെറിയ അളവിൽ നൽകി ആന്റിവെനം സൃഷ്ടിച്ചെടുക്കുന്ന രീതി ഏറെ ചിലവേറിയതാണ്. മാത്രമല്ല ഇതിന് പാർശ്വഫലങ്ങൾക്കും അലർജികൾക്കും സാധ്യതയേറെയാണ്. ഓരോ ബാച്ചിലെയും മരുന്നിന്റെ വീര്യത്തിൽ വ്യത്യാസങ്ങൾ വരാം. എന്നാൽ പാമ്പുകളുടെ രക്തത്തിലെ പ്രോട്ടീൻ ഘടന അടിസ്ഥാനമാക്കി ലാബുകളിൽ കൃത്രിമമായി ഈ പ്രതിരോധ പ്രോട്ടീനുകൾ നിർമ്മിച്ചെടുക്കാൻ സാധിച്ചാൽ കുറഞ്ഞ ചെലവിൽ, കൂടുതൽ സുരക്ഷിതമായി, വൻതോതിൽ ഫലപ്രദമായ ആന്റിവെനം ഉത്പാദിപ്പിക്കാൻ സാധിക്കും.
നിലവിൽ ചിലയിനം പാമ്പുകളുടെ വിഷത്തിന് എതിരേ ആന്റിവെനം സുലഭവുമല്ല. എന്നാൽ പുതിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ ആന്റിവെനം വികസിപ്പിക്കാൻ കഴിഞ്ഞാൽ കൂടുതൽ കാര്യക്ഷമവും കുറഞ്ഞ ചെലവിലുള്ളതുമായ ‘സാർവത്രിക ആന്റിവെനം’ (Universal Antivenom) ലഭ്യമാകുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ. മേരിലാൻഡിലെ ഗവേഷകരുടെ ഈ കണ്ടെത്തലുകൾ പ്രശസ്ത ശാസ്ത്ര മാസികയായ ‘പി.എൻ.എ.എസ്’ (PNAS – Proceedings of the National Academy of Sciences) ലാണ് പ്രസിദ്ധീകരിച്ചത്.
“100 വർഷമായി അണലികൾ സ്വന്തം വിഷത്തെ പ്രതിരോധിക്കുമെന്ന് ഞങ്ങൾക്കറിയാം, എന്നാൽ വളരെക്കാലമായി, അവരുടെ രക്തത്തിൽ എന്താണ് അവരെ സംരക്ഷിക്കുന്നതെന്ന് കൃത്യമായി ആർക്കും അറിയില്ലായിരുന്നു. ആകസ്മികമായ സ്വയം വിഷബാധയിൽ നിന്ന് പാമ്പുകൾക്ക് സ്വയം സംരക്ഷിക്കാനുള്ള പരിണാമത്തിന്റെ വഴി ഇതാ,” എന്ന് പഠനത്തിന് നേതൃത്വം നൽകിയ കരോളിൻ പറയുന്നു. “പ്രകൃതി പാമ്പിൽ തന്നെ ഫലപ്രദമായ ഒരു മറുമരുന്ന് പാക്കേജ് ചെയ്തിരിക്കുമ്പോൾ എന്തിനാണ് കുതിര ആന്റിബോഡികളെ ആശ്രയിക്കുന്നത്?” എന്ന് അവർ ചോദിച്ചു.
ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം പ്രതിവർഷം 1,00,000-ത്തിലധികം ആളുകൾ പാമ്പുകടിയേറ്റ് മരിക്കുകയും ദശലക്ഷക്കണക്കിന് ആളുകൾക്ക് വൈകല്യങ്ങൾ സംഭവിക്കുകയും ചെയ്യുന്നുണ്ട്. ഇന്ത്യ ഉൾപ്പെടെയുള്ള ഏഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങളിൽ വിഷപാമ്പുകളുടെ വകഭേദങ്ങൾ മൂലം നിലവിലെ ആന്റിവെനം ഫലിക്കാതെ വരാറുമുണ്ട്. പുതിയ കണ്ടെത്തൽ സാർവത്രിക ആന്റിവെനം വികസിപ്പിക്കാൻ വഴിയൊരുക്കുന്നതിലൂടെ പാമ്പിൻ വിഷംകൊണ്ടുള്ള അപകടങ്ങൾ കൂടുതൽ ഫലപ്രദമായി തടയാനാകും.
English Summary
A team of researchers led by Dr. Sean Carroll, a professor and leading biologist at the University of Maryland, has found that using certain proteins from snake blood can produce a safer antivenom. The study was published in the prestigious scientific journal ‘PNAS – Proceedings of the National Academy of Sciences’. The study found that when two proteins in snake blood, ‘FETUA-2’ and ‘FETUA-3’, come together, they create complete immunity against the venom.